ടെഹ്റാന്‍: അമേരിക്കാന്‍ രഹസ്യാന്വേഷണ ഏജന്‍സിയായ സിഐഎയുടെ 17 ചാരന്മാരെ ഇറാന്‍ പിടികൂടിയതായും അതില്‍ ചിലരെ വധശിക്ഷയ്ക്ക് വിധിച്ചതായും റിപ്പോര്‍ട്ട്. ഇറാന്‍ സര്‍ക്കാറിന്‍റെ നിയന്ത്രണത്തിലുള്ള മാധ്യമമാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

അമേരിക്കയുടെ ചാരശൃംഖലയ്ക്ക് കനത്ത ആഘാതം ഉണ്ടാക്കിയതായും ഇറാന്‍ ഇന്‍റലിജന്‍സ് മന്ത്രാലയത്തെ ഉദ്ധരിച്ച് സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള ചാനല്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. അതേസമയം ഇറാന്‍ അര്‍ധസര്‍ക്കാര‍് ന്യൂസ് ഏജന്‍സിയാണ് ചാരന്മാരെ വധശിക്ഷയ്ക്ക് വിധിച്ചതായി റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

ഇറാനിയന്‍ കലണ്ടര്‍ പ്രകാരം മാര്‍ച്ച് 31ന് അവസാനിച്ച വര്‍ഷത്തെ കണക്കുകളാണ് പുറത്തുവിട്ടിരിക്കുന്നത്. ചാരവൃത്തിക്ക് പിടിക്കപ്പെട്ടവരില്‍ പ്രധാനപ്പെട്ട മേഖലകളില്‍ ജോലി ചെയ്തിരുന്നവരാണ്. സാമ്പത്തികം, ആണവം, അടിസ്ഥാന വികസനം, സൈനികം, സൈബര്‍ എന്നീ സ്വകാര്യ മേഖലകളില്‍ ജോലി ചെയ്താണ് ചാരവൃത്തി നടത്തിയതെന്നാണ് റിപ്പോര്‍ട്ട് പറയുന്നത്. ഇതില്‍ സുപ്രധാന വിവരങ്ങള്‍ ചോര്‍ത്തിയതായി കണ്ടെത്തിയെന്നും റിപ്പോര്‍ട്ട് പറയുന്നു.

അമേരിക്കന്‍ ചാരന്മാരെ പിടികൂടിയതായി നേരത്തെയും ഇറാന്‍ അവകാശപ്പെട്ടിരുന്നു. അവരുടെ വധശിക്ഷ നടപ്പിലാക്കാനുള്ള നീക്കങ്ങള്‍ തുടങ്ങിയതായും റിപ്പോര്‍ട്ട് പുറത്തുവന്നു. കഴിഞ്ഞ ദിവസം ഇറാന്‍ പുറത്തുവിട്ട ഡോക്യുമെന്‍ററിയില്‍ ഇറാന്‍ പൗരനെ ചാരവൃത്തിക്കായി യുഎഇയില്‍  സിഐഎ റിക്രൂട്ട് ചെയ്യുന്നതായി കാണിച്ചിരുന്നു. ഇത് വളരെ ശ്രദ്ധാപൂര്‍വ്വം കൈകാര്യം ചെയ്യേണ്ട കാര്യമാണെന്നും  ഇറാന്‍റെ നിയന്ത്രണത്തിലുള്ള ടിവി സംപ്രേഷണം ചെയ്ത ഡോക്യുമെന്‍ററിയില്‍ പറയുന്നു.

കഴിഞ്ഞ ദിവസമാണ് മലയാളികളടക്കമുള്ള ബ്രിട്ടന്‍റെ എണ്ണക്കപ്പല്‍ ഇറാന്‍ പിടിച്ചെടുത്ത്. പാശ്ചാത്യ രാജ്യങ്ങളുമായി തുടരുന്ന പ്രശ്നങ്ങള്‍ക്കിടയില്‍ ഇറാന്‍ ടാങ്കര്‍ ബ്രിട്ടന്‍ പിടിച്ചതിന് മറുപടിയായിട്ടാണ് ഇറാന്‍ ടാങ്കര്‍ പിടിച്ചെടുത്തിരിക്കുന്നത്. അമേരിക്കന്‍ ചാരന്മാരെ പിടികൂടിയതുമായി ബന്ധപ്പെട്ട് കൂടുതല്‍ തെളിവുകള്‍ പുറത്തുവരുന്നതോടുകൂടി ഇറാന്‍ അമേരിക്കന്‍ പോര് കൂടുതല്‍  സങ്കീര്‍ണമാകുമെന്നാണ് വിലിയിരുത്തല്‍.