ഡബ്ലിന്‍: ലോകം കൊവിഡിനെ ചെറുക്കാന്‍ പ്രയത്‌നിക്കുമ്പോള്‍ ആരോഗ്യമേഖലയെ സഹായിക്കുന്നതിനായി വീണ്ടും ഡോക്ടറായി രംഗത്തിറങ്ങി അയര്‍ലന്‍ഡ് പ്രധാനമന്ത്രി ലിയോ വരദ്കര്‍. കൊവിഡിനെ നേരിടുന്നതിനുള്ള ഐറിഷ് മെഡിക്കല്‍ സംഘത്തിനൊപ്പംആഴ്ചയിലൊരിക്കല്‍ വരദ്കറും ഉണ്ടാകും. ഏഴുവര്‍ഷം ഡോക്ടറായി സേവനമനുഷ്ഠിച്ച വരദ്കര്‍ 2013ലാണ് ജോലി ഉപേക്ഷിച്ച് രാഷ്ട്രീയത്തിലിറങ്ങിയത്. 

2013ല്‍ അദ്ദേഹത്തിന്റെ പേര് മെഡിക്കല്‍ രജിസ്റ്ററില്‍ നിന്ന് ഒഴിവാക്കിയിരുന്നു. രാജ്യത്തെ ആരോഗ്യമേഖല പ്രതിസന്ധിയിലായിരിക്കുന്ന ഈ ഘട്ടത്തില്‍ വീണ്ടും ഡോക്ടറായി രജിസ്റ്റര്‍ ചെയ്തിരിക്കുകയാണ് വരദ്കര്‍. തന്റെ മെഡിക്കല്‍ യോഗ്യതയ്ക്ക് അനുസരിച്ച് ആഴ്ചയിലൊരിക്കല്‍ ആരോഗ്യരംഗത്ത് പ്രവര്‍ത്തിക്കുന്നതിനായി വരദ്കര്‍ വീണ്ടും ഡോക്ടറായി പേര് രജിസ്റ്റര്‍ ചെയ്‌തെന്ന് ഐറിഷ് ടൈംസിനെ ഉദ്ധരിച്ച് ഡെക്കാന്‍ ഹെറാള്‍ഡ് റിപ്പോര്‍ട്ട് ചെയ്തു. വരദ്കറിന്റെ പിതാവ് ഡോക്ടറും അമ്മ നഴ്‌സുമായിരുന്നു. രണ്ടു സഹോദരിമാരും ആരോഗ്യമേഖലയില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. 

ഡോക്ടര്‍മാരും സന്നദ്ധ പ്രവര്‍ത്തകരും ഉള്‍പ്പെടെ മെഡിക്കല്‍ രംഗത്ത് പ്രവര്‍ത്തിക്കാന്‍ തയ്യാറായി 70,000ത്തോളെ പേരാണ് അയര്‍ലന്‍ഡില്‍ രജിസ്റ്റര്‍ ചെയ്തത്. ഏറ്റവും പുതിയ കണക്കുകള്‍ പ്രകാരം 5000ത്തോളം പേര്‍ക്കാണ് അയര്‍ലന്‍ഡില്‍ കൊവിഡ് സ്ഥിരീകരിച്ചിട്ടുള്ളത്. 158 പേര്‍ മരിച്ചു.
 

കൊവിഡ് -19, പുതിയ വാര്‍ത്തകളും സമ്പൂര്‍ണ്ണ വിവരങ്ങളും അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക