പശ്ചിമേഷ്യൻ യുദ്ധം മൂന്നാം ആഴ്ചയിലേക്ക് കടക്കുമ്പോൾ, വേഗത്തിൽ യുദ്ധം അവസാനിപ്പിക്കാമെന്ന അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ കണക്കുകൂട്ടലുകൾ തെറ്റുകയാണ്. എണ്ണവില വർധന, സഖ്യകക്ഷികളുടെ നിസ്സഹകരണം, ഇസ്രായേലുമായുള്ള ഏകോപനത്തിലെ പാളിച്ചകൾ എന്നിവ ട്രംപിന് വലിയ തിരിച്ചടിയായി
വാഷിംഗ്ടൺ: പശ്ചിമേഷ്യയിൽ യുദ്ധം മൂന്നാമത്തെ ആഴ്ചയിലേക്ക് കടക്കുമ്പോൾ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ കണക്കുകൂട്ടലുകൾ തെറ്റുന്നതായി റിപ്പോർട്ടുകൾ. യുദ്ധം അതിവേഗം അവസാനിക്കുമെന്ന ട്രംപിന്റെ വാഗ്ദാനങ്ങൾക്കിടയിലും സാഹചര്യം കൂടുതൽ സങ്കീർണമാവുന്നതായാണ് പശ്ചിമേഷ്യയിൽ നിന്ന് പുറത്തുവരുന്ന വിവരം. ആഗോള വിപണിയിൽ എണ്ണവില കുതിച്ചുയരുന്നത് ട്രംപിന് വലിയ തിരിച്ചടിയായിട്ടുണ്ട്. സമുദ്രത്തിൽ കുടുങ്ങിക്കിടക്കുന്ന 140 ദശലക്ഷം ബാരൽ ഇറാനിയൻ എണ്ണ വിറ്റഴിക്കുന്നതിന് ഇറാന് മേൽ ചുമത്തിയ ഉപരോധത്തിൽ ഇളവ് നൽകാൻ ട്രംപ് ഭരണകൂടം നിർബന്ധിതരായതും ഇതി മൂലമാണ്.
ഹോർമുസ് കടലിടുക്കിൽ സൈന്യത്തെ വിന്യസിക്കാനുള്ള ട്രംപിന്റെ നീക്കത്തോട് നാറ്റോ സഖ്യകക്ഷികൾ ഉൾപ്പെടെ യൂറോപ്യൻ രാജ്യങ്ങൾ വിമുഖത കാട്ടിയത് അമേരിക്കയെ പ്രതിരോധത്തിലാക്കിയിട്ടുണ്ട്. ഇറാന്റെ നാവികസേനയെയും മിസൈൽ ശേഷിയെയും വലിയ തോതിൽ തകർക്കാൻ സാധിച്ചതായി അമേരിക്ക അവകാശപ്പെടുന്നുണ്ടെങ്കിലും, യുഎസ്-യുകെ സൈനിക താവളങ്ങൾക്ക് നേരെ ഇറാന്റെ മിസൈൽ ആക്രമണങ്ങൾ തുടരുകയാണ്. ഇസ്രായേൽ നടത്തിയ ചില ആക്രമണങ്ങളെക്കുറിച്ച് തനിക്ക് മുൻകൂട്ടി അറിവില്ലായിരുന്നുവെന്ന് ട്രംപ് പറയുമ്പോൾ, അമേരിക്കയുമായി സഹകരിച്ചാണ് നീക്കങ്ങൾ എന്ന് ഇസ്രായേലും വാദിക്കുന്നു. ഇത് ഇരുരാജ്യങ്ങൾക്കുമിടയിലെ ഏകോപനം പാളുന്നതിൻ്റെ സൂചനയാണ്. തന്റെ ലക്ഷ്യങ്ങൾ ഏകദേശം പൂർത്തിയായെന്നും യുദ്ധം അവസാനിപ്പിക്കുന്നതിനെക്കുറിച്ച് ആലോചിക്കുകയാണെന്നും ട്രംപ് തന്റെ 'ട്രൂത്ത് സോഷ്യൽ' പ്ലാറ്റ്‌ഫോമിലൂടെ വ്യക്തമാക്കിയിട്ടുണ്ട്. എന്നാൽ ഇസ്രായേൽ ഉൾപ്പെടെയുള്ള സഖ്യകക്ഷികൾ ആക്രമണം ശക്തമാക്കാനാണ് ശ്രമിക്കുന്നത് എന്നത് ആശങ്ക വർധിപ്പിക്കുന്നു.


