Asianet News MalayalamAsianet News Malayalam

16കാരിക്ക് മസ്തിഷ്ക മരണം, ഇറാനില്‍ വീണ്ടും ഹിജാബ് വിവാദം; മര്‍ദിച്ചെന്ന ആരോപണം തള്ളി പൊലീസ്

കുർദിഷ് - ഇറാനിയൻ ഹെൻഗാവ് പോലുള്ള അവകാശ പോരാട്ടം നടത്തുന്ന ഗ്രൂപ്പുകളാണ് അർമിത ഗെരാവന്ദിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ച വിവരം ആദ്യം പുറത്തുവിട്ടത്

Iranian girl who fell into coma after alleged assault over hijab is brain dead SSM
Author
First Published Oct 23, 2023, 11:06 AM IST

ടെഹ്റാന്‍: ഹിജാബ് ധരിച്ചില്ലെന്ന് ആരോപിച്ച് ഇറാനില്‍ പൊലീസ് മര്‍ദിച്ച് കോമയിലായെന്ന് ആരോപണമുയര്‍ന്ന 16 കാരിക്ക് മസ്തിഷ്ക മരണം സംഭവിച്ചു. അര്‍മിത ഗെരാവവന്ദ് എന്ന പെണ്‍കുട്ടിക്കാണ് മസ്തിഷ്ക മരണം സംഭവിച്ചത്. 

കുർദിഷ് - ഇറാനിയൻ ഹെൻഗാവ് പോലുള്ള അവകാശ പോരാട്ടം നടത്തുന്ന ഗ്രൂപ്പുകളാണ് അർമിത ഗെരാവന്ദിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ച വിവരം ആദ്യം പുറത്തുവിട്ടത്. ഹിജാബ് ധരിക്കാത്തതിന്‍റെ പേരില്‍ കൊല്ലപ്പെട്ട മഹ്‌സ അമിനിയുടെ അതേ അവസ്ഥ അര്‍മിതയ്ക്കും ഉണ്ടോകുമോയെന്ന ആശങ്കയിലാണ് അവകാശ പ്രവര്‍ത്തകര്‍. കസ്റ്റഡിയില്‍ ക്രൂരമര്‍ദനം നേരിട്ട അമിനിയും മസ്തിഷ്കാഘാതത്തെ തുടര്‍ന്ന് ആശുപത്രിയിലായിരുന്നു. 

ഒക്ടോബര്‍ ഒന്നിന് അര്‍മിത ഗെരാവന്ദ് കൂട്ടുകാര്‍ക്കൊപ്പം മെട്രോയില്‍ സഞ്ചരിക്കുന്നതിനിടെ ഹിജാബ് ധരിച്ചില്ലെന്ന കാരണത്താല്‍  പൊലീസ് മര്‍ദിച്ചെന്നാണ് അവകാശ പ്രവര്‍ത്തകര്‍ പറയുന്നത്.  അബോധാവസ്ഥയിലായ പെൺകുട്ടിയെ മറ്റ് പെൺകുട്ടികൾ ട്രെയിനിൽ നിന്ന് പുറത്തേക്ക് കൊണ്ടുപോകുന്ന വീഡിയോ പുറത്തുവന്നിരുന്നു. എന്നാല്‍ രക്തസമ്മർദം കുറഞ്ഞതിനെ തുടർന്ന് പെൺകുട്ടി ബോധരഹിതയായെന്നാണ് സ്റ്റേറ്റ് ന്യൂസ് ഏജന്‍സിയായ ഐആര്‍എന്‍എ (IRNA) റിപ്പോര്‍ട്ട് ചെയ്തത്. ടെഹ്റാന്‍ മെട്രോയും സമാന വിശദീകരണമാണ് നല്‍കിയത്. എന്നാല്‍ അവകാശപ്രവര്‍ത്തകര്‍ ഈ വാദം തള്ളിക്കളഞ്ഞു. മര്‍ദനത്തെ തുടര്‍ന്നാണ് പെണ്‍കുട്ടി അബോധാവസ്ഥയിലായതെന്ന നിലപാടിലാണ് അവകാശപ്രവര്‍ത്തകര്‍.

പ്രതിഷേധത്തിന്‍റെ ഒരാണ്ട്; വസ്ത്ര നിയമ ലംഘനത്തിന് ശിക്ഷ കടുപ്പിച്ച് ഇറാൻ, ഹിജാബ് ബിൽ പാസാക്കി

വസ്ത്ര നിയമം ലംഘിക്കുന്ന സ്ത്രീകള്‍ക്കുള്ള ജയിൽ ശിക്ഷ കഴിഞ്ഞ മാസം ഇറാന്‍ പാര്‍ലമെന്‍റ് കടുപ്പിച്ചിരുന്നു.  നിയമം ലംഘിക്കുന്നവർക്ക് ഹിജാബ് ബില്‍ പ്രകാരം ഇനി മുതൽ 10 വർഷം വരെ ജയിൽ ശിക്ഷ അനുഭവിക്കേണ്ടി വരും. മൂന്ന് വര്‍ഷത്തേക്ക് പരീക്ഷണാടിസ്ഥാനത്തില്‍ നിയമം നടപ്പാക്കാനാണ് പാര്‍ലമെന്‍റ് അനുമതി നല്‍കിയത്. 

1979 മുതല്‍ നിലവിലുള്ള നിർബന്ധിത വസ്ത്രധാരണരീതി ഇറാനികൾ, പ്രത്യേകിച്ച് സ്ത്രീകൾ എങ്ങനെ അനുസരിക്കണമെന്ന് പുതിയ ബില്‍ പറയുന്നു. ഇറുകിയ വസ്ത്രം, കഴുത്തിന് താഴെയോ കണങ്കാലിന് മുകളിലോ കൈത്തണ്ടയ്ക്ക് മുകളിലോ ശരീരഭാഗങ്ങൾ കാണുന്ന വസ്ത്രം എന്നിവയൊന്നും പാടില്ലെന്ന് ബില്ലില്‍ പറയുന്നു. പുരുഷന്മാരെ സംബന്ധിച്ച് നെഞ്ചിന് താഴെയോ കണങ്കാലിന് മുകളിലോ ശരീര ഭാഗങ്ങള്‍ കാണുന്ന വസ്ത്രം ധരിക്കരുത്. 

ശിരോവസ്ത്രം ശരിയായി ധരിച്ചില്ലെന്ന് ആരോപിച്ച് മതകാര്യ പൊലീസ് കസ്റ്റഡിയിലെടുത്ത മഹ്സ അമീനി എന്ന 22 കാരി കസ്റ്റഡിയിലിരിക്കെ കൊല്ലപ്പെട്ടിട്ട് ഒരു വര്‍ഷമാകുമ്പോഴാണ് പുതിയ ഹിജാബ് നിയമം ഇറാന്‍ അവതരിപ്പിച്ചത്. മഹ്സ അമീനിയുടെ മരണത്തിനു പിന്നാലെ ഹിജാബ് വിരുദ്ധ പ്രക്ഷോഭത്തില്‍ പങ്കെടുത്ത് നിരവധി സ്ത്രീകള്‍ വസ്ത്രധാരണ നിയമം ലംഘിച്ച് പുറത്തിറങ്ങിയിരുന്നു. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

Follow Us:
Download App:
  • android
  • ios