ഗാസയുടെ സമാധാനത്തിനായി ഡോണൾഡ് ട്രംപ് രൂപീകരിച്ച സമാധാന ബോർഡിൽ ചേരുമെന്ന് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. ഗാസയുടെ മേൽനോട്ട സമിതിയിലെ ഖത്തറിന്റെയും തുർക്കിയുടെയും പങ്കാളിത്തത്തിൽ വിയോജിപ്പ് നിലനിൽക്കെയാണ് ഇസ്രയേലിന്റെ ഈ സുപ്രധാന തീരുമാനം
ഗാസയിലെ യുദ്ധ സാഹചര്യം മാറിയ സാഹചര്യത്തിൽ അമേരിക്കൻ പ്രസിഡണ്ട് ഡോണൾഡ് ട്രംപ് രൂപീകരിച്ച സമാധാന ബോർഡിലേക്ക് ഇസ്രയേലും കൈകോർക്കുന്നു. ട്രംപിന്‍റെ പ്ലാൻ അംഗീകരിക്കുന്നതായും ബോർഡ് ഓഫ് പീസിൽ ഇസ്രയേൽ അംഗമാകുമെന്നും പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു അറിയിച്ചു. ഗാസയുടെ മേൽനോട്ടത്തിനായി രൂപീകരിച്ച എക്സിക്യൂട്ടിവ് കമ്മിറ്റിയോടുള്ള വിയോജിപ്പ് നിലനിൽക്കെയാണ് നെതന്യാഹു സമാധാന ബോർഡിലേക്ക് എത്തുന്നത് എന്നത് ശ്രദ്ധേയമാണ്. ഡോണൾഡ് ട്രംപ് തലവനായ ബോർഡ് ഓഫ് പീസ് അഥവാ സമാധാന ബോർഡിലേക്ക് അമേരിക്കയുടെ ക്ഷണം സ്വീകരിച്ചതായി ഇസ്രയേൽ പ്രധാനമന്ത്രിയുടെ ഓഫീസാണ് അറിയിച്ചത്. നിരവധി രാഷ്ട്രങ്ങൾ ഇനിയും നിലപാട് പ്രഖ്യാപിക്കാനിരിക്കെ 60 രാഷ്ട്ര നേതാക്കളുൾപ്പെടുന്ന ബോർഡിൽ ഇസ്രയേലിന്റെ പങ്കാളിത്തം എന്ത് ചലനങ്ങളുണ്ടാക്കും എന്നത് നിർണായകമാണ്.
ഇന്ത്യയടക്കം നിലപാട് പ്രഖ്യാപിച്ചില്ല
നേരത്തെ ഇതേ ബോർഡിന് കീഴിൽ ഗാസയുടെ മേൽനോട്ടത്തിനും സുരക്ഷയ്ക്കുമായി രൂപീകരിച്ച എക്സിക്യൂട്ടിവ് ബോർഡിൽ ഖത്തറിന്റെയും തുർക്കിയുടെയും പങ്കാളിത്തത്തിന് എതിരെ ഇസ്രയേൽ നിലപാടെടുത്തിരുന്നു. എന്നാൽ അമേരിക്ക ഈ വിയോജിപ്പ് തള്ളിയതായി ആണ് സൂചനകൾ. ഇതിന് പിന്നാലെയാണ് നെതന്യാഹു, ട്രംപ് തലവനായ ബോർഡ് ഓഫ് പീസിൽ അംഗമാകാം എന്ന് അറിയിച്ചിരിക്കുന്നത്. പ്രധാനപ്പെട്ട ചില രാജ്യങ്ങൾ ഇതുവരെ ക്ഷണത്തിൽ വ്യക്തമായ നിലപാട് അറിയിച്ചിട്ടില്ല. ഇന്ത്യയും നിലപാട് പ്രഖ്യാപിച്ചിട്ടില്ല. ഭാവിയിൽ അന്താരാഷ്ട്ര തലത്തിലടക്കം സുപ്രധാനമായ കശ്മീർ വിഷയത്തിലും ട്രംപ് ഇതേ നയം സ്വീകരിക്കുമോ എന്നതാണ് ഇന്ത്യയുടെ ആശങ്ക. മറ്റ് രാജ്യങ്ങളുടെ നിലപാട് നിരീക്ഷിച്ചായിരിക്കും ഇന്ത്യ ബോർഡ് ഓഫ് പീസിൽ ചേരണോ എന്നതിൽ തീരുമാനമെടുക്കുക. ഐക്യരാഷ്ട്ര സഭാ ഏജൻസികളുടെ പ്രാധാന്യത്തെ ബോർഡ് ബാധിക്കുമോ എന്ന ചർച്ചകളും സജീവമാണ്. ട്രംപ് പങ്കെടുക്കുന്ന ദാവോസിലെ ലോക സാമ്പത്തിക ഫോറത്തിൽ ഇക്കാര്യത്തിലടക്കം സുപ്രധാന പ്രഖ്യാപനങ്ങൾ പ്രതീക്ഷിക്കുന്നുണ്ട്.
ട്രംപിനൊപ്പം യു എ ഇ
ഗാസ സമാധാന ബോർഡിൽ അംഗമാകാനുള്ള അമേരിക്കയുടെ ക്ഷണം യുണൈറ്റഡ് അറബ് എമിറേറ്റ്സ് (യു എ ഇ) ഇന്നലെ ഔദ്യോഗികമായി സ്വീകരിച്ചിരുന്നു. യുദ്ധക്കെടുതി അനുഭവിക്കുന്ന ഗാസയിൽ സമാധാനവും സ്ഥിരതയും പുനഃസ്ഥാപിക്കുന്നതിനും പുനർനിർമ്മാണ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനുമായി ട്രംപിന്‍റെ നേതൃത്വത്തിൽ രൂപീകരിച്ച പ്രത്യേക സമിതിയിൽ യു എ ഇ ഭാഗമാകുമെന്നാണ് അറിയിപ്പ്. മേഖലയിലെ സംഘർഷങ്ങൾക്ക് ശാശ്വത പരിഹാരം കാണുന്നതിനും മാനുഷിക സഹായങ്ങൾ തടസ്സമില്ലാതെ എത്തിക്കുന്നതിനും യു എ ഇയുടെ പങ്കാളിത്തം നിർണ്ണായകമാകുമെന്ന് അമേരിക്ക വിലയിരുത്തുന്നു. സമാധാന ശ്രമങ്ങളിൽ സജീവമായി ഇടപെടുന്നതിലൂടെ ഗാസയിലെ ജനങ്ങളുടെ സുരക്ഷയും പുനരധിവാസവും ഉറപ്പാക്കുകയാണ് തങ്ങളുടെ ലക്ഷ്യമെന്ന് യു എ ഇ അധികൃതർ വ്യക്തമാക്കി.


