ടെഹ്‌റാന്‍: ഇറാന്‍ മറ്റൊരു എണ്ണക്കപ്പല്‍ കൂടി പിടിച്ചെടുത്തതായി റിപ്പോര്‍ട്ട്. ഇറാന്‍ റെവല്യൂഷണറി ഗാര്‍ഡ് കോര്‍പ്‌സ് 'എണ്ണ കള്ളക്കടത്ത്' നടത്തിയ മറ്റൊരു വിദേശ കപ്പല്‍ കൂടി പിടിച്ചെടുത്തതായി ഇറാനിയന്‍ മാധ്യമങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്. ഇതോടെ പേര്‍ഷ്യന്‍ ഉള്‍ക്കടലിലെ സംഘര്‍ഷത്തിന് മൂര്‍ച്ച കൂടിയിരിക്കുകയാണ്. 

ഏഴ് ജീവനക്കാരുള്ള വിദേശ കപ്പല്‍ ബുധനാഴ്ച പിടിച്ചെടുത്തുവെന്നാണ് ഇറാനിയന്‍ മാധ്യമങ്ങളുടെ റിപ്പോര്‍ട്ട്. ചില അറബ് രാജ്യങ്ങള്‍ക്കായി ഇന്ധനം കള്ളക്കടത്ത് നടത്തുന്ന ഒരു വിദേശ ഇന്ധന  കപ്പല്‍ ഇറാന്‍ നാവിക സേന പിടിച്ചെടുത്തു എന്നാണ് ഇറാന്‍ സൈനിക കമാന്‍ഡര്‍ സിറാഹിയെ ഉദ്ധരിച്ച് ഇറാനിയന്‍ ടി.വി റിപ്പോര്‍ട്ട് ചെയ്തത്. 

കപ്പലില്‍  700000 ലിറ്റര്‍ ഇന്ധനമുള്ളതായും വിവിധ രാജ്യക്കാരായ ഏഴ് ജീവനക്കാര്‍ ഉള്ളതായും ഇറാനിയന്‍ ടി.വി പറയുന്നു. സൈന്യം കസ്റ്റഡിയിലെടുത്ത ജീവനക്കാരെ ഇറാന്റെ  തെക്കന്‍ തീരമായ ബുഷഹറിലേക്ക് കൊണ്ടുപോയതായാണ് വിവരം.