ഇസ്രയേലിലെ ടെൽഅവീവ്, ജറൂസലേം, ഹൈഫ അടക്കം 10 സുപ്രധാന മേഖലകളിൽ ഇറാൻ മിസൈലുകൾ പതിച്ചെന്ന് റിപ്പോർട്ട്.

ടെഹ്റാൻ : ആണവ കേന്ദ്രങ്ങളിൽ അമേരിക്ക നടത്തിയ ആക്രമണത്തിന് പിന്നാലെ ഇറാൻ തിരിച്ചടിക്കുന്നു. ഇസ്രയേലിലെ ടെൽ അവീവ്, ജറൂസലേം, ഹൈഫ അടക്കം 10 സുപ്രധാന മേഖലകളിൽ ഇറാൻ മിസൈലുകൾ പതിച്ചെന്ന് റിപ്പോർട്ട്. ഇറാന്റെ ആണവ കേന്ദ്രങ്ങളിൽ അമേരിക്ക ആക്രമണം നടത്തിയതിന് പിന്നാലെ ഇസ്രയേലിൽ കനത്ത ജാഗ്രത തുടരുന്നതിനിടെയാണ് ഇറാന്റെ തിരിച്ചടിയുണ്ടായത്. ഒരു മിസൈൽ മധ്യ ഇസ്രയേലിൽ പതിച്ചു. ഇറാൻ ആക്രമണങ്ങൾ 16 പേർക്ക് പരിക്കേറ്റെന്ന് ഇസ്രയേൽ സ്ഥിരീകരിച്ചു. ഇസ്രയേലിലെ സുപ്രധാന വിമാനത്താവളമായ ബെൻ ഗ്യൂറോൺ ആക്രമിച്ചെന്ന് ഇറാൻ അവകാശപ്പെട്ടു. എന്നാൽ ഇക്കാര്യത്തിൽ സ്ഥിരീകരണമായിട്ടില്ല.

ഇറാനിൽ ഇസ്രയേൽ നടത്തുന്ന ആക്രമണങ്ങൾക്ക് പിന്തുണ പ്രഖ്യാപിച്ചാണ് ഇറാൻ ആണവ കേന്ദ്രങ്ങളിൽ അമേരിക്ക ആക്രമണം നടത്തിയത്. ഇറാനിലെ ഫോർദോ, നതാൻസ്, എസ്ഫാൻ എന്നീ 3 ആണവനിലയങ്ങളാണ് അമേരിക്ക ആക്രമിച്ചത്. ബി റ്റു ബോംബർ വിമാനങ്ങൾ ഉപയോഗിച്ചുള്ള ആക്രമണത്തിന് ജിബിയു–57 ബങ്കർ ബസ്റ്റർ ബോംബുകളാണ് ഉപയോഗിച്ചത്. ഭൂഗർഭ ആണവനിലയം തകർക്കാൻ ശേഷിയുള്ളതാണ് ഇവ. ഇറാൻ–ഇസ്രയേൽ സംഘർഷത്തിന്റെ പത്താം ദിവസമാണ് അമേരിക്കയുടെ നേരിട്ടുളള ആക്രമണം. ഇത് ആദ്യമായാണ് അമേരിക്കൻ വ്യോമസേന യുദ്ധ മുഖത്ത് ബങ്കർ ബസ്റ്റിംഗ് ബോംബുകൾ വർഷിക്കുന്നത്. യുഎസ് നാവിക സേനയുടെ അന്തർവാഹിനികളിൽ നിന്നുള്ള ക്രൂസ് മിസൈലുകളും ആക്രമണത്തിന് ഉപയോഗിച്ചു. 

ഇറാനിലെ ആക്രമണത്തിന് പിന്നാലെ, ന്യൂയോർക്കിലും വാഷിംഗ്ടണിലും മത സ്ഥാപനങ്ങളിൽ സുരക്ഷ കൂട്ടിയിട്ടുണ്ട്. ഇറാൻ ചർച്ചയ്ക്ക് തയാറായാൽ ആക്രമണം തുടരാൻ ഉദ്ദേശിക്കുന്നില്ലെന്നാണ് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് വ്യക്തമാക്കിയത്. ഇറാൻ പിൻമാറാൻ തയ്യാറായില്ലെങ്കിൽ കൂടുതൽ ശക്തമായ ആക്രമണം നടത്തുമെന്നും ട്രംപ് മുന്നറിയിപ്പ് നൽകി.

അന്താരാഷ്ട്ര നിയമങ്ങളുടെയും ആണവ നിർവ്യാപന കരാറിന്റെയും ലംഘനം

ഇറാൻ ആണവ കേന്ദ്രങ്ങളിൽ അമേരിക്ക നടത്തിയ ആക്രമണം അന്താരാഷ്ട്ര നിയമങ്ങളുടെയും ആണവ നിർവ്യാപന കരാറിന്റെയും ലംഘനമെന്ന് ഇറാൻ വിദേശകാര്യ മന്ത്രി സയ്യിദ് അബ്ബാസ് അരഗച്ചി പ്രതികരിച്ചു. അമേരിക്കയുടെ ക്രിമിനൽ നടപടിക്കെതിരെ എന്നും നിലനിൽക്കുന്ന രീതിയിലുള്ള ശക്തമായ പ്രത്യാഘാതമുണ്ടാകുമെന്ന് ഇറാൻ വിദേശകാര്യമന്ത്രി എക്സിൽ മുന്നറിയിപ്പ് നൽകി. ഐക്യരാഷ്ട്ര സംഘടനയിലെ ഓരോ അംഗവും ഈ അങ്ങേയറ്റം അപകടകരവും നിയമവിരുദ്ധവുമായ ക്രിമിനൽ നടപടിയിൽ ആശങ്കപ്പെടേണ്ടതുണ്ട്. ഓരോ രാജ്യവും അമേരിക്കയുടെ ഈ നടപടിയെ കരുതിയിരിക്കണം. യു എൻ ചാർട്ടർ അനുസരിച്ച് ആക്രമണങ്ങളെ പ്രതിരോധിക്കാൻ ഇറാന് അവകാശമുണ്ട്. സ്വയം പ്രതിരോധത്തിനുള്ള അവകാശം ഇറാൻ വിനിയോഗിക്കുമെന്നും പ്രത്യാക്രമണമുണ്ടാകുമെന്നും ഇറാൻ വ്യക്തമാക്കി.

Scroll to load tweet…

Scroll to load tweet…