മുജ്തബ ഖമനെയി ഭരണ നിർവ്വഹണത്തിന് കഴിയാത്ത വിധം അശക്തനാണെന്നും കോം നഗരത്തിൽ അതീവ ഗുരുതരാവസ്ഥയിൽ ചികിത്സയിലാണെന്നും റിപ്പോർട്ടുകൾ

ടെഹ്റാൻ:ഇറാന്റെ പുതിയ പരമോന്നത നേതാവായി നിയമിതനായ മുജ്തബ ഖമനെയി ഭരണ നിർവ്വഹണത്തിന് കഴിയാത്ത വിധം അശക്തനാണെന്നും കോം നഗരത്തിൽ അതീവ ഗുരുതരാവസ്ഥയിൽ ചികിത്സയിലാണെന്നും റിപ്പോർട്ടുകൾ. അമേരിക്കൻ ഇന്റലിജൻസ് റിപ്പോർട്ടുകളെ ഉദ്ധരിച്ച് ബ്രിട്ടീഷ് പത്രം 'ദി ടൈംസ്' ആണ് ഈ വാർത്ത പുറത്തുവിട്ടത്. ഇതോടെ രാജ്യത്തിന്റെ യഥാർത്ഥ നിയന്ത്രണം ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സ് പൂർണ്ണമായും ഏറ്റെടുത്തതായാണ് സൂചന. അലി ഖമനെയി കൊല്ലപ്പെട്ട അതേ വ്യോമാക്രമണത്തിൽ മുജ്തബയുടെ കാലുകൾക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. നിലവിൽ അദ്ദേഹം ബോധരഹിതനാണെന്നും മരുന്നുകളോട് പ്രതികരിക്കുന്നില്ലെന്നുമാണ് റിപ്പോർട്ട് വിശദമാക്കുന്നത്. ഇറാന്‍ ഇസ്രയേല്‍ യുദ്ധം ആരംഭിച്ചതിന് ശേഷം ഇതാദ്യമായാണ് മുജ്തബ ഖമനെയി എവിടെ എന്ന ചോദ്യത്തിന് ഒരു ഉത്തരം ലഭിക്കുന്നത്. അതേസമയം റിപ്പോർട്ടിലെ വാദത്തേക്കുറിച്ച് ഇറാന്‍ ഇതുവരെ പ്രതികരിച്ചിട്ടല്ല. ടെഹ്‌റാനിൽ നിന്ന് 140 കിലോമീറ്റർ അകലെയാണ് ഷിയ ഇസ്‌ലാം വിശ്വാസികൾ പവിത്രമായി കണക്കാക്കുന്ന ഖോം സ്ഥിതി ചെയ്യുന്നത്.

Add Asianetnews as a Preferred SourcegooglePreferred

ഭരണകൂടത്തിന്റെ ഒരു തീരുമാനത്തിലും നടപടിക്രമങ്ങളിലും അദ്ദേഹത്തിന് പങ്കെടുക്കാന്‍ കഴിയില്ല എന്നാണ് അമേരിക്കൻ, ഇസ്രയേലി ഇന്റലിജൻസ് വൃത്തങ്ങള്‍ ഗൾഫ് സഖ്യകക്ഷികള്‍ക്ക് നല്‍കിയെന്ന് കരുതപ്പെടുന്ന നയതന്ത്ര സന്ദേശത്തിലുള്ളത്. ഫെബ്രുവരി 28 നാണ് ഇറാനെതിരായ അമേരിക്ക ഇസ്രയേൽ ആക്രമണങ്ങളിൽ മുജ്തബ ഖമനെയിയുടെ പിതാവ് ആയത്തുല്ല ഖമനെയി കൊല്ലപ്പെടുന്നത്. ഈ ആക്രമണത്തില്‍ പിതാവിനെ കൂടാതെ മാതാവിനെയും ഭാര്യയെയും മകനെയും മുജ്തബ ഖമനയിക്ക് നഷ്ടപ്പെട്ടിരുന്നു. പിന്നാലെ മാർച്ച് ആദ്യം ആയത്തുല്ല ഖമനെയിയുടെ പിൻഗാമിയായി അദ്ദേഹം ഇറാന്‍ പരമോന്നത നേതാവായി തിരഞ്ഞെടുക്കപ്പെടുകയും ചെയ്യുകയായിരുന്നു.

എന്നാല്‍ യുദ്ധം ആരംഭിച്ചതിനുശേഷം മുജ്തബ ഖമനയിയെ പൊതുമധ്യത്തിൽ കാണുകയോ കേൾക്കുകയോ ചെയ്തിട്ടില്ല. ഇറാന്‍ പരമോന്നത നേതാവായതിന് ശേഷം മുജ്തബ പുറപ്പെടുവിച്ചു എന്ന് പറയുന്ന നിരവധി പ്രസ്താവനകൾ ഇറാനിയൻ സ്റ്റേറ്റ് ടെലിവിഷന്‍ ടെലികാസ്റ്റ് ചെയ്തിട്ടുണ്ട്. എന്നാല്‍ അദ്ദേഹത്തിന്‍റെ ശബ്ദമോ ദൃശ്യങ്ങളോ പുറത്തുവിട്ടിരുന്നില്ല. ഇത് മുജ്തബ ഖമനയി ഗുരുതരാവസ്ഥയിൽ തുടരുന്നുവെന്ന റിപ്പോർട്ടുകൾക്ക് ആക്കം കൂട്ടുന്നതാണ്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് വീഡിയോ കാണാം