ചർച്ചകൾക്ക് മുന്നോടിയായി അമേരിക്കയ്ക്ക് മുന്നിൽ വെച്ച ഉപാധികൾ ഇറാൻ പുതുക്കി നൽകിയേക്കുമെന്ന് റിപ്പോർട്ടുകൾ. ആണവ വിഷയം ഏറ്റവും അവസാനം മാത്രം പരിഗണിക്കുന്ന തരത്തിലെ ഉപാധികൾ അമേരിക്ക തള്ളിയെന്ന സൂചനകൾക്കിടെയാണിത്.
ദുബായ്: ചർച്ചകൾക്ക് മുന്നോടിയായി അമേരിക്കയ്ക്ക് മുന്നിൽ വെച്ച ഉപാധികൾ ഇറാൻ പുതുക്കി നൽകിയേക്കുമെന്ന് റിപ്പോർട്ടുകൾ. ആണവ വിഷയം ഏറ്റവും അവസാനം മാത്രം പരിഗണിക്കുന്ന തരത്തിലെ ഉപാധികൾ അമേരിക്ക തള്ളിയെന്ന സൂചനകൾക്കിടെയാണിത്. മേഖലയിൽ ഇറാൻ നടത്തിയ ആക്രമണങ്ങളുടെ പശ്ചാത്തലത്തിൽ ജിസിസിയെ ആകെ ബന്ധിപ്പിച്ചുള്ള എണ്ണ പൈപ്പ്ലൈൻ ഉൾപ്പടെ ഒറ്റക്കെട്ടായുള്ള പദ്ധതികൾ ഊർജ്ജിതമാക്കാനൊരുങ്ങുകയാണ് ജിസിസി രാജ്യങ്ങൾ. അന്താരാഷ്ട്ര വിപണിയിലേക്ക് കൂടുതൽ എണ്ണ എത്തിക്കാൻ ലക്ഷ്യമിട്ടാണ് ഒപെക് വിടാനുള്ള യുഎഇ തീരുമാനമെന്ന് പ്രസ്താവനകൾ വ്യക്തമാക്കുന്നു.
കാര്യമായ ചലനങ്ങളില്ലെങ്കിലും ചർച്ചകൾക്കുള്ള വഴി ഇനിയും തുറന്നു തന്നെ കിടക്കുന്നുവെന്നാണ് വിവിധ മേഖലകളിലെ ഇടപെടലുകൾ സൂചിപ്പിക്കുന്നത്. ഇറാനെ ആക്രമിക്കില്ലെന്ന സുരക്ഷാ ഗ്യാരണ്ടി ലഭിച്ചാൽ ഹോർമൂസ് തുറക്കുന്നതും ആണവ വിഷയവും പരിഗണിക്കാമെന്ന ഇറാന്‍റെ ഉപാധി അമേരിക്ക തള്ളിയിരുന്നു. ഈ സാഹചര്യത്തിലാണ് ഇവ പുതുക്കി നൽകാൻ ഇറാൻ ഒരുങ്ങുന്നത് എന്നാണ് വിവിധ റിപ്പോർട്ടുകൾ. പരമോന്നത നേതാവുമായി കൂടിക്കാഴ്ച്ച നടത്തിയ ശേഷമാകും ഇത് എന്നും പറയപ്പെടുന്നു. ഇറാനെ സാമ്പത്തിക ഉപരോധം കടുപ്പിക്കുന്നതിന്‍റെ ഭാഗമായി നിഴൽ ബാങ്കിങ് നെറ്റ് വർക്ക് വഴി ഫണ്ടെത്തിച്ച 35 കമ്പനികൾക്കും വ്യക്തികൾക്കും കൂടി അമേരിക്ക ഉപരോധം ചുമത്തി.
ഹോർമൂസിൽ പണം പിരിക്കുന്നത് അംഗീകരിക്കില്ലെന്ന് ഇന്നലെ നടന്ന ജിസിസി ഉച്ചകോടി വ്യക്തമാക്കി. ഇറാന്‍റെ ഭീഷണി മറികടക്കാൻ ജിസിസിയുടെ സൈനിക ഏകീകരണം, ജിസിസിയെ ബന്ധിപ്പിച്ചുള്ള എണ്ണ, ഗ്യാസ് പൈപ്പ് ലൈൻ, റെയിൽ നെറ്റ് വർക്ക്, ജിസിസിയിലാകെ എത്തുന്ന ശുദ്ധജല സംവിധാനം, വൈദ്യുതി ശൃംഖല എന്നിവയാണ് ജിസിസി ആലോചിക്കുന്നത്. ബലിസ്റ്റിക് മിസൈലുകൾക്ക് എതിരെ മുന്നറിയിപ്പിന് സംവിധാനം, തന്ത്രപ്രധാന കരുതൽ ശേഖരവും ആലോചിക്കുന്നു. ഒപ്പെക് വിടാനുള്ള യുഎഇ പ്രഖ്യാപനം ജിസിസിയിൽ ഇപ്പോഴും വലിയ ചർച്ചയാണ്. തങ്ങളുടെ ഉൽപ്പാദന ശേഷി തിരിച്ചറിഞ്ഞും വിപണിയിലെ ആവശ്യകത മനസ്സിലാക്കിയുമാണ് തീരുമാനമെന്ന് വിവിധ യുഎഇ മന്ത്രിമാർ വ്യക്തമാക്കി.



