ടെഹ്റാന്‍:  ഇസ്രയേല്‍ കാന്‍സര്‍ പോലെയാണെന്നും സംശയമൊന്നും കൂടാതെ വേരോട് പിഴുത് നശിപ്പിക്കണമെന്നും ഇറാന്‍റെ പരമാധികാരി അയത്തൊള്ള അലി ഖമേനി. പാലസ്തീന് പിന്തുണ പ്രഖ്യാപിച്ചുകൊണ്ട് സംസാരിക്കുകയായിരുന്നു അയത്തൊള്ള അലി ഖമേനി. രാജ്യത്തെ അഭിസംബോധന ചെയ്തുകൊണ്ട് മുപ്പത് മിനിറ്റ് നീണ്ട സംഭാഷണം ടെലിവിഷനില്‍ സംപ്രേക്ഷണം ചെയ്തു. 

പ്രസംഗത്തില്‍ നിരവധി തവണയാണ് ഇസ്രയേല്‍ കാന്‍സറാണെന്ന് ഖമേനി ആവര്‍ത്തിച്ചത്. അമേരിക്കയും മറ്റ് രാജ്യങ്ങളും സൈനികവും അല്ലാതെയുമുള്ള ആയുധങ്ങള്‍ ഇസ്രയേലിന് നല്‍കുന്നുവെന്നും ആണവ ആയുധം വരെ ഇക്കൂട്ടത്തില്‍ നല്‍കിയിട്ടുണ്ടെന്നും ഖമേനി ആരോപിക്കുന്നു. കാന്‍സറിന്‍റെ വളര്‍ച്ച ഒരു മേഖലയ്ക്ക് തന്നെ വെല്ലുവിളിയാണെന്ന് ഖമേനി പ്രഭാഷണത്തില്‍ വ്യക്തമാക്കിയതായി ഇന്ത്യ ടുഡേ റിപ്പോര്‍ട്ട് ചെയ്യുന്നു. സിറിയയിലെ ഇറാന്‍ സൈന്യത്തിന് എതിരെ നടക്കുന്ന മിസൈല്‍ ആക്രമണങ്ങള്‍ക്ക് ഇസ്രയേലിനെയാണ് ഇറാന്‍ പഴിക്കുന്നത്. 

ലെബനന്‍ തീവ്രവാദ സംഘടനയായ ഹിസ്ബുള്ളയ്ക്ക് ഇറാന്‍ പിന്തുണ നല്‍കുന്നുമുണ്ട്. എന്നാല്‍ ഇസ്രയേലിനെ ഭീഷണിപ്പെടുത്തുന്ന ആരും സ്വയം ആപത്തിലാവുകയാണെന്നാണ് ഖമേനിയുടെ പ്രസ്താവനയേക്കുറിച്ച് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു പറയുന്നത്. ഇസ്രയേലിനെ പൂര്‍ണമായി നശിപ്പിക്കും എന്ന് പരാമര്‍ശിക്കുന്ന കാര്‍ട്ടൂണും ഖമേനി ട്വിറ്ററില്‍ പോസ്റ്റ് ചെയ്തിരുന്നു. അവസാന മാര്‍ഗം എന്ന കുറിപ്പോടെയുള്ള ഈ കാര്‍ട്ടൂണ്‍ പിന്നീട് പിന്‍വലിച്ചെന്നാണ് ഇന്ത്യ ടുഡേ റിപ്പോര്‍ട്ട് വിശദമാക്കുന്നത്.