ചിലര്‍ ഒറ്റനോട്ടത്തില്‍ മൃതദേഹങ്ങള്‍ തിരിച്ചറിയുന്നു. അടുത്ത നിമിഷത്തില്‍ വാവിട്ട് പൊട്ടിക്കരയുന്നു. കൂട്ടത്തില്‍ ചിലര്‍ തലകറങ്ങി വീഴുന്നു. സങ്കടം അടക്കാനാവാത്ത മനുഷ്യര്‍ വീണ്ടും വീണ്ടും ഫോട്ടോകള്‍ കാണുന്നു. Iran protests| iran crackdown|
ഇനിയും തിരിച്ചറിയാത്ത നൂറു കണക്കിന് മൃതദേഹങ്ങളുടെ ക്ലോസപ്പ് ഫോട്ടോകള്‍. ചിലരുടെ മുഖത്ത് രക്തം കട്ടപിടിച്ചത് കാണാം. ചിലരുടെ മുഖം നീരു വന്നു വീര്‍ത്തിരിക്കുന്നു. ചിലരുടെ കണ്ണുകള്‍ ചതഞ്ഞിട്ടുണ്ട്. പലരുടെയും മുഖം തിരിച്ചറിയാനാവാത്ത വിധം വികൃതമാണ്.
ഈ ഫോട്ടോകള്‍ ഒരു സ്‌ലൈഡ് ഷോ പോലെ കാണിക്കുകയാണിപ്പോള്‍ ഇറാനിലെ മോര്‍ച്ചറിക്കുപുറത്ത്. സ്‌ക്രീനിനു മുന്നില്‍ നിറയെ ആളുകള്‍. അവര്‍ ഓരോ ഫോട്ടോയും സൂക്ഷിച്ചു നോക്കുന്നു. ചില ഫോട്ടോ കാണുമ്പോള്‍, സൂം ചെയ്യാനും ഒന്നു കൂടി കാണിക്കാനും പറയുന്നു. ചിലര്‍ ഒറ്റനോട്ടത്തില്‍ മൃതദേഹങ്ങള്‍ തിരിച്ചറിയുന്നു. അടുത്ത നിമിഷത്തില്‍ വാവിട്ട് പൊട്ടിക്കരയുന്നു. കൂട്ടത്തില്‍ ചിലര്‍ തലകറങ്ങി വീഴുന്നു. സങ്കടം അടക്കാനാവാത്ത മനുഷ്യര്‍ വീണ്ടും വീണ്ടും ഫോട്ടോകള്‍ കാണുന്നു.
ഇതാണ് ഇറാനില്‍നിന്നുള്ള ഏറ്റവും പുതിയ കാഴ്ച. കൃത്യമായി പറഞ്ഞാല്‍, ഇറാന്‍ തലസ്ഥാനമായ തെഹ്‌റാനിലെ കഹ്രിസാക് ഫോറന്‍സിക് മെഡിക്കല്‍ സെന്ററിലെ ദൃശ്യങ്ങള്‍. അവിടെ സ്‌ക്രീന്‍ ചെയ്യുന്നത്, പ്രക്ഷോഭങ്ങള്‍ക്കിടെ കൊല്ലപ്പെട്ടവരുടെ ഫോട്ടോകളാണ്. പൊലീസും സൈന്യവും ഇസ്‌ലാമിക് റവല്യൂഷനറി ഗാര്‍ഡുകളുമാണ് അവരെ വെടിവെച്ചുകൊന്നത്. ആളെ തിരിച്ചറിയാതെ മോര്‍ച്ചറികളില്‍ കൂട്ടിയിട്ട മൃതദേഹങ്ങള്‍ കാണാതായവരുടെ ബന്ധുക്കളെ കാണിക്കുന്ന ചടങ്ങാണ് നടക്കുന്നത്. ഉറ്റബന്ധുക്കള്‍ക്കു പോലും തിരിച്ചറിയാനാവാത്ത അവസ്ഥയിലാണ് പല മൃതദേഹങ്ങളും.
ആരെയും വേദനിപ്പിക്കുന്ന ഈ അവസ്ഥ ബിബിസിയാണ് പുറത്തുകൊണ്ടുവന്നത്. ഫോട്ടോകളില്‍ ചിലത് കഴിഞ്ഞ ദിവസം ബിബിസിയുടെ വെരിഫൈ വിഭാഗത്തിന് ചോര്‍ന്നുകിട്ടിയിരുന്നു. അതയച്ചുകൊടുത്തവരാണ്, മോര്‍ച്ചറികള്‍ക്കു മുന്നിലെ സ്‌ക്രീനിംഗിന്റെ കാര്യവും വെളിപ്പെടുത്തിയത്. 18 സ്ത്രീകള്‍ ഉള്‍പ്പെടെ 326 ഇരകളുടെ മുഖങ്ങളാണ് ബിബിസിക്ക് ലഭിച്ചത്. 69 പേരുടെ ചിത്രങ്ങളില്‍ തിരിച്ചറിയാത്തവര്‍ എന്ന് പേര്‍ഷ്യന്‍ ഭാഷയില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. 28 ഫോട്ടോകള്‍ക്ക് പേരുണ്ട്. ഭൂരിഭാഗം ഫോട്ടോകളിലും മരണത്തീയതി ജനുവരി 9 എന്നാണുള്ളത്. ജനുവരി ഒമ്പത് വെറുമൊരു തീയതിയല്ല, ഇറാനില്‍ പ്രതിഷേധക്കാര്‍ക്കെതിരെ ഏറ്റവും ക്രൂരമായ സൈനികനടപടി ഉണ്ടായ ദിവസമാണ്.
ഡിസംബര്‍ 28 -നാണ് ഇറാനില്‍ പ്രതിഷധങ്ങളുടെ തുടക്കം. സാമ്പത്തിക പ്രതിസന്ധിയും വിലക്കയറ്റവും രൂക്ഷമായപ്പോള്‍ തെഹ്‌റാനിലെ വ്യാപാരികളാണ് കടയടപ്പു പ്രക്ഷോഭം തുടങ്ങിയത്. തൊട്ടുപിന്നാലെ അത് വ്യാപിച്ചു. ഭക്ഷണവും വെള്ളവും കിട്ടാതെ ആയിരക്കണക്കിനാളുകള്‍ സര്‍ക്കാറിനെതിരൈ തെരുവിലിറങ്ങി. 31 പ്രവിശ്യകളിലേക്ക് പ്രക്ഷോഭം വ്യാപിച്ചു. പ്രതിഷേധത്തെ തച്ചുതകര്‍ക്കാന്‍ സായുധസേനയും രംഗത്തിറങ്ങി. തുടര്‍ന്നാണ് ആയിരക്കണക്കിനാളുകള്‍ കൊല്ലപ്പെട്ടത്. ഇറാന്‍ പരാമാധികാര നേതാവ് ആയത്തുല്ല ഖാംനഈ തന്നെ ഇക്കഴിഞ്ഞ ദിവസം പരസ്യമായി സമ്മതിച്ചത് ആയിരക്കണക്കിനാളുകള്‍ കൊല്ലപ്പെട്ടു എന്നാണ്. ഇന്റര്‍നെറ്റ് കട്ട് ചെയ്യുകയും മാധ്യമവിലക്ക് ഏര്‍പ്പെടുത്തുകയും ചെയ്തതോടെ ഒരു വിവരവും പുറത്തറിയാതായി. നേരത്തെ സ്റ്റാര്‍ലിങ്ക് കണക്ഷനുള്ള ചിലര്‍ എങ്ങനെയൊക്കെയോ വിവരങ്ങള്‍ പുറത്തറിയിച്ചു. ഇപ്പോഴത്തെ ഈ ഫോട്ടോകളും അങ്ങനെ ബിബിസിയില്‍ എത്തിയതാണ്. എത്രപേര്‍ കൊല്ലപ്പെട്ടു എന്ന് ഔദേ്യാഗികമായി ഒരു വിശദീകരണവും വന്നിട്ടില്ല. യുഎസിലും നോര്‍വെയിലുമുള്ള രണ്ട് മനുഷ്യാവകാശ സംഘടനകളാണ് മരണസംഖ്യ അപ്‌ഡേറ്റ് ചെയ്തത്. നാലായിരത്തോളം പേര്‍ കൊല്ലപ്പെട്ടു എന്നാണ് യുഎസിലെ ഹ്യൂമന്‍ റൈറ്റ്‌സ് ആക്ടിവിസ്റ്റ്‌സ് ന്യൂസ് ഏജന്‍സി ഒടുവില്‍ റിപ്പോര്‍ട്ട് ചെയ്തത്. ഇതിലും എത്രയോ കൂടുതലാണ് മരണസംഖ്യ എന്നാണ് നിലവിലെ വിവരം.
ഇതിന് സമാന്തരമായി അമേരിക്കയും ഇസ്രായേലും ഇറാനെതിരെ രംഗത്തുവന്നിരുന്നു. പ്രക്ഷോഭകരെ ഉപദ്രവിച്ചാല്‍ ഇറാനെ തച്ചുതകര്‍ക്കും എന്നായിരുന്നു യു എസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് തുടക്കം മുതല്‍ ആവര്‍ത്തിച്ചത്. ഇറാനെ ആക്രമിക്കാന്‍ ഒരുങ്ങുന്നതായി ഇസ്രായേലും പറഞ്ഞു. ഏതാക്രമണവും ശക്തമായി പ്രതിരോധിക്കുമെന്നാണ് ഇറാന്‍ ഇതിന് മറുപടി നല്‍കിയത്. 2025 ലെ ജൂണിലേതുപോലല്ല, സൈന്യം പൂര്‍ണ്ണയുദ്ധസജ്ജമാണെന്നും ഇറാന്‍ വ്യക്തമാക്കി. അതിനിടെ, ഇറാനില്‍ ഭരണമാറ്റമുണ്ടാവുമെന്ന് ചര്‍ച്ചകള്‍ വന്നു. 40 വര്‍ഷമായി അമേരിക്കയില്‍ പ്രവാസജീവിതം നയിക്കുന്ന മൂന്‍ രാജാവിന്റെ മകന്‍ റിസ പഹലവി ഭരിക്കാന്‍ താന്‍ തയ്യാറാണെന്ന് പറഞ്ഞ് രംഗത്തുവന്നു. പെട്ടെന്നാണ് എല്ലാം മാറിയത്. സംഘര്‍ഷം ഉരുണ്ടു കൂടുന്നതിനിടയില്‍ വ്യക്തമായ കാരണങ്ങള്‍ പറയാതെ ഇസ്രായേലും അമേരിക്കയും പിന്‍മാറി. അതോടെ, ലോകത്തിന്റെ ശ്രദ്ധ ഇറാനില്‍നിന്നു മാറി. പ്രക്ഷോഭങ്ങള്‍ കെട്ടടങ്ങി. അരങ്ങില്‍, കൊല്ലപ്പെട്ടവരും പരിക്കേറ്റവരും അറസ്റ്റിലായവരും അവരുടെ കുടുംബങ്ങളും മാത്രമായി.
കൊല്ലപ്പെട്ടവരുടെ 392 ഫോട്ടോകളാണ് ബിബിസിക്ക് ലഭിച്ചത്. അതില്‍നിന്ന് 326 പേരെ തിരിച്ചറിഞ്ഞതായി ബിബിസി വെരിഫൈ റിപ്പോര്‍ട്ട് ചെയ്തു. 12-13 വയസ്സുള്ള കുട്ടികള്‍ മുതല്‍ 60-ഉം 70-ഉം വയസ്സുള്ളവര്‍ വരെ മരിച്ചവരിലുണ്ട്. മോര്‍ച്ചറിയില്‍ നിന്ന് തിരിച്ചറിഞ്ഞ ഇരകളുടെ പേരുകള്‍ സോഷ്യല്‍ മീഡിയയില്‍ റിപ്പോര്‍ട്ട് ചെയ്തവയുമായി ഒത്തുനോക്കിയപ്പോള്‍ അഞ്ച് പേരുകള്‍ പൊരുത്തമുള്ളതായി കണ്ടെത്തിയതായി ബിബിസി വ്യക്തമാക്കി. എന്നാല്‍, ഇരകളുടെ കുടുംബങ്ങളുമായി ബന്ധപ്പെടാന്‍ കഴിയാത്തതിനാല്‍ ആ പേരുകള്‍ ബിബിസി വെളിപ്പെടുത്തിയില്ല.


