മിസൈൽ ശേഷി വലിയ തോതിൽ വർധിപ്പിച്ചതായി ഇറാൻ പ്രതിരോധ വക്താവ് അറിയിച്ചു. അമേരിക്കയടക്കമുള്ള രാജ്യങ്ങൾക്ക് മുന്നറിയിപ്പ് നൽകിയ ഇറാൻ, പന്ത്രണ്ട് ദിന യുദ്ധത്തേക്കാൾ മികച്ച സൈനിക സജ്ജീകരണങ്ങൾ തങ്ങൾക്കുണ്ടെന്നും വ്യക്തമാക്കി

ടെഹ്റാൻ: മിസൈൽ ശേഷി വലിയ തോതിൽ വർധിപ്പിച്ചതായും രാജ്യം പ്രതിരോധ രംഗത്ത് കൂടുതൽ കരുത്താർജ്ജിച്ചതായും ഇറാൻ പ്രതിരോധ വക്താവ് അറിയിച്ചു. അമേരിക്കയടക്കം ഉയർത്തുന്ന ഭീഷണികളുടെ പശ്ചാത്തലത്തിലാണ് ഇറാന്‍റെ മുന്നറിയിപ്പ്. നേരത്തെ നടന്ന പന്ത്രണ്ട് ദിന യുദ്ധത്തിന്റെ സാഹചര്യത്തേക്കാൾ മികച്ച നിലയിലാണ് ഇപ്പോൾ രാജ്യത്തിന്റെ സൈനിക സജ്ജീകരണങ്ങളെന്ന് ഇറാൻ പ്രതിരോധ വക്താവ് പ്രതികരിച്ചു. പ്രാദേശികമായ വെല്ലുവിളികൾ നേരിടാൻ ഇറാൻ പൂർണ്ണ സജ്ജമാണെന്ന സൂചനയാണ് ഈ പ്രസ്താവനയിലൂടെ നൽകുന്നത്. മിസൈൽ സാങ്കേതികവിദ്യയിലും പ്രഹരശേഷിയിലും കൈവരിച്ച പുരോഗതി മിധ്യപൂർവേഷ്യയിലെ മാറുന്ന രാഷ്ട്രീയ സാഹചര്യത്തിൽ ഏറെ പ്രാധാന്യത്തോടെയാണ് നിരീക്ഷിക്കപ്പെടുന്നത്.

മിഡിൽ ഈസ്റ്റിലേക്കുള്ള വിമാന സർവീസുകൾ റദ്ദാക്കി

അതേസമയം യുഎ സും ഇറാനും തമ്മിൽ സൈനിക ഏറ്റുമുട്ടൽ ഉണ്ടായേക്കാമെന്നുള്ള ഭീതിയിൽ മിഡിൽ ഈസ്റ്റിലേക്കുള്ള വിമാന സർവീസുകൾ റദ്ദാക്കി പ്രമുഖ അന്താരാഷ്ട്ര എയർലൈനുകൾ. എയർ ഫ്രാൻസ്, ഡച്ച് വിമാനക്കമ്പനിയായ കെ എൽ എം, ലുഫ്താൻസ എന്നിവയാണ് സർവീസുകൾ താൽക്കാലികമായി നിർത്തിവെച്ച പ്രധാന കമ്പനികൾ. ഭൗമരാഷ്ട്രീയ സംഘർഷങ്ങൾ ശക്തമായതോടെ ദുബൈ, റിയാദ്, ടെൽ അവീവ്, ദമ്മാം തുടങ്ങിയ പ്രമുഖ നഗരങ്ങളിലേക്കുള്ള വിമാനങ്ങളെയാണ് ഈ തീരുമാനം നേരിട്ട് ബാധിച്ചത്.

റദ്ദാക്കിയ സർവീസുകൾ

എയർ ഫ്രാൻസ്: ദുബൈയിലേക്കുള്ള സർവീസുകൾ താൽക്കാലികമായി നിർത്തിവെച്ചു. യാത്രക്കാരുടെ സുരക്ഷ കണക്കിലെടുത്ത് സ്ഥിതിഗതികൾ നിരീക്ഷിച്ചുവരികയാണെന്ന് കമ്പനി അറിയിച്ചു.

കെഎൽഎം: ദുബൈ, റിയാദ്, ദമ്മാം, ടെൽ അവീവ് എന്നിവിടങ്ങളിലേക്കുള്ള സർവീസുകൾ നിർത്തി. ഇറാൻ, ഇറാഖ് വിമാനപാതകൾ ഒഴിവാക്കാനും കമ്പനി തീരുമാനിച്ചു.

ലുഫ്താൻസ: ഇറാൻ വിമാനപാത ഒഴിവാക്കി പകൽ സമയത്ത് മാത്രമാണ് നിലവിൽ സർവീസുകൾ നടത്തുന്നത്.

യുണൈറ്റഡ് എയർലൈൻസ്, എയർ കാനഡ: ടെൽ അവീവിലേക്കുള്ള വിമാനങ്ങൾ റദ്ദാക്കി.

ഇറാനിലെ ആഭ്യന്തര പ്രതിഷേധങ്ങൾക്കെതിരെയുള്ള ഭരണകൂടത്തിന്‍റെ നടപടികളിൽ പ്രതിഷേധിച്ച് യുഎസ് സൈനിക നീക്കം നടത്തുമെന്ന സൂചനകളാണ് പ്രതിസന്ധിക്ക് കാരണം. യുഎസ് വിമാനവാഹിനിക്കപ്പലായ 'യുഎസ്എസ് എബ്രഹാം ലിങ്കൺ' ഉൾപ്പെടുന്ന വൻ യുദ്ധക്കപ്പൽ വ്യൂഹം പേർഷ്യൻ ഗൾഫ് മേഖലയിലേക്ക് നീങ്ങുന്നതായി റിപ്പോർട്ടുകളുണ്ട്.