Asianet News MalayalamAsianet News Malayalam

ദുബായിയേയും ഇസ്രയേലിനേയും ആക്രമിക്കുമെന്ന് ഇറാന്‍റെ മുന്നറിയിപ്പ്

. ആവശ്യമെങ്കില്‍ യുഎഇയിലെ ദുബായിലും ഇസ്രയേലിലെ ഹൈഫയിലും ഞങ്ങള്‍ ബോംബിടും - ഇറാന്‍ റെവല്യൂഷണറി ഗാര്‍ഡ് മുന്നറിയിപ്പില്‍ പറയുന്നു. 

Iran 'threatens to hit Israel and even Dubai
Author
Dubai - United Arab Emirates, First Published Jan 8, 2020, 10:26 AM IST

ദുബായ്: യുഎസ് സൈനികരെ ലക്ഷ്യമിട്ട് ഇറാഖിലെ ഇര്‍ബിലിലും അല്‍ അസദിലും നടത്തിയ മിസൈലാക്രമണത്തിന് പ്രതികാരമായി യുഎസ് തങ്ങളെ ആക്രമിച്ചാല്‍ ദുബായിയേയും ഇസ്രയേലിനേയും ആക്രമിക്കുമെന്ന് ഇറാന്‍റെ മുന്നറിയിപ്പ്. ഇറാന്‍ റവല്യൂഷണറി ഗാര്‍ഡ് ആണ് ഇങ്ങനെയൊരു മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. ഇറാന്‍റെ ഔദ്യോഗിക വാര്‍ത്ത ഏജന്‍സിയായ ഐആര്‍എന്‍എയാണ് ഇതുസംബന്ധിച്ച വാര്‍ത്ത പുറത്തു വിട്ടിരിക്കുന്നത്. ഇറാന്‍റെ ഔദ്യോഗിക ടെലിവിഷന്‍ ചാനലിലൂടെ ഈ ഭീഷണി ആവര്‍ത്തിക്കുകയും ചെയ്തിട്ടുണ്ട്. 

അമേരിക്കയുടെ എല്ലാ സഖ്യരാജ്യങ്ങളേയും ഞങ്ങള്‍ താക്കീത് ചെയ്യുകയാണ്. തീവ്രവാദിക്കൂട്ടമായ അമേരിക്കന്‍ സൈന്യത്തിന് താവളമൊരുക്കാന്‍ തങ്ങളുടെ മണ്ണ് വിട്ടു കൊടുക്കുന്ന അമേരിക്കന്‍ സഖ്യരാജ്യങ്ങള്‍ സൂക്ഷിക്കുക. ഇറാനെതിരെ എന്തെങ്കിലും നീക്കം നിങ്ങളുടെ മണ്ണില്‍ നിന്നുമുണ്ടായാല്‍ അവിടം ഞങ്ങളുടെ ലക്ഷ്യമായിരിക്കും. ആവശ്യമെങ്കില്‍ യുഎഇയിലെ ദുബായിലും ഇസ്രയേലിലെ ഹൈഫയിലും ഞങ്ങള്‍ ബോംബിടും - ഇറാന്‍ റെവല്യൂഷണറി ഗാര്‍ഡ് മുന്നറിയിപ്പില്‍ പറയുന്നു. 

അതേസമയം ഇറാഖില്‍ ഇറാന്‍ നടത്തിയ ആക്രമണത്തിന് പിന്നാലെ മധ്യപൂര്‍വ്വേഷ്യയില്‍ സ്ഥിതഗതികള്‍ കൂടുതല്‍ സംഘര്‍ഷാവസ്ഥയിലേക്ക് നീങ്ങുകയാണ്. ഗള്‍ഫ് മേഖലയിലൂടെ വിമാനസര്‍വ്വീസ് നടത്തുന്നില്‍ നിന്നും തങ്ങളുടെ രാജ്യത്തെ വിമാനക്കമ്പനികളെ അമേരിക്ക വിലക്കി. ബ്രിട്ടന്‍റെ രണ്ട് യുദ്ധക്കപ്പലുകള്‍ തുടര്‍നിര്‍ദേശം കാത്ത് മേഖലയില്‍ നിലയുറപ്പിച്ചിട്ടുണ്ട്. 

ഇറാഖിലെ സൈനിക കേന്ദ്രങ്ങള്‍ക്ക് നേരെ ഇറാന്‍ ആക്രമണം നടത്തിയെന്ന വിവരം പെന്‍റഗണ്‍ സ്ഥിരീകരിച്ച ശേഷം അമേരിക്കന്‍ പ്രസിഡന്‍റിന്‍റെ ഔദ്യോഗിക വസതിയായ വൈറ്റ് ഹൗസില്‍ തിരക്കിട്ട യോഗങ്ങളും ചര്‍ച്ചകളും നടന്നിരുന്നു . ഇറാന്‍റെ മിസൈല്‍ ആക്രമണത്തിന്‍റെ പശ്ചാത്തലത്തില്‍ അമേരിക്കന്‍ പ്രസിഡ‍ന്‍റ് ഡൊണാള്‍ഡ് ട്രംപ് രാജ്യത്തെ അഭിസംബോധന ചെയ്തു സംസാരിക്കും എന്ന് ആദ്യം വാര്‍ത്ത വന്നെങ്കിലും പിന്നീട് അദ്ദേഹം പ്രതികരണം ട്വീറ്റില്‍ ഒതുക്കി. ഇറാന്‍ വിഷയത്തില്‍ നാളെ ഔദ്യോഗിക പ്രതികരണം ഉണ്ടാവും എന്ന് ട്രംപ് വ്യക്തമാക്കിയിട്ടുണ്ട്. 

Follow Us:
Download App:
  • android
  • ios