സ്വന്തം കുഞ്ഞിനെ ചുംബിക്കുമ്പോൾ ആ സ്നേഹവും സുരക്ഷിതത്വവും അനുഭവിക്കുന്ന കരോളിൻ, മിനാബ് സ്‌കൂളിൽ കൊല്ലപ്പെട്ട ആ പിഞ്ചുകുട്ടികളുടെ മാതാപിതാക്കളുടെ വേദനയും ഓർക്കണമെന്നായിരുന്നു ഇറാന്റെ ഔദ്യോഗിക പ്രതികരണം

വാഷിംഗ്ടൺ: അമേരിക്കൻ വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരോളിൻ ലീവിറ്റും ഇറാനും തമ്മിലുള്ള നയതന്ത്ര യുദ്ധം അതീവ വൈകാരികമായ നിലയിലേക്ക് . ഇറാനിലെ മിനാബ് സ്‌കൂൾ കൂട്ടക്കൊലയെക്കുറിച്ച് ഓർമ്മിപ്പിച്ചുകൊണ്ടാണ് കരോളിൻ ലീവിറ്റിന് അടുത്തിടെ ഒരു കുഞ്ഞ് ജനിച്ചതിനുള്ള ആശംസകൾ ഇറാൻ നേർന്നത്. ഇറാന്റെ പരാമർശം വലിയ രീതിയിലാണ് ചർച്ച ചെയ്യപ്പെടുന്നത്. സ്വന്തം കുഞ്ഞിനെ ചുംബിക്കുമ്പോൾ ആ സ്നേഹവും സുരക്ഷിതത്വവും അനുഭവിക്കുന്ന കരോളിൻ, മിനാബ് സ്‌കൂളിൽ കൊല്ലപ്പെട്ട ആ പിഞ്ചുകുട്ടികളുടെ മാതാപിതാക്കളുടെ വേദനയും ഓർക്കണമെന്നായിരുന്നു ഇറാന്റെ ഔദ്യോഗിക പ്രതികരണം. നിങ്ങൾ നിങ്ങളുടെ കുഞ്ഞിനെ ചുംബിക്കുമ്പോൾ, മിനാബിനെ മറക്കരുത് എന്ന സന്ദേശം ഒരു നയതന്ത്ര കുറിപ്പിനേക്കാളുപരി കടുത്ത മുന്നറിയിപ്പും പ്രതിഷേധവുമായിട്ടാണ് ലോകം വിലയിരുത്തുന്നത്. 150ഓളം പെൺകുട്ടികളുടെ ജീവൻ കവർന്ന ആ മിസൈൽ ആക്രമണത്തിൽ തങ്ങൾക്ക് പങ്കില്ലെന്ന അമേരിക്കയുടെയും കരോളിൻ ലീവിറ്റിന്റെയും പഴയ നിലപാടിനെതിരെയുള്ള രൂക്ഷമായ വിമർശനം കൂടിയാണ് ഇറാന്റെ ആശംസ.

Add Asianetnews as a Preferred SourcegooglePreferred

മിനാബ് ദുരന്തം നടന്ന സമയത്ത് അമേരിക്കയുടെ ഭാഗത്തുനിന്നുണ്ടായ വിശദീകരണങ്ങൾ അപക്വമായിരുന്നു. സിവിലിയൻ മരണങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ അമേരിക്ക മറച്ചുവെച്ചുവെന്നും, മാധ്യമപ്രവർത്തകർക്ക് മുന്നിൽ കരോളിൻ ലീവിറ്റ് ഈ ദാരുണ സംഭവത്തെ നിസ്സാരവൽക്കരിച്ചുവെന്നുമാണ് ഇറാന്റെ പ്രധാന ആരോപണം. ആ ദുരന്തത്തിൽ മരിച്ച ഓരോ കുട്ടിക്കും കരോളിന്റെ കുഞ്ഞിനെപ്പോലെ തന്നെ സ്വപ്നങ്ങളും അവരെ സ്നേഹിക്കുന്ന മാതാപിതാക്കളും ഉണ്ടായിരുന്നുവെന്ന് ഓർമ്മിപ്പിക്കുന്നതാണ് നിലവിലെ ഇറാൻറെ ആശംസ. എന്നാൽ ഒരു വ്യക്തിയുടെ സ്വകാര്യ ജീവിതത്തിലെ സന്തോഷകരമായ നിമിഷത്തെ ഒരു രാഷ്ട്രീയ ദുരന്തവുമായി ബന്ധിപ്പിച്ചു കൊണ്ടുള്ള ഇറാന്റെ ഈ നീക്കം തികച്ചും അസാധാരണമാണ്. ഇത് ഒരുതരം മനശാസ്ത്രപരമായ യുദ്ധം ആണെന്ന് ചില രാഷ്ട്രീയ നിരീക്ഷകർ അഭിപ്രായപ്പെടുന്നു. അമേരിക്കൻ ഉദ്യോഗസ്ഥർക്ക് അവരുടെ തീരുമാനങ്ങളുടെ അനന്തരഫലങ്ങൾ വൈകാരികമായ രീതിയിൽ അനുഭവപ്പെടുത്തുക എന്നതാണ് ഇതിലൂടെ ഇറാൻ ലക്ഷ്യമിടുന്നതെന്നും രാഷ്ട്രീയ നിരീക്ഷകർ വിശദമാക്കുന്നത്.

മിനാബ് സ്കൂൾ ദുരന്തം ഒരു നയതന്ത്ര തർക്കം എന്നതിലുപരി രണ്ട് രാജ്യങ്ങൾ തമ്മിലുള്ള ആഴത്തിലുള്ള വിദ്വേഷത്തിന്റെ പ്രതീകമായി മാറിയിരിക്കുകയാണ്. സത്യം പുറത്തുകൊണ്ടുവരണമെന്ന ആവശ്യത്തിൽ ഇറാൻ ഉറച്ചുനിൽക്കുമ്പോൾ, ഈ വൈകാരികമായ ഓർമ്മപ്പെടുത്തലിലൂടെ കരോളിൻ ലീവിറ്റിനെയും അമേരിക്കൻ ഭരണകൂടത്തെയും ആഗോളതലത്തിൽ പ്രതിരോധത്തിലാക്കാനാണ് ഇറാൻ ശ്രമിക്കുന്നത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് വീഡിയോ കാണാം