ടെഹ്‌റാന്‍: അസര്‍ബൈജാന്‍ സന്ദര്‍ശന വേളയില്‍ തുര്‍ക്കി പ്രസിഡന്റ് റെസെപ് തയ്യിബ് എര്‍ദോഗാന്‍ ചൊല്ലിയ കവിതയില്‍ പ്രതിഷേധമറിയിച്ച് ഇറാന്‍. തുര്‍ക്കി അംബാസഡറെ ഇറാന്‍ വിദേശകാര്യമന്ത്രാലയം വിളിച്ചുവരുത്തി പ്രതിഷേധമറിയിച്ചു. കഴിഞ്ഞ മാസം അവസാനിച്ച നാഗൊര്‍നോ-കറാബക്ക് കൂട്ടുകെട്ടിനെതിരായി അര്‍മേനിയക്കെതിരെയുള്ള  യുദ്ധത്തില്‍ അസര്‍ബൈജാന്‍ നേടിയ വിജയത്തെ തുടര്‍ന്ന് നടത്തിയ സൈനിക പരേഡ് വീക്ഷിക്കുന്നതിനായാണ് എര്‍ദോഗന്‍ അസേരി തലസ്ഥാനമായ ബാക്കുവിലെത്തിയത്. ഈ പരിപാടിയിലാണ് എര്‍ദോഗാന്‍ റഷ്യക്കും ഇറാനും ഇടയിലുള്ള അസര്‍ബൈജാന്‍ പ്രദേശത്തെക്കുറിച്ച് 19ാം നൂറ്റാണ്ടിലുള്ള അസേരി-ഇറാനിയന്‍ കവിത ചൊല്ലിയത്.

എര്‍ദോഗാന്റെ കവിത ചൊല്ലല്‍ ഇറാനിലെ അസേരി ന്യൂനപക്ഷങ്ങള്‍ക്കിടയില്‍ വിഘടനാവാദം വളര്‍ത്തുമെന്ന് ഇറാന്‍ ആശങ്കപ്രകടിപ്പിച്ചു. രാജ്യം വെട്ടിപ്പിടിക്കുന്നതിന്റെ കാലം അവസാനിച്ചെന്ന് ഇറാന്‍ തുര്‍ക്കി അംബാസഡറെ അറിയിച്ചു. രാജ്യത്തിന്റെ ഐക്യത്തില്‍ ആരെയും ഇടപെടാനനുവദിക്കില്ലെന്ന് ഇറാന്‍ മുന്നറിയിപ്പ് നല്‍കി. 'ഇറാനിയന്‍ മണ്ണില്‍ നിന്ന് ബലം പ്രയോഗിച്ച് വേര്‍പ്പെടുത്തിയ പ്രദേശത്തെക്കുറിച്ചാണ് കവിതയെന്ന് എര്‍ദോഗാനോട് ആരും പറഞ്ഞില്ലേ. അസര്‍ബൈജാന്റെ പരമാധികാരത്തെ ചോദ്യം ചെയ്യുന്നതാണ് തന്റെ നടപടിയെന്ന് എര്‍ദോഗാന്‍ തിരിച്ചറിഞ്ഞില്ലേ. ഞങ്ങളുടെ സ്‌നേഹം നിറഞ്ഞ അസര്‍ബൈജാനെക്കുറിച്ച് സംസാരിക്കാന്‍ ആര്‍ക്കും കഴിയില്ല'- ഇറാന്‍ വിദേശകാര്യമന്ത്രി മുഹമ്മദ് ജാവേജ് ശരിഫ് ട്വീറ്റ് ചെയ്തു.

വിഷയത്തില്‍ എര്‍ദോഗാന്റെ ഇടപെടല്‍ അംഗീകരിക്കാനാകില്ലെന്നും വിദേശകാര്യമന്ത്രാലയം വ്യക്തമാക്കി.