കിഴക്കൻ ജാവയിലെ സിഡോയാർജോയിലെ അൽ ഖോസിനി ഇസ്ലാമിക് ബോർഡിംഗ് സ്കൂൾ കെട്ടിടമാണ് തകർന്നത്. വിദ്യാർത്ഥികളുടെ പ്രാർത്ഥന പുരോഗമിക്കുന്നതിനിടയിലാണ് കെട്ടിടം തകർന്നത്.

ജക്കാർത്ത: ഇന്തോനേഷ്യയിൽ സ്കൂൾ കെട്ടിടം തകർന്നു. ഒരാൾ കൊല്ലപ്പെട്ടു. കെട്ടിടത്തിനുള്ളിൽ കുടുങ്ങിയ 65 പേർക്കായി തെരച്ചിൽ ഊർജ്ജിതം. പന്ത്രണ്ടിലേറെ പേരെ പരിക്കേറ്റ നിലയിൽ രക്ഷപ്പെടുത്തിയിട്ടുണ്ട്. തിങ്കളാഴ്ച വൈകുന്നേരമാണ് സ്കൂൾ കെട്ടിടം തകർന്നത്. 12 മണിക്കൂറിലേറെയായി കെട്ടിടാവശിഷ്ടങ്ങൾക്കുള്ളിൽ കുടുങ്ങിയവർക്ക് ഓക്സിജൻ അടക്കമുള്ളവ എത്തിക്കാനുള്ള ശ്രമത്തിലാണ് രക്ഷാപ്രവർത്തകരുള്ളത്. പൊലീസും സൈനികരും രക്ഷാപ്രവർത്തന രംഗത്തുണ്ട്. കിഴക്കൻ ജാവയിലെ സിഡോയാർജോയിലെ അൽ ഖോസിനി ഇസ്ലാമിക് ബോർഡിംഗ് സ്കൂൾ കെട്ടിടമാണ് തകർന്നത്. വിദ്യാർത്ഥികളുടെ പ്രാർത്ഥന പുരോഗമിക്കുന്നതിനിടയിലാണ് കെട്ടിടം തകർന്നത്. രക്ഷാപ്രവ‍ർത്തക‍ർ അപകട സ്ഥലത്ത് പുറത്തെടുക്കാനാവാത്ത നിലയിൽ മൃതേദഹങ്ങൾ കണ്ടെത്തിയതായി റിപ്പോർട്ട് ചെയ്തിട്ടുണ്ട്. മരണ സംഖ്യ ഇനിയും ഉയ‍ർന്നേക്കുമെന്നാണ് അന്തർദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. അപകടത്തിന് പിന്നാലെ വിദ്യാർത്ഥികളുടെ രക്ഷിതാക്കൾ അടക്കമുള്ളവർ സംഭവ സ്ഥലത്ത് എത്തിയിട്ടുണ്ട്. സ്കൂളിലെ പ്രാർത്ഥനാ മുറിയാണ് തകർന്ന് വീണത്. ചൊവ്വാഴ്ച രാവിലെ ലഭ്യമായ വിവരം അനുസരിച്ച് 65 വിദ്യാർത്ഥികളെയാണ് കാണാതായിട്ടുള്ളത്. 12നും 17നും ഇടയിൽ പ്രായമുള്ള ആൺകുട്ടികളാണ് കാണാതായവരിൽ ഏറെയും.

അനധികൃത കെട്ടിടം തകർന്നത് പ്രാർത്ഥന നടക്കുന്നതിനിടെ

രക്ഷാപ്രവ‍ർത്തനം പുരോഗമിക്കുന്നതിനിടെ വലിയ കോൺക്രീറ്റ് പാളികൾ വീണ്ടും തകർന്ന് വീഴുന്നത് വെല്ലുവിളിയായിട്ടുണ്ടെന്നാണ് അധികൃതർ വിശദമാക്കുന്നത്. വലിയ ഉപകരണങ്ങൾ ഉപയോഗിച്ച് തെരച്ചിൽ നടത്തുന്നത് വീണ്ടും കെട്ടിടം ഇടിയാൻ കാരണമാകുമെന്ന നിരീക്ഷണത്തിലാണ് രക്ഷാപ്രവ‍ർത്തകരുള്ളത്. അനധികൃതമായി നിർമ്മിച്ചതാണ് തക‍ർന്ന കെട്ടിടമെന്നാണ് അന്തർദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. വിദ്യാർത്ഥികളും അധ്യാപകരും പരിക്കേറ്റവരിലുണ്ട്.

കെട്ടിടത്തിന്റെ മറ്റൊരു ഭാഗത്ത് പ്രാർത്ഥിച്ചുകൊണ്ടിരുന്ന പെൺകുട്ടികൾ തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്. 13 വയസുള്ള വിദ്യാർത്ഥിയാണ് കൊല്ലപ്പെട്ടത്. 99 പേരെ സംഭവ സ്ഥലത്ത് നിന്ന് രക്ഷപ്പെടുത്തി ആശുപത്രിയിലെത്തിച്ചിട്ടുണ്ട്. ഇവരിൽ ചിലരുടെ നില ഗുരുതരമാണ്. നേരത്തെ രണ്ട് നിലയുണ്ടായിരുന്ന പ്രാർത്ഥനാ മുറി അടുത്തിടെ നാല് നിലയാക്കിയിരുന്നു. ഇതാണ് തകർന്ന് വീണത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം