ഇറാൻ്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനെയി കൊല്ലപ്പെട്ട സംഭവത്തിൽ വെളിപ്പെടുത്തലുമായി ഇറാൻ്റെ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി. ഖമനെയി കൊല്ലപ്പെടുമ്പോൾ സംഭവസ്ഥലത്ത് താനും ഉണ്ടായിരുന്നതായി അബ്ബാസ് അരാഗ്ചി പറഞ്ഞു.
ടെഹ്രാൻ: ഇറാൻ്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനെയി കൊല്ലപ്പെടുമ്പോൾ സംഭവസ്ഥലത്ത് താനും ഉണ്ടായിരുന്നുവെന്ന വെളിപ്പെടുത്തലുമായി ഇറാൻ്റെ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി. ആക്രണത്തിൽ തകർന്ന കെട്ടിടത്തിൻ്റെ അവശിഷ്ടങ്ങൾക്കടിയിൽനിന്ന് പുറത്തേക്ക് വരുമ്പോൾ തൻ്റെ മുഴുവൻ ചിന്തയും ഖമനെയിയുടെ അവസ്ഥയെക്കുറിച്ചായിരുന്നുവെന്ന് അബ്ബാസ് അരാഗ്ചി പറഞ്ഞു. ലെബനൻ കേന്ദ്രീകരിച്ചുള്ള അൽ മയദീൻ ടെലിവിഷന് നൽകിയ അഭിമുഖത്തിലാണ് അബ്ബാസ് അരാഗ്ചിയുടെ വെളിപ്പെടുത്തൽ. യുഎസും ഇസ്രായേലും സംയുക്തമായി നടത്തിയ വ്യോമാക്രമണത്തിലാണ് ആയത്തുള്ള അലി ഖമനെയി കൊല്ലപ്പെട്ടത്. മാർച്ച് ഒന്നിനാണ് ഖമനെയിയുടെ മരണപ്പെട്ട വിവരം ഇറാൻ സ്ഥിരീകരിച്ചത്.
ജനീവയിൽ നടന്ന നിർണായക നയതന്ത്ര ചർച്ചകൾക്ക് ശേഷം ആക്രമണം നടക്കുന്ന ദിവസം രാവിലെ ആണ് ഖമനെയിയുടെ ഓഫീസിൽ താൻ എത്തിയിരുന്നതെന്ന് അബ്ബാസ് അരാഗ്ചി പറഞ്ഞു. ശനിയാഴ്ച രാവിലെ ഒൻപതുമണിക്ക് തൻ്റെ റിപ്പോർട്ട് സമർപ്പിക്കാനായി ഖമനെയിയുടെ ഓഫീസിൽ എത്തി. കെട്ടിടത്തിൽ താനും ഉള്ളപ്പോഴാണ് ആക്രമണം നടന്നതെന്ന് അബ്ബാസ് അരാഗ്ചി വെളിപ്പെടുത്തി. "സയ്യിദ് അലി ഖമനെയി രക്തസാക്ഷിത്വം വരിക്കുന്ന ആ നിമിഷം ഞാൻ ഓഫീസിൽ ഉണ്ടായിരുന്നു. കെട്ടിടാവശിഷ്ടങ്ങൾക്കടിയിൽനിന്ന് പുറത്തേക്ക് വരുമ്പോൾ, എൻ്റെ മുഴുവൻ ചിന്തയും അദ്ദേഹം ആക്രമിക്കപ്പെട്ടോ എന്നായിരുന്നു"- അബ്ബാസ് അരാഗ്ചി പറഞ്ഞു.
ബോംബാക്രമണം നടക്കുന്ന നിമിഷം, താൻ വളരെയധികം ആശങ്കപ്പെട്ടത് ഖമനെയിയെക്കുറിച്ചായിരുന്നുവെന്നും അബ്ബാസ് അരാഗ്ചി പറഞ്ഞു.
ആക്രമണ ഭീഷണിയുടെ പശ്ചാത്തലത്തിൽ സുരക്ഷാ കേന്ദ്രത്തിലേക്ക് മാറാൻ ഖമനെയിയോട് ആവശ്യപ്പെട്ടിരുന്നെങ്കിലും അദ്ദേഹം അത് നിരസിച്ചതായും അബ്ബാസ് അരാഗ്ചി വെളിപ്പെടുത്തി. ഇറാനിലെ ഓരോരുത്തരും സുരക്ഷിത സ്ഥാനത്തേക്ക് മാറാത്ത പക്ഷം താനും സുരക്ഷാ കേന്ദ്രത്തിലേക്ക് മാറില്ലെന്ന് ഖമനെയി നിലപാടെടുത്തായി അബ്ബാസ് അരാഗ്ചി പറഞ്ഞു. തങ്ങളുടെ നേതാവ് ഹൃദയങ്ങൾ കീഴടക്കിയിരുന്നതായും മരണംവരെ അദ്ദേഹം നിർദേശങ്ങൾ നൽകിയിരുന്നതായും അബ്ബാസ് അരാഗ്ചി പറഞ്ഞു.
അതിനിടെ, ഗൾഫ് രാജ്യങ്ങൾക്ക് ഇറാൻ വിദേശകാര്യ മുന്നറിയിപ്പും നൽകി. ഇറാനെതിരെ യുഎസ് സൈനിക താവളങ്ങൾ ഉപയോഗിച്ചാൽ തിരിച്ചടി ഉറപ്പാണെന്നും അബ്ബാസ് പറഞ്ഞു


