അമേരിക്കൻ നാവിക ഉപരോധ ഭീഷണിക്കെതിരെ ശക്തമായ മുന്നറിയിപ്പുമായി ഇറാൻ സൈന്യം രംഗത്ത്. തങ്ങളുടെ തുറമുഖങ്ങൾക്ക് ഭീഷണിയുണ്ടായാൽ ഗൾഫ്, അറബിക്കടൽ മേഖലയിലെ ഒരു തുറമുഖവും സുരക്ഷിതമായിരിക്കില്ലെന്ന് ഇറാൻ വ്യക്തമാക്കി. ഈ നിലപാട് പശ്ചിമേഷ്യയിലും ആഗോള എണ്ണ വിപണിയിലും ആശങ്ക സൃഷ്ടിച്ചിട്ടുണ്ട്.

ടെഹ്‌റാൻ: ഗൾഫ് മേഖലയെ യുദ്ധമുനയിലാക്കി അമേരിക്കൻ നാവിക ഉപരോധത്തിനെതിരെ കടുത്ത മുന്നറിയിപ്പുമായി ഇറാൻ സൈന്യം. ഇറാന്‍റെ തുറമുഖങ്ങൾക്ക് നേരെ ഭീഷണി ഉണ്ടായാൽ ഗൾഫ് മേഖലയിലെയും അറബിക്കടലിലെയും ഒരു തുറമുഖവും സുരക്ഷിതമായിരിക്കില്ലെന്ന് ഇറാൻ സൈനിക കേന്ദ്രം വ്യക്തമാക്കി. അന്താരാഷ്ട്ര സമുദ്ര അതിർത്തികളിൽ അമേരിക്ക ഏർപ്പെടുത്തുന്ന നാവിക നിയന്ത്രണങ്ങൾ നിയമവിരുദ്ധമാണെന്ന് ഇറാൻ സൈന്യത്തിന്‍റെ സെൻട്രൽ കമാൻഡ് സെന്ററായ 'ഖാതം അൽ അൻബിയ' പുറപ്പെടുവിച്ച പ്രസ്താവനയിൽ പറഞ്ഞു. അമേരിക്കയുടെ ഈ നടപടി സമുദ്രത്തിലെ 'കടൽക്കൊള്ള'യ്ക്ക് തുല്യമാണെന്നും ഇറാൻ സ്റ്റേറ്റ് ടെലിവിഷൻ വഴി പുറത്തുവിട്ട പ്രസ്താവനയിൽ ആരോപിക്കുന്നു.

ഗൾഫിലെയും അറബിക്കടലിലെയും ഇറാന്‍റെ തുറമുഖങ്ങളുടെ സുരക്ഷ അപകടത്തിലായാൽ, ആ മേഖലയിലെ ഒരു രാജ്യത്തിന്റെയും തുറമുഖങ്ങൾക്ക് സുരക്ഷ ഉറപ്പാക്കാനാകില്ലെന്ന ഭീഷണിയിലൂടെ മേഖലയിലെ വ്യാപാര ഗതാഗതം തടയുമെന്ന സൂചനയാണ് ഇറാൻ നൽകുന്നത്. ഇറാന്റെ എണ്ണക്കയറ്റുമതിയും വ്യാപാരവും തടയാൻ അമേരിക്കൻ നാവികസേന ഉപരോധം ഏർപ്പെടുത്താനൊരുങ്ങുന്നു എന്ന വാർത്തകൾക്ക് പിന്നാലെയാണ് ഇറാന്റെ ഈ പ്രകോപനപരമായ പ്രതികരണം. പശ്ചിമേഷ്യൻ രാജ്യങ്ങളെയും ആഗോള എണ്ണ വിപണിയെയും ഒരുപോലെ ആശങ്കയിലാക്കുന്നതാണ് ഇറാന്‍റെ പുതിയ നിലപാട്.

നിലവിൽ പ്രഖ്യാപിച്ച രണ്ടാഴ്ചത്തെ താല്ക്കാലിക വെടിനിർത്തൽ അവസാനിക്കാൻ ഇനി ഒമ്പത് ദിവസം മാത്രമേയുള്ളൂ. ഇസ്ലാമാബാദിൽ അമേരിക്ക മുന്നോട്ടുവെച്ച നിബന്ധനകൾ അംഗീകരിക്കാൻ കഴിയാത്തവയാണെന്ന് ഇറാൻ വ്യക്തമാക്കിയിട്ടുണ്ട്. ഇറാനും അമേരിക്കയും തമ്മിലുള്ള നിർണായക സമാധാന ചർച്ചകൾക്കിടെ ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു യുഎസ് വൈസ് പ്രസിഡന്റ് ജെഡി വാൻസിനെ ഫോണിൽ വിളിച്ചത് ചർച്ചകൾ വഴിമുട്ടാൻ കാരണമായതായി ഇറാൻ ആരോപിച്ചു. പാക് തലസ്ഥാനമായ ഇസ്ലാമാബാദിൽ നടന്ന 21 മണിക്കൂർ നീണ്ട ചർച്ചകൾക്കൊടുവിൽ ധാരണയാകാതെ ജെഡി വാൻസും സംഘവും മടങ്ങിയതിന് പിന്നാലെയാണ് ഇറാൻ വിദേശകാര്യ മന്ത്രി സയ്യിദ് അബ്ബാസ് അരഗ്ചിയുടെ ആരോപണം. നെതന്യാഹുവിന്‍റെ ഇടപെടലോടെ അമേരിക്കയുടെ ശ്രദ്ധ ഇസ്രയേൽ താത്പര്യങ്ങൾ സംരക്ഷിക്കുന്നതിലായി. യുദ്ധത്തിലൂടെ നേടാൻ കഴിയാത്തത് ചർച്ചയിലൂടെ നേടിയെടുക്കാനാണ് അമേരിക്ക ശ്രമിച്ചതെന്നും ഇറാൻ വിദേശകാര്യ മന്ത്രി കുറ്റപ്പെടുത്തി.