Asianet News MalayalamAsianet News Malayalam

പത്തു ദിവസങ്ങൾക്കുള്ളിൽ സമ്പുഷ്ട യുറേനിയത്തിന്റെ അംഗീകൃത പരിധി ലംഘിക്കുമെന്ന് ഇറാൻ

തങ്ങളുടെ റിയാക്ടറുകളിൽ സംഭരിച്ചിരിക്കുന്ന ലോ ഗ്രേഡ് യുറേനിയത്തെ സമ്പുഷ്ടമാക്കുന്ന തിരക്കിലാണ് ഇറാൻ.

Iran says it will break the uranium stockpile limit agreed under nuclear deal in 10 days
Author
Tehran, First Published Jun 17, 2019, 10:52 PM IST

ടെഹ്റാന്‍: തങ്ങളുടെ റിയാക്ടറുകളിൽ സംഭരിച്ചിരിക്കുന്ന ലോ ഗ്രേഡ് യുറേനിയത്തെ സമ്പുഷ്ടമാക്കുന്ന തിരക്കിലാണ് ഇറാൻ. അടുത്ത പത്തു ദിവസങ്ങൾക്കുള്ളിൽ തങ്ങൾ ആണവകരാർ അനുവദിച്ചിട്ടുള്ള  പരിധി മറികടക്കുമെന്ന് ഇറാനിയൻ ആണവ ഏജൻസിയുടെ പ്രതിനിധിയായ ബെഹ്‌റൂസ് കമാൽവന്ദി അവകാശപ്പെട്ടു. 

അത്രക് ഘനജല റിയാക്ടർ യൂണിറ്റിൽ വെച്ച് നടത്തിയ ഒരു പ്രസ് കോണ്‍ഫറന്‍സിനിടെ, ഇറാൻ തങ്ങളുടെ ലോ എൻറിച്ച്ഡ് യുറേനിയത്തിന്റെ നിർമാണം നാലിരട്ടിയാക്കിയിട്ടുണ്ടെന്നും, ജൂൺ 27 -നു മുമ്പ് തന്നെ അനുവദിക്കപ്പെട്ടിരിക്കുന്ന 300  കിലോഗ്രാം എന്ന പരിധി മറികടക്കാൻ തങ്ങൾക്കാവും എന്നും  കമാൽവന്ദി പറഞ്ഞു. ഇത് ടെഹ്‌റാനും ലോകരാഷ്ട്രങ്ങളും തമ്മിൽ 2015-ൽ ഒപ്പുവെച്ച ആണവ ഉടമ്പടിയുടെ നഗ്നമായ ലംഘനമാവും.

"ഉപരോധങ്ങൾ നീക്കുന്നതിന് പകരം പുനഃസ്ഥാപിക്കപ്പെടുകയാണ് എന്ന്  തോന്നുന്നപക്ഷം കരാർ ഭാഗികമായോ പൂർണമായോ റദ്ദാക്കാനുള്ള അവകാശം ഇറാനുണ്ട് " കമാൽവന്ദി പറഞ്ഞു. ആണവക്കരാറിൽ ഒപ്പുവച്ചതിന്റെ പേരിൽ നീക്കിയ ഉപരോധങ്ങൾ അമേരിക്കയുടെ ഭാഗത്തുനിന്നും 2018 മെയിൽ  ട്രംപ് സർക്കാർ പുനഃസ്ഥാപിച്ചിരുന്നു.  എന്നാൽ, യൂറോപ്യൻ രാജ്യങ്ങൾക്ക് വേണമെന്നുണ്ടെങ്കിൽ ഇനിയും കരാറിനെ രക്ഷിക്കാൻ സമയമുണ്ട് എന്ന്  കമാൽവന്ദിപറഞ്ഞു. 

ഇപ്പോൾ ലക്ഷ്യമിട്ടിരിക്കുന്ന പരിധി ലംഘനത്തിന് ശേഷം യുറേനിയത്തെ 3.7ശതമാനത്തിലേക്ക് സമ്പുഷ്ടമാക്കാനാവും ഇറാൻ ശ്രമിക്കുക. ആണവ കരാർ പ്രകാരം പരമാവധി സമ്പുഷ്ടമാക്കാവുന്ന പരിധി 3.67 ആണ്. ഈ പരിധിക്കുള്ളിൽ നിന്നുകൊണ്ട് ഇറാന് വേണമെങ്കിൽ ആണവ നിലയങ്ങൾ പ്രവർത്തിപ്പിക്കാനാവും. എന്നാൽ, ആണവായുധങ്ങൾ വികസിപ്പിച്ചെടുക്കുന്നതിന് ഈ പരിധി അതിലംഘിച്ചേ മതിയാകൂ. 

ഈ പരിധിക്കകത്തു നിന്നുകൊണ്ട് പരിമിതമായ അളവിൽ സമ്പുഷ്ട യുറേനിയവും ഘനജലവും  ഉത്പാദിപ്പിക്കാനും ആവശ്യം കഴിഞ്ഞുള്ളത് കയറ്റുമതി ചെയ്യാനും ഇറാന് അനുവാദമുണ്ടായിരുന്നു. എന്നാൽ അമേരിക്ക ഏകപക്ഷീയമായി ഉപരോധം പുനഃസ്ഥാപിച്ച ശേഷം ഇറാന്റെ കയറ്റുമതി നിലച്ചിരുന്നു. അതാണ് ഇപ്പോൾ ഇങ്ങനെ ഒരു പരിധി ലംഘിച്ചുള്ള സമ്പുഷ്‌ടീകരണത്തിലേക്ക് ഇറാനെ നയിച്ചത്. 

പൂർണമായും ആണവ കരാറിൽ നിന്നും വിട്ടുനിൽക്കാൻ തല്ക്കാലം ഉദ്ദേശിക്കുന്നില്ല എങ്കിലും, കരാറിനോടുള്ള പ്രതിബദ്ധതയിൽ അയവുവരുത്താൻ ഇറാൻ തീരുമാനിച്ചതായി കഴിഞ്ഞ മാസം ഇറാൻ പ്രസിഡന്റ് ഹസൻ റൂഹാനി അറിയിച്ചതിനു ശേഷമാണ് ഇത്തരത്തിൽ ഒരു പ്രഖ്യാപനം കൂടി ഇറാൻ ആണവ കമ്മീഷന്റെ വക്താവിൽ നിന്നും വന്നിരിക്കുന്നത്. 
ഇപ്പോൾ തൽക്കാലം അധികം വരുന്ന സമ്പുഷ്ട യുറേനിയവും ഘനജലവും വിൽക്കാൻ ഉദ്ദേശിക്കുന്നില്ല എന്നും റൂഹാനി പറയുകയുണ്ടായി.

യൂറോപ്പിനുള്ള ഇറാന്‍റെ മുന്നറിയിപ്പ് 

അമേരിക്ക ഒഴികെയുള്ള പാശ്ചാത്യ പ്രതിനിധികൾ, അതായത് ഫ്രാൻസ്, ജർമനി, യുകെ എന്നിവർ, ഇടപെട്ട് അമേരിക്ക സൃഷ്ടിച്ചിരിക്കുന്ന പ്രതിബന്ധങ്ങളെ മറികടക്കാൻ തങ്ങളെ സഹായിക്കണമെന്ന് ഇറാൻ ആവശ്യപ്പെട്ടു.  ഇറാനുമായി ഒരു നീക്കുപോക്കുണ്ടാക്കുന്നതിൽ യൂറോപ്പ് കാണിക്കുന്ന ഉദാസീനതയെ ടെഹ്‌റാൻ പലപ്പോഴായി വിമർശിച്ചിട്ടുണ്ട്. ഇറാന്റെ വർധിച്ചുവരുന്ന അക്ഷമയോടെ ഒരു ലക്ഷണം കൂടിയാണ് തിങ്കളാഴ്ച വന്നിരിക്കുന്ന ഈ പത്രക്കുറിപ്പ്. യൂറോപ്യൻ രാജ്യങ്ങൾ യാതൊന്നും തന്നെ ചെയ്യുന്നില്ല എന്നും കാത്തിരുന്ന് വെറുതെ  സമയം പാഴാക്കുകയാണ് എന്നുമാണ് ഇതുവരെ തോന്നിയിട്ടുള്ളത് എന്നും കമാൽവന്ദി പറഞ്ഞു. വാക്കുകൾ കൊണ്ട് മാത്രം കാര്യമില്ല, പ്രവൃത്തികളിലാണ് കാര്യമെന്നും അദ്ദേഹം ആവർത്തിച്ചു. 

Follow Us:
Download App:
  • android
  • ios