ഇസ്രയേലിന് നേരെ ഇറാൻ നടത്തിയ മിസൈലാക്രമണത്തെത്തുടർന്ന് യുദ്ധഭീതി രൂക്ഷമായി. ഇസ്രയേൽ കനത്ത തിരിച്ചടി നൽകുമെന്ന് ഭീഷണി മുഴക്കുമ്പോൾ, പ്രത്യാക്രമണം നടത്തരുതെന്ന് അമേരിക്ക ആവശ്യപ്പെടുകയും ഇറാഖ് വ്യോമപാത അടയ്ക്കുകയും ചെയ്തതോടെ മേഖല കടുത്ത ജാഗ്രതയിലാണ്

ടെഹ്റാൻ: ഇസ്രയേലിന് നേരെ ഇറാൻ നടത്തിയ മിസൈലാക്രമണത്തെത്തുടർന്ന് പശ്ചിമേഷ്യ വീണ്ടും കടുത്ത യുദ്ധഭീതിയിലായി. ഇസ്രയേലും തിരിച്ചടി ശക്തമാക്കിയ സാഹചര്യത്തിൽ ഇറാഖ് തങ്ങളുടെ വ്യോമപാത 72 മണിക്കൂർ നേരത്തേക്ക് പൂർണ്ണമായി അടച്ചു. ഏപ്രിൽ മാസത്തിലെ വെടിനിർത്തലിന് ശേഷം ആദ്യമായി ഉണ്ടായ ഈ ആക്രമണത്തിൽ ഇസ്രായേലിൽ ഉടനീളം മണിക്കൂറുകളോളമാണ് അപായ സൈറണുകൾ മുഴങ്ങിയത്. ഇറാന്റെ അവിവേകത്തിന് കനത്ത തിരിച്ചടി നൽകുമെന്നും ഇറാനെ ചാരമാക്കുമെന്നും ഇസ്രായേൽ കടുത്ത ഭീഷണി മുഴക്കി. എന്നാൽ ഇസ്രായേൽ പ്രത്യാക്രമണം നടത്തരുതെന്ന് യു എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ആവശ്യപ്പെട്ടിട്ടുണ്ട്. നിലവിലെ അതീവ ഗുരുതരമായ സാഹചര്യങ്ങൾ കണക്കിലെടുത്ത് പശ്ചിമേഷ്യയിലെ അമേരിക്കൻ സേന കടുത്ത ജാഗ്രതയിലാണ്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

ലബനൻ ആക്രമണത്തിന് തിരിച്ചടി

ലബനനിലെ ഇസ്രയേൽ ആക്രമണങ്ങൾക്ക് തിരിച്ചടിയായാണ് ഇസ്രയേലിന് നേരെ ഇറാൻ അതിശക്തമായ മിസൈൽ ആക്രമണ പരമ്പര നടത്തിയത്. നിരവധി മിസൈലുകളാണ് ഇസ്രയേൽ ലക്ഷ്യമിട്ട് ഇറാൻ തൊടുത്തത്. ഇസ്രയേലിന്റെ വടക്കൻ പ്രദേശങ്ങൾ ലക്ഷ്യമാക്കി ഇറാൻ കൂട്ടത്തോടെ തൊടുത്ത അനവധി മിസൈലുകൾ തങ്ങൾ വിജയകരമായി തകർത്തതായി ഇസ്രായേൽ സൈന്യം അവകാശപ്പെട്ടു. ഏത് തരത്തിലുള്ള വ്യോമാക്രമണങ്ങളെയും ചെറുക്കാൻ ഇസ്രയേൽ സേന സജ്ജമാണെന്നും ഇറാന് കനത്ത തിരിച്ചടി നൽകാൻ സൈന്യത്തിന് നിർദേശം നൽകിയിട്ടുണ്ടെന്നും ഇസ്രായേൽ വ്യക്തമാക്കി എന്നാൽ ഇസ്രായേലിന്റെ ഭാഗത്തുനിന്ന് പ്രത്യാക്രമണം ഉണ്ടായാൽ ആക്രമണം കൂടുതൽ ശക്തമായി തുടരുമെന്ന് ഇറാനും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

പശ്ചിമേഷ്യ വീണ്ടും അശാന്തം

ഇരുരാജ്യങ്ങളും തമ്മിലുള്ള സൈനിക നീക്കങ്ങൾ ശക്തമായതോടെ പശ്ചിമേഷ്യയിൽ യുദ്ധഭീതിയും അതോടൊപ്പം അമേരിക്കൻ സേന അതീവ ജാഗ്രതയിലുമാണ്. യു എസ് കേന്ദ്രങ്ങൾ ആക്രമിക്കപ്പെട്ടേക്കുമെന്ന സൂചനകളെത്തുടർന്ന് ജോർദാനിലെ അമേരിക്കൻ എംബസി തങ്ങളുടെ പൗരന്മാർക്ക് ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്. മിഡിൽ ഈസ്റ്റിൽ വലിയൊരു യുദ്ധസാഹചര്യം ഒഴിവാക്കാനുള്ള നയതന്ത്ര നീക്കങ്ങളും ഇതിനിടെ സജീവമാണ്.

ലെബനൻ ആക്രമണം പ്രകോപനം

ലബനൻ തലസ്ഥാനമായ ബെയ്റൂട്ടിൽ ഇസ്രയേൽ വ്യോമസേന നടത്തിയ വൻ വ്യോമാക്രമണമാണ് ഇറാനെ ആക്രമണത്തിന് പ്രേരിപ്പിച്ചത്. ജനവാസ മേഖലയായ ദഹിയേയിൽ പ്രവർത്തിച്ചിരുന്ന ഹിസ്ബുള്ളയുടെ പ്രധാന കമാൻഡ് ആസ്ഥാനവും തന്ത്രപ്രധാനമായ ഭൂഗർഭ ഓപ്പറേഷൻ റൂമും ലക്ഷ്യമിട്ടായിരുന്നു ഇസ്രായേൽ യുദ്ധവിമാനങ്ങളുടെ ആക്രമണം. ആക്രമണത്തിൽ ഈ കേന്ദ്രം വിജയകരമായി തകർത്തതായി ഇസ്രായേൽ പ്രതിരോധ സേന അവകാശപ്പെട്ടിരുന്നു. ബെയ്റൂട്ടിന്റെ തെക്കൻ പ്രാന്തപ്രദേശമായ ദഹിയേയിൽ തുടർച്ചയായി അതിശക്തമായ സ്ഫോടനങ്ങളാണ് ഉണ്ടായത്. ജനവാസ മേഖലയിലെ കെട്ടിടങ്ങൾക്ക് താഴെയാണ് ഹിസ്ബുള്ളയുടെ ഈ ഭൂഗർഭ ആസ്ഥാനം പ്രവർത്തിച്ചിരുന്നതെന്ന് ഇസ്രായേൽ സൈന്യം പ്രസ്താവനയിൽ പറഞ്ഞു. ആക്രമണത്തെത്തുടർന്ന് കിലോമീറ്ററുകളോളം ദൂരത്തിൽ പുകപടലങ്ങൾ ഉയർന്നതായും നിരവധി കെട്ടിടങ്ങൾ പൂർണ്ണമായി തകർന്നതായും പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. മേഖലയിൽ ഇപ്പോഴും കടുത്ത യുദ്ധസമാനമായ സാഹചര്യമാണ് നിലനിൽക്കുന്നത്.

YouTube video player