നാവിക ഉപരോധം നീക്കാതെ അമേരിക്കയുമായി ചർച്ചയ്ക്കില്ലെന്ന് ഇറാൻ നിലപാടെടുത്തു. ഇറാന് ഇത് അവസാന അവസരമാണെന്നും കരാറിൽ എത്തിയില്ലെങ്കിൽ ആക്രമിക്കുമെന്നും യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് ഭീഷണി മുഴക്കി. ഇരു രാജ്യങ്ങൾക്കുമിടയിൽ മധ്യസ്ഥ ശ്രമവുമായി പാകിസ്ഥാൻ രംഗത്തെത്തിയിട്ടുണ്ട്.

ടെഹ്റാൻ: നാവിക ഉപരോധം നീക്കാതെ അമേരിക്കയുമായി ചർച്ചയില്ലെന്ന നിലപാടിലാണ് ഇറാൻ. തന്‍റെ പ്രതിനിധികൾ ഇറാനുമായുള്ള അടുത്ത ഘട്ട ചർച്ചയ്ക്കായി പാകിസ്ഥാനിലേക്ക് പോയെന്ന യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപിന്‍റെ പ്രഖ്യാപനത്തിന് പിന്നാലെയാണ് ഇറാനിലെ തസ്‌നിം ഏജൻസിയുടെ റിപ്പോർട്ട് . ചർച്ചയ്ക്ക് സംഘത്തെ അയക്കില്ലെന്ന നിലപാടിലാണ് ഇറാൻ. അതേസമയം മധ്യസ്ഥ ശ്രമവുമായി പാകിസ്ഥാൻ രംഗത്തെത്തി. പാക് വിദേശകാര്യമന്ത്രി ഇറാൻ വിദേശകാര്യ മന്ത്രിയെ വിളിച്ചു. ഇറാൻ കപ്പലുകൾക്ക് അമേരിക്ക ഏർപ്പെടുത്തിയ നാവിക ഉപരോധം വെടിനിർത്തൽ ലംഘനവും യുദ്ധക്കുറ്റവും ആണെന്ന് ഇറാൻ വ്യക്തമാക്കി. ആണവ സാദ്ധ്യതകൾ ഇറാന്‍റെ അടിസ്ഥാന അവകാശമാണെന്ന് ഇറാൻ പ്രസിഡന്റ് മസൂദ് പെസഷ്കിയാൻ വ്യക്തമാക്കി. തടയാൻ ആർക്കും അവകാശമില്ലെന്നും അദ്ദേഹം പറഞ്ഞു. അന്തിമ ചർച്ചയിൽ നിന്ന് വളരെ അകലെയാണെന്ന് ഇറാൻ പാർലമെന്ററി സ്പീക്കർ മുഹമ്മദ് ബാഗർ ഗാലിബാഫും പ്രതികരിച്ചു.

ട്രംപിന്‍റെ ഭീഷണി

നാളെ യുഎസ് പ്രതിനിധികൾ പാകിസ്ഥാനിൽ എത്തുമെന്ന് യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് സ്ഥിരീകരിച്ചത് ട്രൂത്ത് സോഷ്യലിലൂടെയാണ്. ഇറാന് ഇത് അവസാന അവസരമാണെന്നും കരാറിൽ എത്തിയില്ലെങ്കിൽ ആക്രമിക്കുമെന്നും ട്രംപ് ഭീഷണി മുഴക്കി. ഊർജനിലയങ്ങളും പാലങ്ങളും ഉൾപ്പെടെ എല്ലാം തകർക്കും എന്നാണ് ഭീഷണി. ഇനി നല്ല പിള്ള ചമയാനില്ലെന്നും വെടിനിർത്തൽ കരാർ ലംഘിച്ചത് ഇറാൻ ആണെന്നും ട്രംപ് പറഞ്ഞു. ഹോർമുസ് കടലിടുക്കിൽ ഇന്നലെ ഇറാൻ വെടിയുതിർത്തതിനെയും ട്രംപ് വിമർശിച്ചു. വെടിനിർത്തൽ കരാറിന്റെ പൂർണമായ ലംഘനമാണിത്. ഒരു ഫ്രഞ്ച് കപ്പലിനെയും യുകെയിൽ നിന്നുള്ള ഒരു ചരക്കു കപ്പലിനെയും ലക്ഷ്യം വച്ചായിരുന്നു ആക്രമണമെന്നും ട്രംപ് ആരോപിച്ചു. 

ഹോർമുസ് കടലിടുക്ക് അടച്ചുപൂട്ടുകയാണെന്ന് ഇറാൻ അടുത്തിടെ പ്രഖ്യാപിച്ചത് വിചിത്രമാണ്. കാരണം യുഎസ് ഇതിനകം അത് അടച്ചുപൂട്ടിയിരിക്കുകയാണ്. ഹോർമുസ് അടച്ചതിലൂടെ ഒരു ദിവസം 500 മില്യൺ ഡോളർ നഷ്ടം വരുന്നത് ഇറാന് തന്നെയാണെന്നും യുണൈറ്റഡ് സ്റ്റേറ്റ്സിന് ഒന്നും നഷ്ടപ്പെടാനില്ലെന്നും ട്രംപ് പറഞ്ഞു. നിരവധി കപ്പലുകൾ ഇപ്പോൾ ടെക്സസ്, ലൂസിയാന, അലാസ്ക എന്നിവിടങ്ങളിലേക്ക് വരുന്നുണ്ട്. തന്‍റെ പ്രതിനിധികൾ പാകിസ്ഥാനിലെ ഇസ്ലാമാബാദിലേക്ക് പോവുകയാണ്. ചർച്ചകൾക്കായി അവർ നാളെ അവിടെ ഉണ്ടാകും. അന്തിമ കരാറിൽ എത്തിയില്ലെങ്കിൽ എല്ലാം തച്ചുതകർക്കുമെന്നും ട്രംപ് ഭീഷണി മുഴക്കി.