Asianet News MalayalamAsianet News Malayalam

തിരിച്ചടിച്ച് ഇറാൻ; ബാഗ്ദാദിലെ അമേരിക്കൻ എംബസിക്ക് നേരെ റോക്കറ്റാക്രമണം; വ്യോമനിരീക്ഷണം ശക്തമാക്കി അമേരിക്ക

ഖാസിം സുലൈമാനിയുടെ മൃതദേഹവുമായുള്ള വിലാപയാത്ര ഇറാനിലേക്ക് പുറപ്പെട്ടതിന് തൊട്ട് പിന്നാലെയാണ് ഇറാനിലെ അമേരിക്കൻ കേന്ദ്രങ്ങൾ ലക്ഷ്യം വച്ച് റോക്കറ്റ് ആക്രമണം ഉണ്ടായത്.

Iraq Rocket attacks hit central Baghdad and air base housing US troops
Author
Baghdad, First Published Jan 5, 2020, 6:20 AM IST

ബാഗ്‍ദാദ്: അമേരിക്കൻ ആക്രമണത്തിൽ കൊല്ലപ്പെട്ട ഖാസിം സുലൈമാനിയുടെ കബറടക്കം കഴിയും മുമ്പ് ഇറാഖിലെ അമേരിക്കൻ കേന്ദ്രങ്ങളിലേക്ക് ആക്രമണം. ആളപായം റിപ്പോർട്ട് ചെയ്യപ്പെട്ടില്ല. ഇന്ന് വൈകുന്നേരം മുതൽ അമേരിക്കൻ സൈനിക കേന്ദ്രങ്ങളിൽ നിന്ന് ഒരു കിലോമീറ്റർ അകലം പാലിക്കണമെന്ന് ഇറാഖി സൈനികർക്ക് ഇറാന്‍റെ പിന്തുണയുള്ള ഹിസബുള്ള മുന്നറിയിപ്പ് നൽകി. ബാഗ്ദാദിൽ വ്യോമ നിരീക്ഷണം അമേരിക്ക ശക്തമാക്കി.

ഖാസിം സുലൈമാനിയുടെ മൃതദേഹവുമായുള്ള വിലാപയാത്ര ഇറാനിലേക്ക് പുറപ്പെട്ടതിന് തൊട്ട് പിന്നാലെയാണ് ഇറാനിലെ അമേരിക്കൻ കേന്ദ്രങ്ങൾ ലക്ഷ്യം വച്ച് റോക്കറ്റ് ആക്രമണം ഉണ്ടായത്. ബാഗ്ദാദിൽ രണ്ടിടത്താണ് വ്യോമാക്രമണമുണ്ടായത്. അമേരിക്കൻ എംബസി അടക്കം സ്ഥിതി ചെയ്യുന്ന അതി സുരക്ഷാ മേഖലകളായ സെലിബ്രേഷൻ സ്ക്വയറിലും അൽ ജദിരിയിലും. പിന്നാലെ ബലാദിലെ അമേരിക്കൻ വ്യോമത്താവളത്തിനും നേരെയും ആക്രമണമുണ്ടായി. നിരവധി കത്യുഷാ റോക്കറ്റുകളാണ് ഇവിടങ്ങളിൽ പതിച്ചത്. എന്നാൽ ആളപായം ഇല്ലെന്നാണ് ഔദ്യോഗിക വിശദീകരണം.

മൂന്ന് പേർക്ക് പരിക്കേറ്റതായി സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകളും ഉണ്ട്. ആക്രമണത്തിന്റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ലെങ്കിലും, സംശയമുനകൾ ഇറാന് നേരെയാണ്. ഇനിയങ്ങോട്ടുള്ള വർഷങ്ങളിൽ അമേരിക്കയ്ക്ക് അതിന്റെ ക്രിമിനൽ നടപടിയുടെ പ്രത്യാഘാതം അനുഭവിച്ചുകൊണ്ടിരിക്കുമെന്ന് ഇറാൻ പ്രസിഡന്റ് ഹസൻ റുഹാനിയും പ്രതികാരം ചെയ്യുമന്ന് ഇറാൻ പരമോന്നത നേതാവ് അയത്തുള്ള ഖമനേയിയും പ്രഖ്യാപിച്ചിരുന്നു.

ഇന്ന് മുതൽ അമേരിക്കൻ സൈനിക കേന്ദ്രങ്ങളിൽ നിന്ന് ഒരു കിലോമീറ്റർ അകലം പാലിക്കണമെന്ന് ഇറാഖി സൈനികർക്ക് ഇറാന്‍റെ പിന്തുണയുള്ള ഹിസബുള്ളയും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. അമേരിക്കൻ ആക്രമണത്തെ ഐക്യരാഷ്ട്രസഭ അപലപിക്കണമെന്നും ഇറാൻ ആവശ്യപ്പെടുന്നു. പ്രത്യാക്രമണ സാധ്യത കണക്കിലെടുത്ത് മേഖലയിലെ അമേരിക്കൻ സൈനിക കേന്ദ്രങ്ങൾ നിതാന്ദ ജാഗ്രതയിലാണ്. ബാഗ്ദാദിലടക്കം ശക്തമായ വ്യോമ നിരീക്ഷണമാണ് നടത്തുന്നത്. പശ്ചിമേഷ്യയിൽ നിലവിലുള്ള 15,000 സൈനികർക്ക് പുറമെ 3000 പേരെക്കൂടി അധികമായി അമേരിക്കയിൽ നിന്ന് അയച്ചിട്ടുണ്ട്. അതേസമയം വികാര നിർഭരമായ യാത്ര അയപ്പാണ് ഖാസിം സുലൈമാനിക്ക് ഇറാഖ് ജനത നൽകിയത്.

ബാഗ്ദാദിൽ നിന്ന് വിലാപയാത്രയായി ഇറാനിലേക്ക് കൊണ്ടുപോകുന്ന വഴിയിലെല്ലാം ജനങ്ങൾ അന്ത്യോപചാരം അർപ്പിക്കുകയാണ്. ബാഗ്ദാദിലെ വിമാനത്താവള പരിസരത്തുനിന്ന് തുടങ്ങിയ വിലാപയാത്ര കർബല , നജഫ് തുടങ്ങിയ ഷിയാ ശക്തികേന്ദ്രങ്ങളിലൂടെ ഇറാൻ അതിർത്തിയിലേക്ക് നീങ്ങുകയാണ്. ഇറാനിലെ പുണ്യ നഗരമായ മർഷദ്, സുലൈമാനിയുടെ ജന്മനഗരമായ കെർമനിൽ എന്നിവിടങ്ങളിലെ പൊതു ദർശനത്തിനും പ്രാർത്ഥനകൾക്കും ശേഷം തലസ്ഥാനമായ തെഹ്റാനിൽ എത്തിച്ച് മറ്റന്നാൾ കബറടക്കും.

Also Read: അമേരിക്ക-ഇറാന്‍ സംഘര്‍ഷസാധ്യത; കുവൈത്ത്​ ആഭ്യന്തര സുരക്ഷ ശക്തമാക്കി

Follow Us:
Download App:
  • android
  • ios