ശിരോവസ്ത്രം ധരിക്കാതെ ഭരണകൂടത്തിനെതിരെ സ്ത്രീകൾ നടത്തിയ പ്രതിഷേധത്തിന്‍റെ ദൃശ്യം സ്റ്റേറ്റ് ടെലിവിഷനിൽ വന്നതിന് പിന്നാലെയാണ് ഇറാന്‍റെ വിശദീകരണം.

ടെഹ്റാൻ: ഇറാനിലെ സ്റ്റേറ്റ് ടെലിവിഷൻ സംപ്രേഷണം ഇസ്രയേൽ ഹാക്ക് ചെയ്തതായി ആരോപണം. ശിരോവസ്ത്രം ധരിക്കാതെ ഭരണകൂടത്തിനെതിരെ സ്ത്രീകൾ നടത്തിയ പ്രതിഷേധത്തിന്‍റെ ദൃശ്യം സ്റ്റേറ്റ് ടെലിവിഷനിൽ വന്നതിന് പിന്നാലെയാണ് ഇറാന്‍റെ വിശദീകരണം. ഹാക്കർമാർ സ്റ്റേറ്റ് ടെലിവിഷനിൽ നുഴഞ്ഞുകയറി സംപ്രേഷണം തടസ്സപ്പെടുത്തി എന്നാണ് ആരോപണം.

സാറ്റലൈറ്റ് ട്രാൻസ്മിഷനെ തടസ്സപ്പെടുത്തി ഇസ്രയേൽ സൈബർ ആക്രമണം നടത്തി എന്നാണ് സ്റ്റേറ്റ് ടെലിവിഷന്‍ അറിയിച്ചത്. ഇസ്രായേലിന്‍റെ യുഎൻ വക്താവ് ജോനാഥൻ ഹാരൂനോഫ് ചാനൽ സംപ്രേഷണം തടസ്സപ്പെട്ടതിന്‍റെ ദൃശ്യം പങ്കുവച്ചു. മഹ്‌സ അമിനിയുടെ മരണത്തിൽ പ്രതിഷേധിച്ച് ഇറാൻ ഭരണകൂടത്തിനെതിരെയുണ്ടായ 2022 ലെ ബഹുജന പ്രക്ഷോഭത്തിന്‍റെ ദൃശ്യമാണ് ഏതാനും നിമിഷ നേരത്തേക്ക് ചാനലിൽ പ്രത്യക്ഷപ്പട്ടത്.

അതിനിടെ ഇസ്രയേലിനെ നടുക്കി വീണ്ടും ഇറാന്റെ കനത്ത മിസൈൽ ആക്രമണം. ടെൽ അവീവ് അടക്കമുള്ള നഗരങ്ങളിൽ മിസൈൽ ആക്രമണമുണ്ടായി. രണ്ടിടത്ത് ആശുപത്രികളിലും മിസൈൽ പതിച്ചുവെന്നും നിരവധി പേർക്ക് പരിക്കേറ്റുവെന്നും റിപ്പോർട്ടുണ്ട്.

ഇറാന്റെ മിസൈൽ ആക്രമണ കേന്ദ്രങ്ങൾ മിക്കതും തകർത്തെന്നു കഴിഞ്ഞ ദിവസം ഇസ്രയേൽ അവകാശപ്പെട്ടിരുന്നു. ഇസ്രായേലി നഗരങ്ങളെ ആക്രമിക്കാനുള്ള ഇറാന്റെ ശേഷി കുറഞ്ഞെന്നും ഇസ്രായേൽ സൈന്യം വിലയിരുത്തിയിരുന്നു. എന്നാൽ ഇന്ന് ടെൽ അവീവ്, റമത് ഗാൻ, ഹോളോൺ, ബേർശേബാ എന്നീ ഇസ്രയേലി നഗരങ്ങളിൽ ഇറാന്റെ മിസൈലുകൾ വീണു. ബേർശേബയിലെ സൊറോക്ക ആശുപത്രിയിൽ കനത്ത നാശനഷ്ടമുണ്ടായി. നിരവധി പേർക്ക് പരിക്കേറ്റെന്നാണ് പ്രാഥമിക വിവരം.

ഇറാനിലെ 80 ശതമാനം ജനങ്ങളും ഭരണകൂടത്തെ വെറുക്കുന്നു എന്നാണ് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു പറഞ്ഞത്. ഇസ്രയേലിന്‍റെ തുടർച്ചയായ സൈനിക നീക്കത്തിലൂടെ ഇറാനിൽ ഭരണമാറ്റമുണ്ടാകുമെന്നും ഫോക്സ് ന്യൂസിന് നൽകിയ അഭിമുഖത്തിൽ നെതന്യാഹു പറഞ്ഞു. ‘നിങ്ങളുടെ സ്വാതന്ത്ര്യം നേടുന്നതിന് ഇസ്രയേൽ വഴിയൊരുക്കും’ എന്ന് നേരത്തെ ഇറാൻ ജനതയോട് നെതന്യാഹു പറഞ്ഞിരുന്നു.

Scroll to load tweet…