Asianet News MalayalamAsianet News Malayalam

പ്രതിഷേധത്തിന്‍റെ ഒരാണ്ട്; വസ്ത്ര നിയമ ലംഘനത്തിന് ശിക്ഷ കടുപ്പിച്ച് ഇറാൻ, ഹിജാബ് ബിൽ പാസാക്കി

മഹ്സ അമീനിയുടെ ഓര്‍മകള്‍ക്ക് ഒരു വയസ്സ്. ആളിപ്പടര്‍ന്ന ഹിജാബ് വിരുദ്ധ പ്രക്ഷോഭത്തിന് പിന്നാലെ വസ്ത്രനിയമം കടുപ്പിച്ച് ഇറാന്‍

Iran parliament passes strict hijab bill SSM
Author
First Published Sep 21, 2023, 9:09 AM IST | Last Updated Sep 21, 2023, 9:09 AM IST

ടെഹ്റാന്‍: വസ്ത്ര നിയമം ലംഘിക്കുന്ന സ്ത്രീകള്‍ക്കുള്ള ജയിൽ ശിക്ഷ കടുപ്പിച്ച് ഇറാന്‍ പാര്‍ലമെന്‍റ്.  നിയമം ലംഘിക്കുന്നവർക്ക് ഹിജാബ് ബില്‍ പ്രകാരം ഇനി മുതൽ 10 വർഷം വരെ ജയിൽ ശിക്ഷ അനുഭവിക്കേണ്ടി വരും. മൂന്ന് വര്‍ഷത്തേക്ക് പരീക്ഷണാടിസ്ഥാനത്തില്‍ നിയമം നടപ്പാക്കാനാണ് പാര്‍ലമെന്‍റ് അനുമതി നല്‍കിയത്. 

152 പേർ ഹിജാബ് ബില്ലിനെ അനുകൂലിച്ച് വോട്ട് ചെയ്തു. 34 പേർ എതിർത്ത് വോട്ട് ചെയ്തപ്പോള്‍ ഏഴ് പേർ വിട്ടുനിന്നു. മതപണ്ഡിതരും നിയമവിദഗ്ധരും അടങ്ങുന്ന മേൽനോട്ട സമിതിയായ ഗാർഡിയൻ കൗൺസിൽ ബില്ലിന് അംഗീകാരം നൽകുമ്പോള്‍ മാത്രമേ നിയമമാകൂ. 

1979 മുതല്‍ നിലവിലുള്ള നിർബന്ധിത വസ്ത്രധാരണരീതി ഇറാനികൾ, പ്രത്യേകിച്ച് സ്ത്രീകൾ എങ്ങനെ അനുസരിക്കണമെന്ന് പുതിയ ബില്‍ പറയുന്നു. ഇറുകിയ വസ്ത്രം, കഴുത്തിന് താഴെയോ കണങ്കാലിന് മുകളിലോ കൈത്തണ്ടയ്ക്ക് മുകളിലോ ശരീരഭാഗങ്ങൾ കാണുന്ന വസ്ത്രം എന്നിവയൊന്നും പാടില്ലെന്ന് ബില്ലില്‍ പറയുന്നു. പുരുഷന്മാരെ സംബന്ധിച്ച് നെഞ്ചിന് താഴെയോ കണങ്കാലിന് മുകളിലോ ശരീര ഭാഗങ്ങള്‍ കാണുന്ന വസ്ത്രം ധരിക്കരുത്. 

സർക്കാർ, നിയമ നിർവ്വഹണ, സൈനിക മേഖലകളില്‍ പ്രവര്‍ത്തിക്കുന്നവര്‍ തങ്ങളും  ജീവനക്കാരും നിർബന്ധിത ഹിജാബ് നിയമങ്ങൾ പൂർണമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുന്നതിനും നിയമ ലംഘനം തടയുന്നതിനും ശ്രദ്ധിക്കണമെന്നും ബില്ലില്‍ പറയുന്നു. 

ഹിജാബ് ബില്‍ ഒരു തരത്തിലുള്ള ലിംഗ വർണ്ണവിവേചനമാണെന്ന് (ജെന്‍ഡര്‍ അപ്പാര്‍തീഡ്) യുഎന്‍ വിദഗ്ധര്‍ നേരത്തെ വിമര്‍ശിച്ചിരുന്നു. അഭിപ്രായ സ്വാതന്ത്ര്യം, ആവിഷ്കാര സ്വാതന്ത്ര്യം, സഞ്ചാര സ്വാതന്ത്ര്യം, സമാധാനപരമായ പ്രതിഷേധത്തിനുള്ള അവകാശം എന്നിവയ്ക്കെല്ലാം എതിരാണ് ഹിജാബ് നിയമം എന്നായിരുന്നു വിമര്‍ശനം. 

ശിരോവസ്ത്രം ശരിയായി ധരിച്ചില്ലെന്ന് ആരോപിച്ച് മതകാര്യ പൊലീസ് കസ്റ്റഡിയിലെടുത്ത മഹ്സ അമീനി എന്ന 22 കാരി കസ്റ്റഡിയിലിരിക്കെ കൊല്ലപ്പെട്ടിട്ട് ഒരു വര്‍ഷമാകുമ്പോഴാണ് പുതിയ ഹിജാബ് നിയമം ഇറാന്‍ അവതരിപ്പിച്ചത്. മഹ്സ അമീനിയുടെ മരണത്തിനു പിന്നാലെ ഹിജാബ് വിരുദ്ധ പ്രക്ഷോഭത്തില്‍ പങ്കെടുത്ത് നിരവധി സ്ത്രീകള്‍ വസ്ത്രധാരണ നിയമം ലംഘിച്ച് പുറത്തിറങ്ങിയിരുന്നു. മഹ്സ അമീനിയുടെ വിയോഗത്തിനും പ്രതിഷേധങ്ങള്‍ക്കും ശേഷം ഇറാൻ വസ്ത്ര നിയമം കർശനമാക്കുകയാണ്.

'മഹ്‌സാ ജിനാ, നീ മരിച്ചിട്ടില്ല. നീ വിപ്ലവത്തിന്‍റെ താക്കോല്‍'; ഉയര്‍ത്തെഴുന്നേറ്റ് പ്രതിഷേധങ്ങള്‍ !

Latest Videos
Follow Us:
Download App:
  • android
  • ios