Asianet News MalayalamAsianet News Malayalam

കാസിം സൊലേമാനിയുടെ സംസ്കാരം ഇന്ന്; ഇറാഖിൽ അമേരിക്ക സൈന്യത്തെ പിൻവലിക്കില്ല

സൈന്യത്തെ പിൻവലിക്കാനുള്ള നടപടികൾ തുടങ്ങിയെന്ന് കാണിച്ച് ഇറാഖിലെ അമേരിക്കൻ സൈനിക മേധാവി കത്ത് നൽകിയെന്ന് ചില അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. എന്നാൽ, ഈ വാർത്തകൾ അമേരിക്കൻ പ്രതിരോധ മന്ത്രാലയം തള്ളി.

Iraq commander qassam soleimanis funeral
Author
Baghdad, First Published Jan 7, 2020, 7:28 AM IST

ബാഗ്‍ദാദ്: അമേരിക്കയുടെ വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ട ഇറാൻ കമാൻഡർ ഖാസിം സുലൈമാനിയുടെ സംസ്കാരം ഇന്ന് നടക്കും. ജന്മനാടായ കെർമനിലാണ് ചടങ്ങ്. കഴിഞ്ഞ ദിവസം ടെഹ്റാനിൽ നടന്ന പ്രാർത്ഥന ചടങ്ങിൽ പങ്കെടുക്കാൻ പതിനായിരങ്ങളാണ് എത്തിയത്. ഇതിനിടെ ഇറാഖിൽ നിന്ന് സൈന്യത്തെ പിൻവലിക്കാൻ തീരുമാനിച്ചിട്ടില്ലെന്ന് അമേരിക്കൻ പ്രതിരോധ മന്ത്രാലയം വ്യക്തമാക്കി.

ഖാസിം സുലൈമാനിയുടെ മൃതദേഹം ജന്മനാട്ടിലെത്തുമ്പോൾ പതിനായിരങ്ങളാണ് അന്തിമോപചാരം അ‌ർപ്പിക്കാൻ എത്തുന്നത്. വികാര നിർഭരമായാണ് ഇറാൻ ജനത ഇന്നലെ ടെഹ്റാനിൽ ഖാസിം സുലൈമാനിക്ക് വിടചൊല്ലിയത്. കെർമനിലെ സംസ്കാര ചടങ്ങിൽ പ്രമുഖ നേതാക്കൾ പങ്കെടുക്കും. സർക്കാർ പ്രഖ്യാപിച്ച ദുഖാചരണം ഇറാനിൽ തുടരുകയാണ്. 

ഇതിനിടെ, ഇറാഖിൽ നിന്ന് അമേരിക്ക സൈന്യത്തെ പിൻവലിക്കുമെന്ന വാർത്തകൾ പ്രതിരോധ മന്ത്രാലയം തള്ളി. സൈന്യത്തെ പിൻവലിക്കാനുള്ള നടപടികൾ തുടങ്ങിയെന്ന് കാണിച്ച് ഇറാഖിലെ അമേരിക്കൻ സൈനിക മേധാവി കത്ത് നൽകിയെന്ന് ചില അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. എന്നാൽ ഇത്തരം ഒരു തീരുമാനത്തെ കുറിച്ച് ചിന്തിച്ചിട്ട് പോലുമില്ലെന്ന് അമേരിക്കൻ പ്രതിരോധ സെക്രട്ടറി മാർക്ക് എസ്പർ പറഞ്ഞു. സൈനിക മേധാവിയുടേതായി പ്രചരിക്കുന്ന കത്ത് വ്യാജമാണെന്നും പ്രതിരോധ സെക്രട്ടറി വ്യക്തമാക്കി. 

എന്നാൽ, സൈന്യത്തെ പിൻവലിക്കാൻ അമേരിക്ക തയ്യാറകണമെന്ന് ഇറാഖ് പ്രധാനമന്ത്രി ആദിൽ അബ്ദുൾ മഹ്ദി ആവശ്യപ്പെട്ടു. ഇറാഖിലെ അമേരിക്കൻ അംബാസിഡറെ മഹ്ദി വിളിച്ചുവരുത്തി. സൈന്യത്തെ പിൻവലിക്കണമെന്ന് ഇറാഖ് പാർലമെന്റ് പ്രമേയം പാസാക്കിയിരുന്നു. അതേസമയം അമേരിക്ക - ഇറാൻ പോർവിളിയിൽ കൂടുതൽ രാജ്യങ്ങൾ ആശങ്കയറിയിച്ചു. സമാധാനത്തിനുള്ള വഴി തേടണമെന്ന് ബ്രിട്ടനും ഫ്രാൻസും സൗദിയും ആവശ്യപ്പെട്ടു. ഇറാഖിലെ സൈനിക നടപടികളുടെ ഭാവി തീരുമാനിക്കാൻ ഉടൻ യോഗം ചേരുമെന്ന് നാറ്റോ സമിതിയും അറിയിച്ചു.

Follow Us:
Download App:
  • android
  • ios