ടിബറ്റിൽ തുടർച്ചയായ ഭൂചലനം അനുഭവപ്പെട്ടു. ഇന്ത്യൻ സമയം 8:03നും 8:42നുമാണ് ഇരട്ട പ്രകമ്പനം അനുഭവപ്പെട്ടത്. ആദ്യ ഭൂചലനത്തിൻ്റെ തീവ്രത ഏഴ് രേഖപ്പെടുത്തി. നേപ്പാൾ - ടിബറ്റൻ അതിർത്തിയിൽ ഉണ്ടായ മിന്നൽ പ്രളയത്തിന് പിന്നാലെയാണ് ഭൂചലനം.

ടിബറ്റ്: ടിബറ്റിൽ തുടർച്ചയായ ഭൂചലനം. ഇന്ത്യൻ സമയം ഇന്ന് വൈകുന്നേരം 8:03നാണ് ആദ്യ ഭൂചലനം അനുഭവപ്പെട്ടത്. റിക്ടർ സ്കെയിലിൽ ഏഴ് തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം അരുണാചൽ പ്രദേശിലെ പാൻഡിനിൽ നിന്ന് ഏകദേശം 489 കിലോമീറ്റർ വടക്ക്-വടക്കുപടിഞ്ഞാറായി 173 കിലോമീറ്റർ ആഴത്തിലാണെന്ന് നാഷണൽ സെൻ്റർ ഫോർ സീസ്മോളജി അറിയിച്ചു.

ആദ്യ ഭൂചലനം അനുഭവപ്പെട്ട് അരമണിക്കൂറിന് ശേഷം 8:42നാണ് വീണ്ടും ഭൂചലനം അനുഭവപ്പെട്ടത്. അഞ്ച് തീവ്രത രേഖപ്പെടുത്തി. അരുണാചൽ പ്രദേശിലെ ബാസറിൽ നിന്ന് ഏകദേശം 323 കിലോമീറ്റർ വടക്ക്-വടക്കുപടിഞ്ഞാറായി 15 കിലോമീറ്റർ ആഴത്തിലാണ് പ്രഭവ കേന്ദ്രമെന്ന് നാഷണൽ സെൻ്റർ ഫോർ സീസ്മോളജി ഡാറ്റയിൽ വ്യക്തമാക്കി.

നേപ്പാൾ - ടിബറ്റൻ അതിർത്തിയിൽ ഉണ്ടായ മിന്നൽ പ്രളയം വ്യാപക നാശം വിതച്ചതിന് പിന്നാലെയാണ് ടിബറ്റിൽ ഭൂചലനം അനുഭവപ്പെട്ടത്. ഓഗസ്റ്റ് മാസമുണ്ടായ മിന്നൽ പ്രളയത്തിൽ 1400ലധികം പേർക്ക് ജീവൻ നഷ്ടമായിരുന്നു. നേപ്പാൾ - ടിബറ്റൻ അതിർത്തിയിൽ നിന്ന് ആരംഭിച്ച മിന്നൽ പ്രളയത്തിൽ നേപ്പാളിലെ ആയിരങ്ങൾക്ക് വീടടക്കം നഷ്ടമായിരുന്നു. അതിനിടെ, ചൈനയിൽ ഇന്ത്യൻ സമയം വൈകുന്നേരം 8:29ന് 5.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം അനുഭവപ്പെട്ടു. അരുണാചൽ പ്രദേശിലെ പങ്കിനിൽ നിന്ന് ഏകദേശം 505 കിലോമീറ്റർ വടക്ക്-വടക്കുപടിഞ്ഞാറായി 15 കിലോമീറ്റർ ആഴത്തിലാണ് ഭൂചലനത്തിൻ്റെ പ്രഭവ കേന്ദ്രം.