ഇറാൻ പുതിയ മിസൈലുകൾ വികസിപ്പിച്ചെന്നും യുദ്ധം തുടർന്നാൽ അവ ഉപയോഗിക്കുമെന്നും മുതിർന്ന കമാൻഡർ ബ്രിഗേഡിയർ ജനറൽ മുഹമ്മദ് റേസ മുന്നറിയിപ്പ് നൽകി. അമേരിക്കൻ ഉപരോധത്തിന് മറുപടിയായി ഹോർമുസ് കടലിടുക്ക് കടക്കുന്ന കപ്പലുകളിൽ നിന്ന് ഫീസ് ഈടാക്കാനും ഇറാൻ തീരുമാനിച്ചു.

ടെഹ്റാൻ: ഇനി യുദ്ധം ഉണ്ടായാൽ അത് ആഗോള യുദ്ധമാകുമെന്ന് ഇറാന്‍റെ പുതിയ ഭീഷണി. ഈ മാസം പോലും ഇറാൻ പുതിയ മിസൈലുകൾ വികസിപ്പിച്ചെന്നും യുദ്ധം തുടർന്നാൽ അവ ഉപയോഗിക്കുമെന്നും മുതിർന്ന കമാൻഡർ ബ്രിഗേഡിയർ ജനറൽ മുഹമ്മദ് റേസ മുന്നറിയിപ്പ് നൽകി. ഇറാന്‍റെ മിസൈൽ ശേഷിയെ തടയാൻ കഴിയില്ലെന്നും കമാൻഡർ പ്രസ് ടിവിയിൽ വ്യക്തമാക്കി. അതിനിടെ ഹോർമുസ് കടക്കാൻ കപ്പലുകളിൽ നിന്ന് പണമീടാക്കാൻ ഇറാൻ തീരുമാനിച്ചു. സുരക്ഷ, പരിസ്ഥിതി സംരക്ഷണം എന്നിവയ്ക്ക് ഫീസ് ഈടാക്കുമെന്ന് ഇറാന്‍റെ ദേശീയ സുരക്ഷാ കൗൺസിൽ വ്യക്തമാക്കി. സമ്മർദം കടുപ്പിക്കുകയാണ് ഇറാൻ എന്നാണ് ഇതിലൂടെ വ്യക്തമാകുന്നത്.

അമേരിക്കൻ ഇറാനിലേക്ക് വരുന്നതും പോകുന്നതുമായ കപ്പലുകൾക്ക് നാവിക ഉപരോധം തുടർന്നതോടെയാണ് ഹോർമുസ് കടലിടുക്ക് വീണ്ടും അടയ്ക്കാൻ കടുത്ത തീരുമാനം ഇറാൻ എടുത്തത്. ഇറാൻ യുറേനിയം ശേഖരം കൈമാറുമെന്നും ആണവ പദ്ധതി ഉപേക്ഷിക്കുമെന്നുമുള്ള യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപിന്‍റെ അവകാശവാദങ്ങളും ഇറാൻ തള്ളി. അതേസമയം ബുധനാഴ്ച്ചക്കുള്ളിൽ ധാരണയില്ലെങ്കിൽ ആക്രമണം തുടരുമെന്നാണ് ട്രംപിന്‍റെ ഭീഷണി. പരസ്പരം അതിശക്തമായ വിലപേശൽ നടക്കുന്നുണ്ടെന്നാണ് ഇതിൽ നിന്ന് വ്യക്തമാകുന്നത്.

ഹോർമുസ് കടലിടുക്ക് തുറക്കുന്നുവെന്ന് ഇറാൻ വിദേശകാര്യമന്ത്രി അബ്ബാസ് അരഗ്ച്ചിയാണ് ഇന്നലെ എക്സിലൂടെ പ്രഖ്യാപനം നടത്തിയത്. ഇത് ഇറാനിൽ വലിയ ചലനങ്ങൾ സൃഷ്ടിച്ചു. ഏകോപനമില്ലാത്ത പ്രഖ്യാപനമെന്ന് മാധ്യമങ്ങൾ തുറന്നു വിമർശിച്ചു. ഇറാൻ ചർച്ചാ സംഘത്തെ നയിക്കുന്ന പാർലമെന്റ് സ്പീക്കർ ഇന്ന് നിലപാടുകൾ കടുപ്പിച്ച് രംഗത്തെത്തുകയും ചെയ്തു. അമേരിക്ക നാവിക ഉപരോധം തുടർന്നാൽ ഹോർമൂസ് കടലിടുക്ക് തുറക്കില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. ട്രംപ് നടത്തിയ ഏഴ് അവകാശവാദങ്ങളും തെറ്റാണെന്നും ഇറാൻ പാർലമെന്‍റ് സ്പീക്കർ പറഞ്ഞു. പിന്നാലെ ഹോർമുസ് കടലിടുക്ക് കടക്കാൻ ശ്രമിച്ച കപ്പലുകൾക്ക് നേരെ ഇറാൻ വെടിവയ്പ്പ് നടത്തി. ഇറാൻ ആക്രമിക്കാൻ ശ്രമിച്ച കപ്പലുകളിൽ ഇന്ത്യൻ കപ്പലുമുണ്ട്. തുടർന്ന് വിദേശകാര്യ മന്ത്രാലയം ഇറാന്‍റെ അംബാസിഡറെ വിളിച്ചു വരുത്തി പ്രതിഷേധം അറിയിച്ചു. 

Scroll to load tweet…