Asianet News MalayalamAsianet News Malayalam

'ഇനി അമേരിക്കയുടെ മരണം': കാസിം സൊലേമാനിയുടെ വിലാപയാത്രയിൽ അണിനിരന്ന് ലക്ഷങ്ങൾ

ലക്ഷക്കണക്കിന് ആളുകളാണ്, ഇറാനിയൻ നഗരമായ അഹ്‍വാസിൽ സൊലേമാനിക്ക് ആദരാഞ്ജലികൾ അർപ്പിക്കാനായി ഒത്തുകൂടിയത്. ബാഗ്ദാദിലെ അന്താരാഷ്ട്ര വിമാനത്താവളത്തിൽ അമേരിക്ക നടത്തിയ വ്യോമാക്രമണത്തിലാണ് സൊലേമാനി കൊല്ലപ്പെട്ടത്.

Iran US Conflict Soleimani assassination Mourners flood the streets as body returns to Iran
Author
Ahvaz, First Published Jan 5, 2020, 5:54 PM IST

അഹ്‍വാസ്, ഇറാൻ: അമേരിക്കയുടെ വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ട ഖുദ്സ് ഫോഴ്സ് തലവൻ കാസിം സൊലേമാനിയുടെ മൃതദേഹാവശിഷ്ടങ്ങൾ വഹിച്ചുകൊണ്ടുള്ള വിലാപയാത്രയിൽ അണിനിരന്നത് ലക്ഷങ്ങൾ. ഇറാനിയൻ നഗരമായ അഹ്‍വാസിൽ നിന്ന് ടെഹ്‍റാനിലേക്കുള്ള വിലാപയാത്രയിൽ നെഞ്ചിലടിച്ച് 'ഇനി അമേരിക്കയുടെ മരണം' എന്ന മുദ്രാവാക്യങ്ങളുമായി ലക്ഷങ്ങൾ തെരുവിലിറങ്ങി.

Image result for soleimani funeral

ഇറാനിയൻ പതാകയിൽ പൊതിഞ്ഞായിരുന്നു സൊലേമാനിയുടെ മൃതദേഹാവശിഷ്ടങ്ങൾ വഹിച്ചുള്ള പെട്ടി കൊണ്ടുവന്നത്. ഇത് താഴെയിറക്കുമ്പോൾ, സൈനിക ബാൻഡുകൾ കൂട്ടത്തോടെ ശബ്ദിച്ചു. ആൾക്കൂട്ടം നിശ്ചലരായി ആദരമർപ്പിച്ച് നിന്നു. അതിന് ശേഷം, വിലാപയാത്രയായി, അഹ്‍വാസിലേക്ക്. നഗരത്തിലെ പ്രധാനപ്പെട്ട മൊല്ലവി സ്ക്വയറിൽ വെള്ളയും പച്ചയുമായ പതാകകളും സൊലേമാനിയുടെ ചിത്രങ്ങളും ഏന്തി എത്തിയ ജനക്കൂട്ടം, അമേരിക്കാ വിരുദ്ധ മുദ്രാവാക്യങ്ങൾ തുടർച്ചയായി മുഴക്കി മുന്നോട്ടു നീങ്ങി.

''ഇതാണ് ഇറാനിയൻ ജനതയുടെ ശബ്ദം, കേൾക്ക് ട്രംപ്'', എന്നും, ''ഇനി അമേരിക്കയുടെ മരണം'', എന്നും മുദ്രാവാക്യങ്ങൾ മുഴങ്ങി. 

സൊലേമാനിയ്ക്ക് ഒപ്പം കൊല്ലപ്പെട്ട അഞ്ച് ഇറാനിയൻ സൈനികോദ്യോഗസ്ഥരുടെ മൃതദേഹങ്ങളും, ഇറാഖി കമാൻഡർ അബു മഹ്ദി മുഹാന്ദിസ് എന്നിവരുടെ മൃതദേഹങ്ങളും ഒപ്പം കൊണ്ടുവന്നു. 

മിഡിൽ ഈസ്റ്റ് മേഖലയിൽ ഇറാന്‍റെ വിദേശകാര്യ നീക്കങ്ങൾക്ക് ചുക്കാൻ പിടിച്ചിരുന്ന കാസിം സൊലേമാനി, ഇറാനിലെ പരമാധികാരി ആയത്തൊള്ള അല ഖൊമൈനി കഴിഞ്ഞാൽ രണ്ടാമത്തെ ഏറ്റവും ശക്തനായ നേതാവായാണ് കരുതപ്പെട്ടിരുന്നത്. ഇറാനും അമേരിക്കയും തമ്മിലുള്ള നയതന്ത്രബന്ധം തന്നെ തകിടം മറിക്കുന്ന, യുദ്ധത്തിലേക്ക് പോകാൻ എല്ലാ സാധ്യതകളും മുന്നോട്ടുവയ്ക്കുന്ന നടപടിയാണ്, സൊലേമാനിയെ വധിച്ചതിലൂടെ അമേരിക്ക നടത്തിയത്. വീണ്ടുമൊരു യുദ്ധത്തിലേക്ക് ലോകത്തെ നയിക്കാൻ കാരണമായാൽ അമേരിക്കയെ ലോകരാജ്യങ്ങൾ ഇതിന്‍റെ പേരിൽ ശക്തമായി വിമർശിക്കുമെന്നും ഉറപ്പ്.

സൊലേമാനിയുമായി അടുത്ത ബന്ധമുണ്ടായിരുന്ന ഇറാൻ പരമാധികാരിയാകട്ടെ, ഇതിന് 'കടുത്ത പ്രതികാരം' ചെയ്യുമെന്നാണ് തിരിച്ചടിച്ചത്. അമേരിക്കയ്ക്ക് എതിരെ സൈബർ ആക്രമണങ്ങളും, മിഡിൽ ഈസ്റ്റിലെ അമേരിക്കൻ എംബസികൾക്ക് മേൽ ആക്രമണങ്ങളും നടത്താൻ ഇറാൻ ലക്ഷ്യമിടുന്നുവെന്നാണ് സൂചന. ഇതിന്‍റെ ഭാഗമായാണ് ഇറാഖിലെ യുഎസ് എംബസിയ്ക്ക് നേരെയുണ്ടായ ആക്രമണം.

സൊലേമാനിക്ക് എതിരായ ആക്രമണം മുമ്പ് അമേരിക്കൻ സേന പല തവണ മുന്നോട്ട് വച്ചതാണെങ്കിലും ബുഷും, ഒബാമയുമടക്കമുള്ള സർക്കാരുകൾ ഇത് തള്ളിക്കളഞ്ഞതാണ്. അമേരിക്കയെ ഒരു യുദ്ധത്തിന്‍റെ വക്കിൽ വരെ എത്തിക്കാൻ സാധ്യതയുള്ള നീക്കത്തെ, മുൻ പ്രസിഡന്‍റുമാരെല്ലാം വേണ്ടെന്ന് വയ്ക്കുകയായിരുന്നു. എന്നാൽ ആക്രമണത്തിന് അനുമതി നൽകിയ പ്രസിഡന്‍റ് ട്രംപാകട്ടെ, ഇറാനിലെ തന്ത്രപ്രധാനമായ 52 കേന്ദ്രങ്ങളിൽ ആക്രമണം നടത്താൻ തയ്യാറാണെന്നാണ് പ്രഖ്യാപിച്ചത്.

അമേരിക്കയുടെ ഏതെങ്കിലും സൈനിക ട്രൂപ്പുകളെയോ, കേന്ദ്രങ്ങളെയോ, എംബസികളെയോ ആക്രമിച്ചാൽ, അമേരിക്ക തിരിച്ച് പെട്ടെന്ന് ശക്തമായി ("VERY FAST AND VERY HARD") ഈ 52 കേന്ദ്രങ്ങളിൽ  തിരിച്ചടിക്കുമെന്നാണ് തുടർച്ചയായുള്ള ട്വീറ്റുകളിലൂടെ ട്രംപ് വെല്ലുവിളിച്ചത്. 52 കേന്ദ്രങ്ങൾ എന്ന എണ്ണം തെരഞ്ഞെടുത്തതിനെക്കുറിച്ച് ട്രംപ് പറയുന്നതിങ്ങനെ: 1979-ൽ, ഇറാനിലെ യുഎസ് എംബസിയിൽ നിന്ന് തട്ടിക്കൊണ്ടുപോയി ഒരു വർഷത്തോളം ബന്ദിയായി പാർപ്പിച്ച 52 അമേരിക്കക്കാർക്ക് ആദരമായാണ് 52 ഇറാനിയൻ കേന്ദ്രങ്ങൾ അമേരിക്ക ലക്ഷ്യമിടുകയെന്ന് ട്രംപ്.

Image result for soleimani funeral

രാജ്യത്തെ പ്രധാന മേജർ ജനറൽമാരിൽ ഒരാളായിരുന്ന സൊലേമാനിയെ വധിച്ചത് അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനമാണെന്നാണ് ഇറാൻ വിദേശകാര്യമന്ത്രി മൊഹമ്മദ് ജാവദ് സരീഫ് തിരിച്ചടിച്ചത്. ഇറാന്‍റെ സാംസ്കാരികപൈതൃകം ഉറങ്ങിക്കിടക്കുന്ന ഏതെങ്കിലും കേന്ദ്രം ആക്രമിച്ചാൽ അത് യുദ്ധകുറ്റകൃത്യമായി കണക്കാക്കപ്പെടുമെന്നും ഇറാൻ പ്രതികരിച്ചു.

ആക്രമണം മുന്നിൽ കണ്ട് മൂവായിരം ട്രൂപ്പ് അധിക സൈനികരെയാണ്, അമേരിക്ക മിഡിൽ ഈസ്റ്റ് രാജ്യങ്ങളിലേക്ക് വിന്യസിച്ചിരിക്കുന്നത്. 

Follow Us:
Download App:
  • android
  • ios