ഇറാനുമായി ചേർന്ന് തന്ത്രപ്രധാനമായ ഹോർമുസ് കടലിടുക്കിലൂടെ പോകുന്ന വാണിജ്യ കപ്പലുകളിൽ നിന്ന് ടോൾ പിരിക്കാൻ ഒമാൻ മുതിർന്നാൽ കടുത്ത പ്രത്യാഘാതങ്ങൾ നേരിടേണ്ടി വരുമെന്ന് യുഎസ് ഭരണകൂടം വ്യക്തമാക്കിയിരുന്നു.
ടെഹ്റാൻ: യുഎസ് ഭീഷണിക്ക് പിന്നാലെ ഒമാന് പിന്തുണ അറിയിച്ച് ഇറാൻ. ഇരു രാജ്യത്തെയും വിദേശകാര്യ മന്ത്രിമാർ ഫോണിൽ സംസാരിച്ചു. ഒമാന് നേരെ അമേരിക്ക ഉപരോധ ഭീഷണി ഉയർത്തിയതിന് പിന്നാലെയായിരുന്നു ആശയവിനിമയം. ഹോർമുസ് വിഷയം ചർച്ച ചെയ്‌തെന്ന് ഇറാൻ വിദേശകാര്യ മന്ത്രി അറിയിച്ചു. അയൽ രാജ്യങ്ങളെയും ചർച്ചകൾക്ക് ക്ഷണിക്കുന്നു എന്ന് ഇറാൻ വിദേശകാര്യ മന്ത്രി പറഞ്ഞു.
ഹോർമുസ് കടലിടുക്കിൽ കപ്പലുകളിൽ നിന്ന് ടോൾ ഈടാക്കാനുള്ള നീക്കത്തിനെതിരെയാണ് അമേരിക്ക മുന്നറിയിപ്പ് നൽകിയത്. ഹോർമുസ് കടലിടുക്കിൽ ടോൾ ഈടാക്കാനുള്ള നീക്കം അംഗീകരിക്കില്ല. ടോൾ ഈടാക്കാൻ സഹായിക്കുന്നവർക്ക് എതിരെയും നടപടി ഉണ്ടാകും. ഇറാന്റെ നീക്കം എല്ലാ രാജ്യങ്ങളും തള്ളിക്കളയണമെന്നാണ് അമേരിക്കയുടെ ആവശ്യം. ഇറാനുമായി ചേർന്ന് തന്ത്രപ്രധാനമായ ഈ ജലപാതയിലൂടെ പോകുന്ന വാണിജ്യ കപ്പലുകളിൽ നിന്ന് ടോൾ പിരിക്കാൻ ഒമാൻ മുതിർന്നാൽ കടുത്ത പ്രത്യാഘാതങ്ങൾ നേരിടേണ്ടി വരുമെന്ന് യുഎസ് ഭരണകൂടം വ്യക്തമാക്കിയിരുന്നു.
ഹോർമുസ് കടലിടുക്ക് അന്താരാഷ്ട്ര ജലപാതയാണെന്നും അവിടെ സഞ്ചാര സ്വാതന്ത്ര്യം തടസ്സപ്പെടുത്തുന്ന ഒരു നീക്കവും അനുവദിക്കില്ലെന്നുമാണ് അമേരിക്കയുടെ നിലപാട്. യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് വൈറ്റ് ഹൗസ് കാബിനറ്റ് യോഗത്തിൽ ഒമാനെതിരെ കടുത്ത ഭാഷയിലാണ് പ്രതികരിച്ചത്. ഒമാൻ അന്താരാഷ്ട്ര നിയമങ്ങൾ അനുസരിച്ചില്ലെങ്കിൽ സൈനിക നടപടി ഉൾപ്പെടെ നേരിടേണ്ടി വരുമെന്ന തരത്തിൽ ട്രംപ് നടത്തിയ പരാമർശങ്ങൾ വലിയ വിവാദങ്ങൾക്ക് കാരണമായിട്ടുണ്ട്. അമേരിക്കയും ഇറാനും തമ്മിലുള്ള തർക്കങ്ങളിൽ സമാധാനത്തിനായി മധ്യസ്ഥത വഹിക്കുന്ന രാജ്യമാണ് ഒമാൻ.
