ഇറാന്റെ പുതിയ പരമോന്നത നേതാവായ മുജ്തബ ഖമനെയി, അതീവ സുരക്ഷയുള്ള രഹസ്യസങ്കേതത്തിൽ ഒളിവിലെന്ന് റിപ്പോർട്ട്. ഇലക്ട്രോണിക് ഉപകരണങ്ങൾ പൂർണ്ണമായി ഒഴിവാക്കിയ അദ്ദേഹം, വിശ്വസ്തരായ ദൂതന്മാർ വഴി കൈമാറുന്ന കുറിപ്പുകളിലൂടെയാണ് ഭരണകാര്യങ്ങൾ നിയന്ത്രിക്കുന്നത്. ഈ ഒളിവുജീവിതം പാശ്ചാത്യ രാജ്യങ്ങളുമായുള്ള നയതന്ത്ര ചർച്ചകളെ സാരമായി ബാധിച്ചിട്ടുണ്ട്.

ടെഹ്റാൻ: ഇറാന്റെ പുതിയ പരമോന്നത നേതാവായ മുജ്തബ ഖമനെയി അതീവ സുരക്ഷയുള്ള രഹസ്യസങ്കേതത്തിൽ ഒളിവിൽ കഴിയുകയാണെന്ന് റിപ്പോർട്ട്. ഇസ്രായേലിന്റെയോ അമേരിക്കയുടെയോ ഭാഗത്തു നിന്ന് അദ്ദേഹത്തെ ലക്ഷ്യമിട്ട് ആക്രമണം ഉണ്ടാകാനുള്ള സാധ്യത മുന്നിൽ കണ്ടാണ് ഈ നീക്കം എന്നാണ് വിവരം. മൊബൈൽ, റേഡിയോ അടക്കം വാർത്താവിനിമയത്തിനുള്ള ഉപകരണങ്ങളെല്ലാം ഒഴിവാക്കിയ അദ്ദേഹം, വിശ്വസ്തരായ ദൂതന്മാരുടെ കൈവശം കൊടുത്തുവിടുന്ന കുറിപ്പുകളിലൂടെയാണ് ഭരണകൂടത്തിലെ ഉന്നതരുമായി സംസാരിക്കുന്നതെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. അൽ ഖ്വയ്ദ തലവൻ ഒസാമ ബിൻ ലാദന് ഒളിസങ്കേതത്തിൽ കിട്ടിയതിന് സമാനമായ സുരക്ഷാ മുൻകരുതലുകളാണ് ഖമനെയിയും പിന്തുടരുന്നതെന്ന് രഹസ്യാന്വേഷണ ഏജൻസികളെ ഉദ്ധരിച്ചുള്ള റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

Add Asianetnews as a Preferred SourcegooglePreferred

ഫെബ്രുവരി 28-ന് അമേരിക്കയും ഇസ്രായേലും സംയുക്തമായി നടത്തിയ വ്യോമാക്രമണത്തിലാണ് ഇദ്ദേഹത്തിൻ്റെ പിതാവായ ആയത്തുള്ള അലി ഖമനെയി കൊല്ലപ്പെട്ടത്. ഈ ആക്രമണത്തിൽ മുജ്തബയ്ക്കും പരിക്കേറ്റിരുന്നുവെന്നാണ് പുറത്തുവന്ന റിപ്പോർട്ടുകൾ. പിതാവിൻ്റെ മരണത്തോടെയാണ് മുജ്തബ ഖമനെയി ഇറാൻ്റെ പരമോന്നത നേതാവായി അവരോധിക്കപ്പെട്ടത്. മാർച്ചിൽ അധികാരമേറ്റെങ്കിലും അദ്ദേഹം ഇതുവരെ പൊതുജനങ്ങൾക്ക് മുന്നിലെത്തിയിട്ടില്ല. ഇസ്രായേൽ ചാരസംഘടനകളുടെ നിരീക്ഷണം ഭയന്ന് ടെലിഫോണോ മറ്റ് ഇലക്ട്രോണിക് സംവിധാനങ്ങളോ അദ്ദേഹം ഉപയോഗിക്കുന്നില്ല. കൈകൊണ്ട് എഴുതിയ കത്തുകൾ രഹസ്യ ദൂതന്മാർ വഴി കൈമാറുന്ന രീതിയാണ് ആശ്രയിക്കുന്നത്.

ഇറാനും പാശ്ചാത്യ രാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ചർച്ചകളെ ഖമനെയിയുടെ ഒളിവുജീവിതം സാരമായി ബാധിച്ചിട്ടുണ്ട്. അമേരിക്കയിൽ നിന്നുള്ള നിർദ്ദേശങ്ങളും കരാറുകളും മുജ്തബ ഖമേനിയുടെ പക്കൽ എത്താനും അതിൽ മറുപടി വരാനും ആഴ്ചകളോളം സമയമെടുക്കുന്നു. ഇറാനിലെ ഉന്നത ഉദ്യോഗസ്ഥർക്ക് പോലും അദ്ദേഹം എവിടെയാണ് കഴിയുന്നതെന്നോ എങ്ങനെ ബന്ധപ്പെടണമെന്നോ അറിയില്ല. ചർച്ചകളിൽ പങ്കെടുക്കുന്ന ഇറാന്റെ പ്രതിനിധികൾ പലപ്പോഴും നേതാവിൽ നിന്നുള്ള നിർദ്ദേശങ്ങൾക്കായി ഏറെക്കാലം കാത്തിരിക്കേണ്ടി വരുന്നുണ്ട്.

നിലവിൽ ഇറാനിലെ വിശുദ്ധ നഗരമായ ഖോമിലെ ഗർഭ ബങ്കറുകളിലൊന്നിൽ അദ്ദേഹം ചികിത്സയിൽ കഴിയുകയാണെന്നും സൂചനയുണ്ട്. രാജ്യത്തെ പല മുതിർന്ന ഉദ്യോഗസ്ഥരും ഇസ്രായേലിന്റെ ഡ്രോൺ ആക്രമണങ്ങൾ ഭയന്ന് ഭൂഗർഭ കേന്ദ്രങ്ങളിലേക്ക് മാറിയിട്ടുണ്ട്. ഇറാൻ വിപ്ലവ ഗാർഡിലെ (IRGC) മുതിർന്ന കമാൻഡർമാരുടെ മേൽനോട്ടത്തിലാണ് ഖമേനിയുടെ സുരക്ഷാ ക്രമീകരണങ്ങൾ നടക്കുന്നത്.