ആരോഗ്യവാനായിരിക്കുന്ന മൊജ്തബ ഖമനെയിയുടെ ദൃശ്യം പുറത്തുവിട്ട് ഇറാൻ മാധ്യമം. ഇറാൻ ഭരണകൂടവുമായി ബന്ധമുള്ള മെഹ്ർ ന്യൂസ് ഏജൻസി ആണ് ഖമനെയിയുടെ വീഡിയോ പുറത്തുവിട്ടത്. ഭിത്തിയിൽ ചാരിയിരുന്ന് മറ്റുള്ളവർ പറയുന്നത് കേൾക്കുന്ന ഖമനെയി വീഡിയോയിൽ കാണാം.
ടെഹ്രാൻ: ഇറാൻ്റെ പരമോന്നത നേതാവ് മൊജ്തബ ഖമനെയി ആരോഗ്യവാനായിരിക്കുന്ന ദൃശ്യം പുറത്തുവിട്ട് ഇറാൻ മാധ്യമം. മൊജ്തബ ഖമനെയി ഗുരുതരാവസ്ഥയിലാണെന്ന ഇസ്രായേലി മാധ്യമത്തിൻ്റെ റിപ്പോർട്ടിന് പിന്നാലെ ഇറാൻ ഭരണകൂടവുമായി ബന്ധമുള്ള മെഹ്ർ ന്യൂസ് ഏജൻസി ആണ് മൊജ്തബ ഖമനെയിയുടെ ദൃശ്യങ്ങൾ പുറത്തുവിട്ടത്. ഭിത്തിയിൽ ചാരിയിരുന്ന് മറ്റുള്ളവർ പറയുന്നത് കേൾക്കുന്ന ഖമനെയി ആണ് ദൃശ്യങ്ങളിലുള്ളത്. 12 സെക്കൻഡ് മാത്രമാണ് വീഡിയോയുടെ ദൈർഘ്യം. ദൃശ്യങ്ങൾ എപ്പോൾ, എവിടെവെച്ച് ചിത്രീകരിച്ചതാണെന്ന കാര്യത്തിൽ വ്യക്തതയില്ല. ഇക്കഴിഞ്ഞ വെള്ളിയാഴ്ച ആണ് മെജ്തബ ഖമനെയിയുടെ നില അതീവ ഗുരുതരമാണെന്ന് ഇസ്രായേലി മാധ്യമം റിപ്പോർട്ട് ചെയ്തിരുന്നത്.
യുഎസും ഇസ്രായേലും സംയുക്തമായി നടത്തിയ ആക്രമണത്തിൽ ഇറാൻ്റെ പരമോന്നത നേതാവായിരുന്ന ആയത്തുള്ള അലി ഖമനെയി കൊല്ലപ്പെട്ടതിന് പിന്നാലെ ആണ് മകൻ മൊജ്തബ ഖമനെയി ഇറാൻ്റെ പരമോന്നത നേതൃപദവിയിലേക്ക് എത്തുന്നത്. അധികാരമേറ്റെങ്കിലും മൊജ്തബ ഖമനെയി പൊതുമധ്യത്തിൽ എത്താതെ, പ്രസ്താവനകളിലൂടെ ആണ് രാജ്യത്തെ അഭിസംബോധന ചെയ്തിരുന്നത്. ഇതോടെ ആക്രമണത്തിൽ മൊജ്തബ ഖമനെയിക്ക് പരിക്കേറ്റിരിക്കാമെന്ന അഭ്യൂഹങ്ങളും സജീവമായി.
മൊജ്തബ ഖമനെയിയുമായി നേരിട്ടു ബന്ധപ്പെടാൻ നിലവിൽ വളരെ പ്രയാസമുണ്ടെന്ന് ഇറാൻ പ്രസിഡൻ്റ് മസൂദ് പെസഷ്കിയാൻ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കിയിട്ടുണ്ട്. ഇതിനിടെ, ഖമനെയി ഇറാനിൽ ഇല്ലെന്ന് ഇസ്രായേലി സുരക്ഷാ വൃത്തങ്ങളെ ഉദ്ധരിച്ചു സൗദി മാധ്യമം ജൂലൈയിൽ റിപ്പോർട്ട് ചെയ്തിരുന്നു. ആയത്തുള്ള അലി ഖമനെയി കൊല്ലപ്പെട്ട ശേഷം മൊജ്തബ ഖമനെയി ക്യാബിനെറ്റ് അംഗങ്ങളുമായി കൂടിക്കാഴ്ച നടത്തിയിട്ടില്ലെന്ന് മസൂദ് പെസഷ്കിയാനുമായി ബന്ധമുള്ളവരെ ഉദ്ധരിച്ചു ഇറാൻ്റെ പ്രതിപക്ഷവുമായി ബന്ധമുള്ള മാധ്യമമായ ഇറാൻ വയർ റിപ്പോർട്ട് ചെയ്തിരുന്നു.
ഇറാൻ്റെ ഉന്നത സൈനിക നേതൃത്വത്തെ ഇല്ലാതാക്കിയെന്നും ഖമനെയി 90 ശതമാനം ഇല്ലാതായെന്നും യുഎസ് പ്രസിഡന്റ് ഡോണാൾഡ് ട്രംപും അവകാശപ്പെട്ടിരുന്നു. ഇത് തള്ളിയ ഇറാൻ ഭരണകൂട അധികൃതർ, നിർണായക തീരുമാനങ്ങൾക്ക് ഖമനെയി തന്നെയാണ് മേൽനോട്ടം വഹിക്കുന്നതെന്നും നിർദേശങ്ങൾ നൽകുന്നുണ്ടെന്നും വ്യക്തമാക്കിയിട്ടുണ്ട്. എന്നാൽ മൊജ്തബ ഖമനെയി പൊതുമധ്യത്തിൽ എത്താത്തതാണ് അഭ്യൂഹങ്ങൾക്ക് ഇടവരുത്തുന്നത്.

