2,000 കിലോമീറ്റർ ദൂരപരിധിയും 1,500-1,800 കിലോഗ്രാം ഭാരം വഹിക്കാൻ ശേഷിയുള്ള കൂറ്റൻ മിസൈലാണ് ഖോറാംഷഹർ 4.
ടെഹ്റാൻ: ഇസ്രായേലിനെതിരായ ആക്രമണത്തിൽ ഇറാന്റെ ഏറ്റവും പ്രധാനപ്പെട്ട ഖോറാംഷഹർ 4 മിസൈൽ ഉപയോഗിച്ചുവെന്ന് റിപ്പോർട്ട്. 2017ലാണ് ഇറാൻ ഇത്തരം മിസൈലുകൾ അവതരിപ്പിച്ചത്. 2,000 കിലോമീറ്റർ ദൂരപരിധിയും 1,500-1,800 കിലോഗ്രാം ഭാരം വഹിക്കാൻ ശേഷിയുള്ള കൂറ്റൻ മിസൈലാണ് ഖോറാംഷഹർ 4. വാർഹെഡ് വഹിക്കാനുള്ള കഴിവുമുണ്ടെന്ന് ഇറാനിയൻ മുതിർന്ന ഉദ്യോഗസ്ഥര്‍ പറയുന്നു. നാശത്തിന്റെ വ്യാപ്തി വർധിപ്പിക്കാൻ സഹായിക്കുന്ന സബ്‌മോണിഷനുകൾ അടങ്ങിയ വാർഹെഡ് ആണ് പ്രധാന സവിശേഷത.
ഇറാന്റെ ബാലിസ്റ്റിക് മിസൈലുകളിലെ ഏറ്റവും ഭാരമേറിയ മിസൈലാണ് ഖോറാംഷഹർ 4. 1980കളിലെ ഇറാൻ-ഇറാഖ് യുദ്ധത്തിൽ കനത്ത പോരാട്ടത്തിന് വേദിയായ ഇറാൻ നഗരത്തിന്റെ പേരാണ് മിസൈലിന് നൽകിയിരിക്കുന്നത്. ഖൈബർ എന്ന പേരിലും ഈ മിസൈൽ അറിയപ്പെടുന്നു. ഏഴാം നൂറ്റാണ്ടിൽ പിടിച്ചടക്കിയ സൗദി അറേബ്യയിലുള്ള ഒരു ജൂത കോട്ടയുടെ പേരിലാണ് ഇത് അറിയപ്പെടുന്നത്.
ഇറാന്റെ മൂന്ന് ആണവ കേന്ദ്രങ്ങളിൽ യുഎസ് ബോംബർ ജെറ്റുകൾ ആക്രമണം നടത്തി മണിക്കൂറുകൾക്ക് ശേഷമാണ് ഇസ്രായേലിനെതിരായ ആക്രമണത്തിൽ ഇറാൻ ഏറ്റവും ഭാരം കൂടിയ പേലോഡ് വഹിക്കാൻ ശേഷിയുള്ള മിസൈൽ ഉപയോഗിച്ചത്. യുഎസ് നടപടിക്ക് ശേഷം ഇറാൻ കുറഞ്ഞത് 40 മിസൈലുകളെങ്കിലും വിക്ഷേപിച്ചുവെന്നാണ് റിപ്പോർട്ട്. മിസൈലിന് ഒന്നിലധികം വാർഹെഡുകൾ വഹിക്കാൻ കഴിയുമെന്ന് ഇറാൻ പറയുന്നു. ഇറാനിയൻ ആക്രമണങ്ങളുടെ ബാധിത പ്രദേശങ്ങളിൽ വടക്കൻ ടെൽ അവീവിലെ ഒരു സിവിലിയൻ പ്രദേശവും ഉൾപ്പെടുന്നുവെന്ന് റിപ്പോർട്ടുകൾ പുറത്തുവന്നു. ഒരു ഷോപ്പിംഗ് സെന്റർ, ഒരു ബാങ്ക്, ഒരു സലൂൺ എന്നിവ ആക്രമണത്തിൽ തകർന്നു.
