Asianet News MalayalamAsianet News Malayalam

ഇറാഖിൽ അമേരിക്കൻ വ്യോമാക്രമണം; കമാൻഡർ കാസ്സെം സൊലേമാനി അടക്കം എട്ട് പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്

ജനറൽ സൊലേമാനിക്കൊപ്പം, ഇറാഖി കമാൻഡർ അബു മെഹ്ദി അൽ മുഹന്ദിസ് അടക്കം ആകെ ആറുപേരാണ് ഈ അമേരിക്കൻ വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ടതെന്ന് ഇറാഖി സ്റ്റേറ്റ് ടെലിവിഷൻ അറിയിച്ചു. 

Iran Qassem Soleimani killed in US raid at Baghdad airport
Author
Bagdad, First Published Jan 3, 2020, 8:48 AM IST

ബാഗ്ദാദ്: ഇറാഖിൽ അമേരിക്ക നടത്തിയ വ്യോമാക്രമണത്തിൽ  ഇറാനിൽ നിന്നുള്ള കമാൻഡർ കാസ്സെം സൊലേമാനി അടക്കം എട്ട് പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്. ബാഗ്ദാദ് അന്താരാഷ്ട്ര വിമാനത്താവളത്തിലാണ് അമേരിക്ക വ്യോമാക്രമണം നടത്തിയത്. ഇവര്‍ വിമാനത്താവളത്തിലേക്ക് കാറിൽ പോകുമ്പോഴാണ് ആക്രമണം ഉണ്ടായത്. ആക്രമണത്തിൽ രണ്ട് കാറുകൾ പൂര്‍ണമായും തകര്‍ന്നു. ബാഗ്ദാദിലെ യുഎസ് എംബസിക്ക് നേരെയുണ്ടായ ആക്രമണമുണ്ടായതിന് പിന്നാലെയാണ് ബാഗ്ദാദ് വിമാനത്താവളത്തിന് സമീപം അമേരിക്ക റോക്കറ്റ് ആക്രമണം നടത്തിയത്. 

ഇറാനിയൻ ഖുദ്സ് ഫോഴ്‌സ് തലവനാണ് കാസ്സെം സൊലേമാനി. ജനറൽ സൊലേമാനിക്കൊപ്പം, ഇറാഖി കമാൻഡർ അബു മെഹ്ദി അൽ മുഹന്ദിസ് അടക്കം ആകെ ആറുപേരാണ് ഈ അമേരിക്കൻ വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ടതെന്ന് ഇറാഖി സ്റ്റേറ്റ് ടെലിവിഷൻ അറിയിച്ചു. 

അമേരിക്കൻ പ്രസിഡന്‍റ്  ഡൊണാൾഡ് ട്രംപിന്‍റെ നിര്‍ദേശത്തിന്‍റെ അടിസ്ഥാനത്തിലാണ് സൊലേമാനിക്കെതിരായ ആക്രമണം നടത്തിയതെന്ന് വൈറ്റ് ഹൗസ് ട്വീറ്റ് ചെയ്തു.

 

വാർത്ത പുറത്ത് വന്നതിന് പിന്നാലെ അമേരിക്കൻ പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപ് അമേരിക്കൻ പതാക ട്വീറ്റ് ചെയ്തു. 

 

അമേരിക്കൻ സൈന്യം നടത്തിയ 'ടാർഗെറ്റഡ് അസോൾട്ട്' ആണ് ഇതെന്ന് പേര് വെളിപ്പെടുത്താൻ ആഗ്രഹിക്കാത്ത രണ്ട് അമേരിക്കൻ നയതന്ത്രജ്ഞരെ ഉദ്ധരിച്ചുകൊണ്ട് റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്യുന്നു. ബാഗ്ദാദിലെ അമേരിക്കൻ എംബസിക്ക് നേരെ നടന്ന ആക്രമണത്തിന് ശേഷം ഒരു തിരിച്ചടി പ്രതീക്ഷിച്ചുകൊണ്ടിരിക്കെയാണ് അമേരിക്കൻ സൈന്യത്തിന്റെ ഈ മിസൈൽ ആക്രമണം. ഇത് അമേരിക്കൻ-ഇറാഖി സർക്കാരുകൾക്കിടയിലെ നയതന്ത്ര ബന്ധത്തിന് കാര്യമായ വിള്ളലുകളുണ്ടാക്കുമെന്നാണ് വിലയിരുത്തൽ. 

ഇറാൻ, ഇറാഖ് പ്രവിശ്യയിൽ ഏറെ കുപ്രസിദ്ധമാണ് ജനറൽ കാസ്സെം സൊലേമാനിയും അദ്ദേഹത്തിന്റെ അന്താരാഷ്ട്ര കമാൻഡോ സേനയും. ഇറാഖിൽ ഭരണകൂടവിരുദ്ധ സമരങ്ങൾ കടുത്തപ്പോൾ അതിനെ അടിച്ചമർത്താൻ വേണ്ടി ഇറാനോട് വിധേയത്വമുള്ള ഇപ്പോഴത്തെ ഭരണാധികാരികൾ ആശ്രയിച്ചത് ജനറൽ സൊലേമാനിയുടെ  ഇറാനിയൻ ഖുദ്സ് ഫോഴ്‌സിനെയാണ്. അവർ ആ പ്രക്ഷോഭങ്ങളെ കൊന്നും കൊലവിളിച്ചും അടിച്ചമർത്തിയത് ഏറെ പ്രതിഷേധങ്ങൾക്ക് കാരണമായിരുന്നു.  

ആരാണ് ജനറൽ കാസ്സെം സൊലേമാനി ?

1957 -ൽ ഇറാനിലെ കെർമനിൽ ഒരു ദരിദ്രകുടുംബത്തിൽ ജനിച്ച സൊലേമാനി തുടക്കത്തിൽ ഒരു കൺസ്ട്രക്ഷൻ കമ്പനിയിൽ ജോലി ചെയ്തുപോന്നിരുന്നു. അച്ഛന്റെ പേരിൽ ഉണ്ടായിരുന്ന കടം വീട്ടുക എന്നതായിരുന്നു ഉദ്ദേശ്യം. 1976 -ൽ  ഇറാനിലെ ഷാ  ഭരണത്തിനെതിരെ വിപ്ലവക്കൊടി പിടിച്ചുകൊണ്ടായിരുന്നു സൊലേമാനിയുടെ രാഷ്ട്രീയ പ്രവേശം. 1976 -ൽ കെർമനിൽ ഇസ്ലാമിക് റെവല്യൂഷനറി ഗാർഡ്‌സ് കോർപ്സ് എന്ന സേന സ്ഥാപിക്കപ്പെട്ടപ്പോൾ, സൊലേമാനി അതിൽ അംഗമായി. സൈനിക സേവനത്തിൽ യാതൊരുവിധ മുൻപരിചയവും ഇല്ലാതിരുന്നിട്ടും സൊലേമാനിയുടെ ആകർഷകമായ പ്രകൃതം അയാളെ സൈന്യത്തിൽ പെട്ടെന്ന് ഉന്നത റാങ്കുകൾ നേടാൻ സഹായിച്ചു.

താമസിയാതെ സൊലേമാനി കമാൻഡർ പദവിയിലെത്തി. പടിഞ്ഞാറൻ ഇറാനിലെ കുർദ് വിമതരെ അടിച്ചമർത്തുക എന്നതായിരുന്നു സൊലേമാനിയുടെ ആദ്യ ദൗത്യം. 1981 -ൽ ഇറാൻ ഇറാഖ് യുദ്ധം പൊട്ടിപ്പുറപ്പെട്ടപ്പോൾ തെക്കൻ അതിർത്തിയിലേക്ക് സൊലേമാനി നിയോഗിക്കപ്പെട്ടു. 1988 -ൽ യുദ്ധം അവസാനിക്കുമ്പോഴേക്കും, തന്റെ സ്തുത്യർഹമായ സേവനങ്ങളുടെ ബലത്തിൽ ഡിവിഷണൽ കമാൻഡർ പദവിയിലേക്ക് സൊലേമാനിക്ക് സ്ഥാനക്കയറ്റം ലഭിച്ചു കഴിഞ്ഞിരുന്നു.

Follow Us:
Download App:
  • android
  • ios