കാലിഫോർണിയ, അരിസോണ തുടങ്ങിയ വരണ്ട പ്രദേശങ്ങളിലെ മണ്ണിലാണ് ഈ ഫംഗസ് സാധാരണയായി കണ്ടുവരുന്നത്. കാറ്റിലോ മണ്ണ് കുഴിക്കുമ്പോഴോ വായുവിൽ കലരുന്ന ഈ സൂക്ഷ്മജീവികൾ ശ്വാസകോശത്തിൽ എത്തുമ്പോഴാണ് അണുബാധ ഉണ്ടാകുന്നത്
കാലിഫോർണിയ: അപൂർവ ഫംഗസ് ബാധ. കാലിഫോർണിയയിൽ ഇന്ത്യൻ ടെക്കിക്ക് ദാരുണാന്ത്യം.അമേരിക്കയിലെ കാലിഫോർണിയയിൽ ജോലി ചെയ്തിരുന്ന മുപ്പത്തിയേഴുകാരനായ ഇന്ത്യൻ സോഫ്റ്റ്‌വെയർ എൻജിനീയർ ചിരഞ്ജീവി കൊല്ലയാണ് മരണപ്പെട്ടത്. ഒരു മാസം നീണ്ടുനിന്ന കഠിനമായ പോരാട്ടത്തിനൊടുവിൽ വാലി ഫീവർ എന്ന ഫംഗസ് അണുബാധയെത്തുടർന്ന് 37കാരൻ മരണത്തിന് കീഴടങ്ങിയത്. കാലിഫോർണിയയിലെ വാൾനട്ട് ക്രീക്കിലുള്ള കൈസർ പെർമനന്റ് ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം. ഭാര്യ പവനി മറെല്ലയും അഞ്ച് വയസ്സുകാരനായ മകൻ വിഹാനും ഉൾപ്പെടുന്ന കുടുംബത്തിന്റെ ഏക അത്താണിയായിരുന്നു 37കാരൻ.

ഏപ്രിൽ മാസത്തിന്റെ തുടക്കത്തിൽ സാധാരണ പനിയുടെ ലക്ഷണങ്ങളോടെയാണ് അസുഖം ആരംഭിച്ചത്. ചുമയും ചെറിയ പനിയും കണ്ടതിനെത്തുടർന്ന് സാധാരണ ചികിത്സകൾ നടത്തിയെങ്കിലും ആരോഗ്യനില വഷളാവുകയായിരുന്നു. തുടർന്ന് അദ്ദേഹത്തെ അത്യാഹിത വിഭാഗത്തിൽ പ്രവേശിപ്പിച്ചു. ആദ്യഘട്ടത്തിൽ ഡോക്ടർമാർ ഇത് തീവ്രമായ ന്യുമോണിയ ആണെന്നാണ് സംശയിച്ചിരുന്നത്. എന്നാൽ വിശദമായ പരിശോധനകൾക്കൊടുവിൽ, തെക്കുപടിഞ്ഞാറൻ അമേരിക്കൻ സംസ്ഥാനങ്ങളിൽ കണ്ടുവരുന്ന 'കോക്സിഡിയോയിഡ്സ്' എന്ന ഫംഗസ് മൂലമുണ്ടാകുന്ന വാലി ഫീവർ ആണെന്ന് സ്ഥിരീകരിക്കുകയായിരുന്നു.
ഈ ഫംഗസ് അദ്ദേഹത്തിന്റെ ശ്വാസകോശത്തെ മാരകമായി ബാധിക്കുകയും ശ്വസനപ്രക്രിയയെ തകരാറിലാക്കുകയും ചെയ്തു. മുപ്പത് ദിവസത്തോളം തീവ്രപരിചരണ വിഭാഗത്തിൽ വെന്റിലേറ്ററിന്റെ സഹായത്തോടെ ജീവൻ നിലനിർത്താൻ ഡോക്ടർമാർ പരമാവധി ശ്രമിച്ചെങ്കിലും മരുന്നുകളോട് പ്രതികരിക്കാനാവാത്ത വിധം ശരീരം തളർന്നുപോയിരുന്നു. ഹൈദരാബാദിലും മറ്റും ജോലി ചെയ്തിരുന്ന ചിരഞ്ജീവി പിന്നീട് ഉപരിപഠനത്തിനും ജോലിക്കുമായിട്ടാണ് അമേരിക്കയിലേക്ക് കുടിയേറിയത്. നിലവിൽ അദ്ദേഹത്തിന്റെ കുടുംബത്തെ സഹായിക്കാനായി ബന്ധുക്കൾ ക്രൗഡ് ഫണ്ടിംഗ് വഴി സഹായം തേടുന്നുണ്ട്. ചികിത്സാ ചിലവുകൾക്കും മൃതദേഹം നാട്ടിലെത്തിച്ച് അന്ത്യകർമ്മങ്ങൾ ചെയ്യാനുമുള്ള തുക കണ്ടെത്താനാണ് ഈ ശ്രമം.
മണ്ണിലുള്ള 'കോക്സിഡിയോയിഡ്സ്' എന്ന ഫംഗസിന്റെ അംശം ശ്വസിക്കുന്നതിലൂടെയാണ് ഈ രോഗം മനുഷ്യരിലേക്ക് പകരുന്നത്. കാലിഫോർണിയ, അരിസോണ തുടങ്ങിയ വരണ്ട പ്രദേശങ്ങളിലെ മണ്ണിലാണ് ഈ ഫംഗസ് സാധാരണയായി കണ്ടുവരുന്നത്. കാറ്റിലോ മണ്ണ് കുഴിക്കുമ്പോഴോ വായുവിൽ കലരുന്ന ഈ സൂക്ഷ്മജീവികൾ ശ്വാസകോശത്തിൽ എത്തുമ്പോഴാണ് അണുബാധ ഉണ്ടാകുന്നത്. മിക്കവരിലും ഇത് ചെറിയ പനിയായി മാറിപ്പോകാറുണ്ടെങ്കിലും, ചിലരിൽ ഇത് ചിരഞ്ജീവിയുടെ കാര്യത്തിലെന്നപോലെ ശ്വാസകോശത്തെ പൂർണ്ണമായും തകർക്കുന്ന രീതിയിൽ മാരകമായി മാറാം. പനി, ചുമ, നെഞ്ചുവേദന, വിട്ടുമാറാത്ത ക്ഷീണം എന്നിവയാണ് ഇതിന്റെ പ്രധാന ലക്ഷണങ്ങൾ.


