ഇസ്രായേലിന്റെ ചാരസംഘടനയായ മൊസാദിന് വേണ്ടി പ്രവർത്തിച്ച കൗറൂഷ് കീവാനി എന്നയാളെ ഇറാൻ വധശിക്ഷയ്ക്ക് വിധേയമാക്കി. 

ദില്ലി: ഇസ്രായേലിനുവേണ്ടി ചാരവൃത്തി നടത്തിയതിന് ഒരാളെ ഇറാനിയൻ അധികൃതർ വധി ശിക്ഷക്ക് വിധേയമാക്കിയതായി റിപ്പോർട്ട്. രാജ്യത്തിന്റെ സെൻസിറ്റീവ് സ്ഥലങ്ങളെക്കുറിച്ചുള്ള ചിത്രങ്ങളും വിവരങ്ങളും മൊസാദ് ഉദ്യോഗസ്ഥർക്ക് നൽകിയിരുന്ന സയണിസ്റ്റ് ഭരണകൂടത്തിന്റെ ചാരന്റെ വധശിക്ഷ ഇന്ന് രാവിലെ നടപ്പിലാക്കിയെന്ന് ഇറാനിയൻ ജുഡീഷ്യറിയുടെ മിസാൻ ഓൺലൈൻ വെബ്‌സൈറ്റ് പറയുന്നു. കൗറൂഷ് കീവാനി എന്നയാളെയാണ് വധിച്ചത്. കഴിഞ്ഞ ജൂണിൽ ഇറാനും ഇസ്രായേലും തമ്മിലുള്ള 12 ദിവസത്തെ യുദ്ധത്തിനിടെയാണ് അദ്ദേഹത്തെ അറസ്റ്റ് ചെയ്തതെന്ന് പറയുന്നു. ഇസ്രായേലിന്റെ മൊസാദ് ചാര ഏജൻസിയിലെ ഏജന്റുമാരുമായുള്ള ഇയാളുടെ കൂടിക്കാഴ്ചകളുടെ വിശദാംശങ്ങൾ പട്ടികപ്പെടുത്തി. കൂടാതെ ആറ് യൂറോപ്യൻ രാജ്യങ്ങളിലും ടെൽ അവീവിലും പരിശീലനം നേടിയതായും പറയുന്നു.

യുദ്ധം മൂന്നാം ആഴ്ചയിലേക്ക് കടന്നതോടെ ഹോർമുസ് കടലിടുക്ക് തുറക്കുന്നതിനായി ജലപാതയ്ക്ക് സമീപമുള്ള ഇറാനിയൻ മിസൈൽ കേന്ദ്രങ്ങൾ യുഎസ് ആക്രമിച്ചതായി സൈന്യം അറിയിച്ചു. അമേരിക്കയുടെ കൈവശമുള്ള ഏറ്റവും ശക്തമായ ബോംബുകൾ ഉപയോഗിച്ചാണ് ആക്രമിച്ചതെന്നും സൈന്യം പറഞ്ഞു. ഹോർമുസ് കടലിടുക്കിനടുത്തുള്ള ഇറാന്റെ തീരപ്രദേശത്തുള്ള ഇറാനിയൻ മിസൈൽ കേന്ദ്രങ്ങളിൽ 5,000 പൗണ്ട് ഭാരമുള്ള ഒന്നിലധികം പെനട്രേറ്റർ ബോംബുകൾ പ്രയോഗിച്ചതായി യുഎസ് സെൻട്രൽ കമാൻഡ് പ്രഖ്യാപിച്ചു. ഈ സ്ഥലങ്ങളിലെ ഇറാനിയൻ കപ്പൽവേധ ക്രൂയിസ് മിസൈലുകൾ കടലിടുക്കിലെ അന്താരാഷ്ട്ര കപ്പലോട്ടത്തിന് ഭീഷണി ഉയർത്തിയതിനാലാണ് ആക്രമണം നടത്തിയതെന്നും യുഎസ് അറിയിച്ചു.

യുഎസ്-ഇസ്രായേൽ ആക്രമണത്തിന് പിന്നാലെ, ലോകത്തിലെ എണ്ണയുടെ അഞ്ചിലൊന്ന് കടത്തുന്ന ഹോർമുസ് കടലിടുക്ക് ഇറാൻ അടച്ചിരുന്നു. കടലിടുക്ക് തുറക്കാൻ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്, നാറ്റോ അടക്കമുള്ള രാജ്യങ്ങളുടെ സഹായം തേടിയിരുന്നു. എന്നാൽ, മിക്ക രാജ്യങ്ങളും നിരസിച്ചു. തുടർന്നാണ് യുഎസ് ആക്രമണം. ലോകം തന്റെ ശ്രമങ്ങളെ വിലമതിക്കുന്നില്ലെങ്കിലും, ലോകത്തിന്റെ നന്മയ്ക്കുവേണ്ടിയാണ് താൻ യുദ്ധം നടത്തുന്നതെന്നും ട്രംപ് പറഞ്ഞു. നാറ്റോയെ ഇത്രയധികം സഹായിച്ചിട്ടും യുഎസിന് പിന്തുണ ലഭിക്കുന്നില്ലെന്ന് അദ്ദേഹം രോഷം പ്രകടിപ്പിച്ചു. ഇറാൻ ആണവായുധം നേടുന്നത് തടയേണ്ടത് സഖ്യകക്ഷികളുടെ താൽപ്പര്യമാണെന്നും അദ്ദേഹം പറഞ്ഞു.