അമേരിക്കൻ ഇടക്കാല തിരഞ്ഞെടുപ്പിനെ സ്വാധീനിക്കാൻ ലക്ഷ്യമിട്ട് ഹോർമുസ് കടലിടുക്കിൽ കപ്പലുകൾ ആക്രമിക്കാൻ ഇറാൻ പദ്ധതിയിടുന്നു. ഇതിലൂടെ ആഗോള എണ്ണവില കുത്തനെ ഉയർത്താനാണ് ഇറാന്റെ തന്ത്രം. ഈ നീക്കം മുൻകൂട്ടി കണ്ട് അമേരിക്ക നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്.

വാഷിംഗ്ടൺ: അമേരിക്കയിൽ ഇടക്കാല തിരഞ്ഞെടുപ്പിന് മുമ്പ് അന്താരാഷ്ട്ര വിപണിയിൽ എണ്ണവില ഉയർത്താൻ ലക്ഷ്യമിട്ട് ഇറാൻ. ഹോർമുസ് കടലിടുക്കിൽ വാണിജ്യ കപ്പലുകൾക്കെതിരെ പുതിയ ആക്രമണ തന്ത്രങ്ങൾ മെനയുകയാണ് ഇറാനെന്ന് അന്താരാഷ്ട്ര വാർത്താ ഏജൻസിയായ റോയിട്ടേഴ്‌സ് പുറത്തുവിട്ടു. അമേരിക്കയിലെ തെരഞ്ഞെടുപ്പ് ഫലത്തെ സ്വാധീനിക്കുകയാണ് ലക്ഷ്യം. ഹോർമുസ് വഴിയുള്ള കപ്പൽ ഗതാഗതം കൂടുതൽ തടസപ്പെടുത്തി ഇതിലൂടെ ആഗോള തലത്തിൽ എണ്ണവില കുത്തനെ ഉയർത്താനുള്ള തന്ത്രപരമായ നീക്കമാണ് ഇറാൻ നടത്തുന്നത്.

യുദ്ധം മൂലം ഉയർന്ന ആഗോള എണ്ണവില കുറയ്ക്കാനായി അമേരിക്ക നടത്തുന്ന തീവ്രശ്രമം ചെറുത്ത് തോൽപ്പിക്കാനാണ് ഇറാൻ ലക്ഷ്യമിട്ടത്. ധൗ ബോട്ടുകളും സാധാരണ ബോട്ടുകളും ഉപയോഗിച്ച് ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സ് കപ്പലുകൾക്ക് നേരെ ആക്രമണം നടത്താൻ പദ്ധതിയിട്ടതായാണ് വിവരം. ഹോർമുസ് മേഖലയിൽ ഡ്രോൺ ആക്രമണങ്ങളും നിരീക്ഷണങ്ങളും ഇറാൻ ശക്തമാക്കിയിട്ടുണ്ട്.

ഹോർമുസ് കടലിടുക്കിന് പുറമെ ഒമാൻ ഉൾക്കടൽ, യു.എ.ഇ, ഖത്തർ തുടങ്ങിയ പ്രദേശങ്ങളുടെ തീരക്കടലുകളിലേക്കും ആക്രമണം വിപുലീകരിക്കാനും ഇറാൻ നീക്കം നടത്തുന്നുണ്ട്. കഴിഞ്ഞ 48 മണിക്കൂറിനുള്ളിൽ മാത്രം ഈ മേഖലയിൽ അഞ്ചിലധികം കപ്പലുകൾക്ക് നേരെ ആക്രമണങ്ങളോ സുരക്ഷാ ഭീഷണികളോ ഉണ്ടായിട്ടുണ്ടെന്ന് യു.കെ മരിറ്റൈം ട്രേഡ് ഓപ്പറേഷൻസിന്റെ കണക്കുകൾ വ്യക്തമാക്കുന്നു.

എണ്ണവില കുതിച്ചുയർന്നാൽ അത് തെരഞ്ഞെടുപ്പിൽ ട്രംപിന് കനത്ത തിരിച്ചടിയായി മാറുമെന്ന് ഇറാൻ കണക്കുകൂട്ടുന്നു. അതേസമയം ഇറാൻ്റെ നീക്കം മുൻകൂട്ടി കണ്ട് അമേരിക്ക, പോർവിമാനങ്ങളും ഡ്രോണുകളും ഉപയോഗിച്ച് നിരീക്ഷണം കൂടുതൽ ഊർജ്ജിതമാക്കി. ആക്രമണം ശക്തമായാൽ ചരക്കുനീക്കത്തിനുള്ള ഇൻഷുറൻസ് ചെലവ് ഉയരുന്നതോടൊപ്പം ആഗോള തലത്തിൽ എണ്ണവിലയും ഉയർന്നേക്കും.