ഇസ്രായേൽ പ്രതിരോധ, സുരക്ഷാ ഫോറത്തിന്റെ ചെയർമാൻ വിശദീകരിക്കുന്നത് ഇസ്രയേലിന് സുരക്ഷ ഒരുക്കുന്നത് അയണ്‍ ഡോം മാത്രമല്ല എന്നാണ്.

ടെൽ അവിവ്: ഇറാനുമായുള്ള സംഘർഷത്തിൽ ഇസ്രയേലിന്‍റെ വ്യോമ പ്രതിരോധ സംവിധാനമായ അയണ്‍ ഡോം പരാജയപ്പെടുകയാണോ എന്ന ചോദ്യം ഉയരുന്നുണ്ട്. ഹൈഫയിലെയും ടെൽ അവീവിലെയും സൈനിക കേന്ദ്രങ്ങൾ അടക്കം ലക്ഷ്യമിട്ട് ഇറാൻ മിസൈൽ, ഡ്രോൺ ആക്രമണം നടത്തി. ഇസ്രായേലിന്റെ സുരക്ഷാ കവചത്തിൽ വിള്ളൽ വീഴുകയാണോ എന്ന ചോദ്യമാണ് ഉയരുന്നത്.

എന്നാൽ ഇസ്രായേൽ പ്രതിരോധ, സുരക്ഷാ ഫോറത്തിന്റെ (IDSF) ചെയർമാനായ വിരമിച്ച ബ്രിഗേഡിയർ ജനറൽ അമീർ അവിവി എൻഡിടിവിക്ക് നൽകിയ അഭിമുഖത്തിൽ പറയുന്നത് ഇസ്രയേലിന് സുരക്ഷ ഒരുക്കുന്നത് അയണ്‍ ഡോം മാത്രമല്ല എന്നാണ്. ദീർഘദൂര ബാലിസ്റ്റിക് മിസൈലുകൾ കൂടുതലും ആരോ 3 വഴിയാണ് തടയുന്നതെന്ന് അദ്ദേഹം പറഞ്ഞു. ഇസ്രായേലിന്റെ പ്രതിരോധ സംവിധാനം 90 ശതമാനത്തിലധികം വിജയമാണെന്നും അദ്ദേഹം പറഞ്ഞു.

എന്നിരുന്നാലും ഒരു സംവിധാനവും പൂർണമായും കുറ്റമറ്റതല്ലെന്ന് ബ്രിഗേഡിയർ ജനറൽ അമീർ അവിവി മുന്നറിയിപ്പ് നൽകി. 100 ശതമാനം എത്താൻ പ്രയാസമാണ്. മിസൈൽ കടന്നുപോകുമ്പോൾ, ഇസ്രയേലിന്റെ പ്രതിരോധവും പ്രവർത്തിക്കുന്നു. അത്തരം സന്ദർഭങ്ങളിൽ ബങ്കറുകൾ ഉപയോഗിക്കാൻ അദ്ദേഹം സാധാരണ ജനങ്ങളോട് നിർദേശിച്ചു. അയൺ ഡോം ഇപ്പോഴും ആശ്രയിക്കാവുന്നതാണോ എന്ന ചോദ്യത്തിന് വിശാലമായ വ്യോമ പ്രതിരോധ ശൃംഖലയ്‌ക്കൊപ്പം ഈ സംവിധാനവും വിശ്വസനീയമാണെന്ന് അമീർ അവിവി അവകാശപ്പെട്ടു. ഭീഷണികളെ നേരിടാൻ ഒരൊറ്റ സംവിധാനമല്ല, ബഹുമുഖ തന്ത്രമാണ് ഉപയോഗിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.

നൂറുകണക്കിന് ബാലിസ്റ്റിക് മിസൈലുകൾ വിക്ഷേപിക്കാനാണ് ഇറാൻ ലക്ഷ്യമിട്ടത്. പക്ഷേ ആ വേഗത നിലനിർത്തുന്നതിൽ ഇറാൻ പരാജയപ്പെട്ടു. ഇസ്രായേലി ആക്രമണങ്ങൾ ഇറാന്റെ 40 ശതമാനത്തിലധികം ലോഞ്ചറുകൾ നശിപ്പിച്ചു. ഇത് ആക്രമണം തുടരാനുള്ള ഇറാന്‍റെ കഴിവിനെ സാരമായി ബാധിച്ചെന്നും അദ്ദേഹം അവകാശപ്പെട്ടു.