ഓസ്‌ട്രേലിയയിൽ 15,000 അടി ഉയരത്തിൽ സ്കൈഡൈവിംഗിനിടെ ഒരു ഡൈവറുടെ റിസർവ് പാരാച്യൂട്ട് വിമാനത്തിന്റെ വാലിൽ കുരുങ്ങി. അപകടത്തിൽപ്പെട്ട ഡൈവർ, കൈവശമുണ്ടായിരുന്ന ഹുക്ക് കത്തി ഉപയോഗിച്ച് കയറുകൾ മുറിച്ച് അത്ഭുതകരമായി രക്ഷപ്പെട്ടു.

ഓസ്‌ട്രേലിയയിൽ സ്കൈഡൈവിംഗിനിടെ സംഭവിച്ച ഒരു ഞെട്ടിക്കുന്ന അപകട ദൃശ്യങ്ങൾ ഓസ്‌ട്രേലിയൻ ട്രാഫിക് സെക്യൂരിറ്റി ബ്യൂറോ (ATSB) പുറത്തുവിട്ടു. കഴിഞ്ഞ സെപ്റ്റംബറിൽ കെയിൻസിനടുത്ത് വെച്ച് നടന്ന അഭ്യാസപ്രകടനത്തിനിടെയാണ് സംഭവം. അന്വേഷണങ്ങൾക്കൊടുവിൽ ഇപ്പോഴാണ് വീഡിയോ അടക്കമുള്ള വിവരങ്ങൾ പുറത്തുവിട്ടത്. 15,000 അടി ഉയരത്തിൽ 16 പേർ ചേർന്ന് നടത്താനിരുന്ന ഫോർമേഷൻ ചാട്ടത്തിനായുള്ള തയ്യാറെടുപ്പിനിടെ, വിമാനത്തിൽ നിന്ന് പുറത്തുവരാൻ ശ്രമിച്ച ആദ്യ സ്കൈഡൈവറുടെ റിസർവ് പാരാച്യൂട്ട് വിമാനത്തിന്റെ വിങ് ഫ്ലാപ്പിൽ കുടുങ്ങി അത് തുറക്കുകയായിരുന്നു. ഇതോടെ ചാടിയ ആൾ പിന്നിലേക്ക് തെറിക്കുകയും അദ്ദേഹത്തിന്റെ പാരാച്യൂട്ട് വിമാനത്തിന്റെ വാൽ ഭാഗത്ത് ചുറ്റിപ്പോവുകയും ചെയ്തു.

അപ്രതീക്ഷിതമായി തുറന്ന പാരാച്യൂട്ട്

വിമാനത്തിൽ നിന്ന് പുറത്തുകടക്കാൻ ശ്രമിച്ച ആദ്യത്തെ സ്കൈഡൈവറുടെ റിസർവ് പാരാച്യൂട്ട് അപ്രതീക്ഷിതമായി തുറന്നു. വിമാനത്തിൻ്റെ വിങ് ഫ്ലാപ്പിൽ കൈപ്പിടി കുടുങ്ങിയതാണ് ഇതിന് കാരണമായത്. ഇതോടെ ചാട്ടക്കാരൻ പിന്നിലേക്ക് തെറിച്ചുപോവുകയും പാരാച്യൂട്ട് വിമാനത്തിൻ്റെ ചിറകിൽ ചുറ്റിപ്പോവുകയും ചെയ്തു. ഈ ആഘാതത്തിൽ, ചാടാൻ ഒരുങ്ങുകയായിരുന്ന ക്യാമറാ ഓപ്പറേറ്റർ ഫ്രീഫാളിലേക്ക് വീഴുകയും ചെയ്തു. സ്കൈഡൈവറുടെ കാലുകൾ വിമാനത്തിൽ ശക്തമായി ഇടിച്ചിരുന്നു.

ഹുക്ക് കത്തി തുണയായി

വലിയ ഉയരത്തിൽ വിമാനത്തിൻ്റെ ചിറകിൽ തൂങ്ങിക്കിടന്ന സ്കൈഡൈവർ, കൈവശമുണ്ടായിരുന്ന ഹുക്ക് കത്തി ഉപയോഗിച്ച് റിസർവ് പാരാച്യൂട്ടിന്റെ കയറുകൾ മുറിച്ചുമാറ്റി. തുടർന്ന് പ്രധാന പാരാച്യൂട്ട് തുറന്ന് അദ്ദേഹം സുരക്ഷിതമായി നിലത്തിറങ്ങി. നിയമപരമായി നിർബന്ധമില്ലെങ്കിലും ഹുക്ക് കത്തി കൈവശം വെക്കുന്നത് ഇത്തരം സാഹചര്യങ്ങളിൽ ജീവൻ രക്ഷിക്കാൻ ഉപകരിക്കുമെന്ന് എ.ടി.എസ്.ബി.യുടെ മുഖ്യ കമ്മീഷണർ ആംഗസ് മിച്ചൽ അഭിപ്രായപ്പെട്ടു. ഈ സംഭവത്തിൽ വിമാനത്തിന്റെ വാലുകൾക്ക് കാര്യമായ നാശനഷ്ടം സംഭവിച്ചതിനെ തുടർന്ന് പൈലറ്റ് 'മേഡേ' (Mayday) അപകട സിഗ്നൽ നൽകിയെങ്കിലും വിമാനം സുരക്ഷിതമായി നിലത്തിറക്കാൻ സാധിച്ചു.

YouTube video player