ഇറാന്റെ മിസൈല്‍, ഡ്രോണ്‍ ആക്രമണശേഷി വലിയ അളവില്‍ ബാക്കിനില്‍ക്കുന്നതായി യുഎസ് രഹസ്യാന്വേഷണ റിപ്പോര്‍ട്ടുകള്‍. ആയുധങ്ങളും ലോഞ്ചിംഗ് സംവിധാനങ്ങളും ഇറാന് ഇപ്പോഴുമുണ്ടെന്നാണ് ഈ രഹസ്യ റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്

വാഷിംഗ്ടണ്‍: അമേരിക്കയും ഇസ്രായേലും ആക്രമണം കടുപ്പിച്ചിട്ടും ഇറാന്റെ മിസൈല്‍, ഡ്രോണ്‍ ആക്രമണശേഷി വലിയ അളവില്‍ ബാക്കിനില്‍ക്കുന്നതായി യുഎസ് രഹസ്യാന്വേഷണ റിപ്പോര്‍ട്ടുകള്‍. ഗള്‍ഫ് മേഖലയിലാകെ കനത്ത നാശമുണ്ടാക്കാന്‍ കഴിയുന്ന ആയുധങ്ങളും ലോഞ്ചിംഗ് സംവിധാനങ്ങളും ഇറാന് ഇപ്പോഴുമുണ്ടെന്നാണ് ഈ രഹസ്യ റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. ഈ റിപ്പോര്‍ട്ടുകളുടെ ഉള്ളടക്കത്തെക്കുറിച്ച് അറിവുള്ള യുഎസ് രഹസ്യാന്വേഷണ വൃത്തങ്ങളെ ഉദ്ധരിച്ച് അമേരിക്കന്‍ ചാനല്‍ സിഎന്‍എന്‍ ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. യുദ്ധം അവസാനിക്കുന്നതിന് മുമ്പ് ഹോര്‍മുസ് കടലിടുക്ക് വീണ്ടും തുറക്കുമെന്ന് ഉറപ്പുനല്‍കാന്‍ കഴിയില്ലെന്ന് അമേരിക്ക സ്വകാര്യമായി സമ്മതിക്കുന്ന സാഹചര്യത്തിലാണ് പുതിയ രഹസ്യാന്വേഷണ റിപ്പോര്‍ട്ട് പുറത്തുവരുന്നത്

സിഎന്‍എന്‍ റിപ്പോര്‍ട്ടില്‍ പറയുന്നത്

ഇറാന്റെ മിസൈല്‍ ലോഞ്ചറുകളില്‍ പകുതിയും തകരാതെ അവശേഷിക്കുന്നതായി യുഎസ് ഇന്റലിജന്‍സ് റിപ്പോര്‍ട്ടുകളിലുണ്ടെന്ന് സിഎന്‍എന്‍ വ്യക്തമാക്കുന്നു. യുഎസ് താവളങ്ങളിലും ഇസ്രായേലിലും കനത്ത നാശമുണ്ടാക്കിയ ഇനത്തില്‍പ്പെട്ട ആയിരക്കണക്കിന് ഡ്രോണുകള്‍ ഇറാന്റെ കൈയിലുണ്ട്. ഇറാനിപ്പോഴും വന്‍തോതിലുള്ള മിസൈല്‍ ശേഖരം ബാക്കിയുണ്ട്. ആക്രമണങ്ങളെത്തുടര്‍ന്ന് ഭൂഗര്‍ഭ അറകളില്‍ കുടുങ്ങിക്കിടക്കുന്നവയും പൂര്‍ണ്ണമായി നശിക്കാത്ത ലോഞ്ചറുകളും ഉള്‍പ്പെടുത്തിയാണ് യുഎസ് കണക്കുകള്‍.

ഇറാന്റെ ഡ്രോണ്‍ ശേഷിയുടെ പകുതിയും ബാക്കിയുണ്ടെന്നാണ് പേരു വെളിപ്പെടുത്താത്ത രണ്ട് യുഎസ് ഇന്റലിജന്‍സ് ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് സിഎന്‍എന്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇറാന്റെ തീരദേശ പ്രതിരോധ ക്രൂയിസ് മിസൈലുകളില്‍ ഭൂരിഭാഗവും സുരക്ഷിതമാണ്. അമേരിക്കയുടെ വ്യോമാക്രമണങ്ങള്‍ തീരദേശത്ത് കേന്ദ്രീകരിക്കാത്തതിനാല്‍, ഇവയെ നശിപ്പിക്കാനായിട്ടില്ല. ഹോര്‍മുസ് കടലിടുക്കിലെ കപ്പല്‍ ഗതാഗതത്തിന് ഭീഷണി ഉയര്‍ത്തുന്നത് ഇറാന്റെ ഈ മിസൈലുകളാണ്.

ഇറാന്റെ പ്രധാന നാവികസേന വലിയതോതില്‍ തകര്‍ക്കപ്പെട്ടെങ്കിലും, ഇസ്ലാമിക് റെവല്യൂഷണറി ഗാര്‍ഡ് കോര്‍പ്‌സിന്റെ കീഴിലുള്ള നാവിക സേനയുടെ പകുതി ഇപ്പോഴുമുണ്ടെന്ന് റിപ്പോര്‍ട്ട് പറയുന്നു. റെവല്യൂഷണറി ഗാര്‍ഡ്‌സിന്റെ കൈയില്‍ ഇപ്പോഴും ആയിരക്കണക്കിന് ചെറിയ ബോട്ടുകളും ആളില്ലാ ജലയാനങ്ങളും ബാക്കിയുണ്ടെന്നാണ് മറ്റൊരു റിപ്പോര്‍ട്ടില്‍ പറയുന്നത്. ഹോര്‍മുസ് കടലിടുക്കിലെ കപ്പല്‍ ഗതാഗതത്തെ തടസ്സപ്പെടുത്തുന്നതില്‍ പ്രധാന പങ്കുവഹിക്കുന്നത് റെവല്യൂഷണറി ഗാര്‍ഡ്‌സിന്റെ നാവികസേനയാണ്.

ഭൂഗര്‍ഭ അറകളില്‍ ഒളിപ്പിച്ചത് കൊണ്ടാണ് ഇറാന്റെ മിസൈല്‍ ലോഞ്ചറുകള്‍ പൂര്‍ണ്ണമായും നശിപ്പിക്കാന്‍ കഴിയാത്തതെന്നാണ് യുഎസ് ഇന്റലിജന്‍സ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. യുദ്ധസാധ്യത മുന്നില്‍ക്കണ്ട് പതിറ്റാണ്ടുകളായി ഇറാന്‍ വിപുലമായ തുരങ്ക ശൃംഖലകളും ഗുഹകളും തയ്യാറാക്കിയിട്ടുണ്ട്. ഇവിടെയാണ് മിസൈല്‍ ലോഞ്ചറുകളും മിസൈലുകളും ഡ്രോണുകളുമെല്ലാം ഒളിപ്പിച്ചിരിക്കുന്നത്. മിസൈലുകള്‍ വിക്ഷേപിച്ച ഉടന്‍ പ്ലാറ്റ്ഫോമുകള്‍ മാറ്റുന്നതില്‍ ഇറാന്‍ വിജയിക്കുന്നതിനാല്‍ ഇവ നശിപ്പിക്കാന്‍ ബുദ്ധിമുട്ടാണെന്നും യുഎസ് റിപ്പോര്‍ട്ടുകളില്‍ പറയുന്നു.

ട്രംപിന്റെ അവകാശവാദങ്ങള്‍ക്ക് നേര്‍വിപരീതം

ഇറാന്റെ മിസൈലുകളും ഡ്രോണുകളും ഏതാണ്ട് പൂര്‍ണ്ണമായി തകര്‍ത്ത് സൈനിക വിജയം നേടിയെന്ന പ്രസിഡന്റ് ട്രംപിന്റെയും യുഎസ് ഉന്നതരുടെയും അവകാശവാദങ്ങള്‍ക്ക് വിരുദ്ധമാണ് ഈ രഹസ്യാന്വേഷണ റിപ്പോര്‍ട്ടുകള്‍. മൂന്ന് ആഴ്ചക്കുള്ളില്‍ യുഎസ് സൈനിക നടപടികള്‍ പൂര്‍ത്തിയാക്കാനാവുമെന്ന ട്രംപിന്റെ അവകാശവാദത്തിനും എതിരാണ് റിപ്പോര്‍ട്ട്. ബുധനാഴ്ച വൈകുന്നേരം രാഷ്ട്രത്തെ അഭിസംബോധന ചെയ്ത് ട്രംപ് പറഞ്ഞതിന് നേര്‍വിപരീതമാണ് അവസ്ഥ. മിസൈലുകളും ഡ്രോണുകളും വിക്ഷേപിക്കാനുള്ള ഇറാന്റെ ശേഷി ഗണ്യമായി കുറഞ്ഞതായും വളരെ കുറച്ച് ആയുധ നിര്‍മ്മാണ ശാലകളും റോക്കറ്റ് ലോഞ്ചറുകളും മാത്രമേ ബാക്കിയുള്ളൂ എന്നുമാണ് ട്രംപ് അവകാശപ്പെട്ടത്.

യുഎസ് സെന്‍ട്രല്‍ കമാന്‍ഡിന്റെ കണക്കനുസരിച്ച്, ബുധനാഴ്ച വരെ ഇറാനിലെ 12,300-ലധികം ലക്ഷ്യസ്ഥാനങ്ങളില്‍ അമേരിക്ക ആക്രമണം നടത്തിയിട്ടുണ്ട്. ഈ ആക്രമണങ്ങള്‍ ഇറാന്റെ സൈനിക ശേഷിയെ സാരമായി ബാധിച്ചിട്ടുണ്ടെന്നാണ് യുഎസ് വിലയിരുത്തല്‍. പരമോന്നത നേതാവ് ആയത്തുല്ല അലി ഖമനെയി, ദേശീയ സുരക്ഷാ സമിതി മേധാവി അലി ലാറിജാനി എന്നിവരുള്‍പ്പെടെ പ്രമുഖര്‍ കൊല്ലപ്പെട്ടതും ഇറാന്റെ ശേഷിയെ ബാധിച്ചതായും സെന്‍ട്രല്‍ കമാന്‍ഡ് വ്യക്തമാക്കിയിരുന്നു.

ആയുധശേഷിയില്‍ എത്രത്തോളം കുറവ് വന്നു എന്നതല്ല, മിസൈല്‍ ആക്രമണങ്ങള്‍ കുറഞ്ഞു എന്നതിന്റെ അടിസ്ഥാനത്തിലാണ് ഇറാന്‍ സൈനികമായി അടിപതറിയതായി അമേരിക്ക ചൂണ്ടിക്കാണിക്കുന്നത്. മാര്‍ച്ച് 19-ന് വാര്‍ത്താ സമ്മേളനത്തില്‍ പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്സെത്ത് പറഞ്ഞത് ഇതാണ്: 'യുദ്ധം ആരംഭിച്ചത് മുതല്‍ ഇറാന്റെ ബാലിസ്റ്റിക് മിസൈല്‍ ആക്രമണങ്ങളില്‍ 90 ശതമാനം കുറവുണ്ടായിട്ടുണ്ട്. ഡ്രോണ്‍ ആക്രമണങ്ങളിലും 90 ശതമാനം കുറവ് വന്നു.'

സിഎന്‍എന്‍ റിപ്പോര്‍ട്ട് തള്ളി പെന്റഗണും വൈറ്റ് ഹൗസും

യുഎസ് രഹസ്യാന്വേഷണ റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍ക്ക് നല്‍കിയ മറുപടിയില്‍ വൈറ്റ് ഹൗസും പെന്റഗണും ഇക്കാര്യം നിഷേധിച്ചു. സിഎന്‍എന്‍ പറയുന്നത് പൂര്‍ണ്ണമായും തെറ്റാണെന്നാണ് പെന്റഗണ്‍ വക്താവ് ഷോണ്‍ പാര്‍നെല്‍ മറുപടി നല്‍കിയത്. നിശ്ചയിച്ചതിനേക്കാള്‍ നേരത്തെയാണ് യുഎസ് സൈനിക ലക്ഷ്യങ്ങള്‍ കൈവരിക്കുന്നതെന്നും പെന്റഗണ്‍ അവകാശപ്പെട്ടു.

ഇതുതന്നെയാണ് വൈറ്റ് ഹൗസും ആവര്‍ത്തിക്കുന്നത്. 'ഇറാന്റെ ബാലിസ്റ്റിക് മിസൈല്‍-ഡ്രോണ്‍ ആക്രമണങ്ങള്‍ 90 ശതമാനം കുറഞ്ഞു, നാവികസേന തുടച്ചുനീക്കപ്പെട്ടു, ഉല്‍പ്പാദന കേന്ദ്രങ്ങളില്‍ മൂന്നില്‍ രണ്ട് ഭാഗവും തകര്‍ക്കപ്പെട്ടു. ഇറാനു മുകളില്‍ അമേരിക്കയ്ക്കും ഇസ്രായേലിനും ഇപ്പോള്‍ പൂര്‍ണ്ണമായ വ്യോമാധിപത്യമുണ്ട്. ഇറാന്‍ സൈനികമായി തകര്‍ന്നുകൊണ്ടിരിക്കുകയാണ്' എന്നിങ്ങനെയാണ് വൈറ്റ് ഹൗസ് വിശദീകരിച്ചത്. പ്രസിഡന്റ് ട്രംപിനെ അധിക്ഷേപിക്കാനും യുഎസ് സൈനിക വിജയത്തെ തരംതാഴ്ത്തി കാണിക്കാനും ചിലര്‍ നടത്തുന്ന ശ്രമങ്ങളുടെ ഭാഗമാണ് ഇത്തരം മാധ്യമ റിപ്പോര്‍ട്ടുകള്‍ എന്നും വൈറ്റ്ഹൗസ് വക്താവ് പറഞ്ഞു.

ഇസ്രായേലും പറയുന്നത് ഇതുതന്നെയാണ്. ഇറാന്റെ പ്രവര്‍ത്തനക്ഷമമായ മിസൈല്‍ ലോഞ്ചറുകളുടെ എണ്ണം 20-25 ശതമാനം മാത്രമാണ് ബാക്കിയുള്ളതെന്നാണ് ഇസ്രായേല്‍ സൈനിക വൃത്തങ്ങള്‍ വ്യക്തമാക്കുന്നത്. എന്നാല്‍, ഗുഹകളിലും തുരങ്കങ്ങളിലും കുടുങ്ങിക്കിടക്കുന്നതോ ലഭ്യമല്ലാത്തതോ ആയ ലോഞ്ചറുകളെ ഒഴിവാക്കിയതാണ് ഇസ്രായേലിന്റെ കണക്ക് എന്നാണ് യുഎസ് ഇന്റലിജന്‍സ് വൃത്തങ്ങള്‍ ഇക്കാര്യം വിശദീകരിക്കുന്നത്.