ഇറാനിലെ വിവിധ ജയിലുകളിലായി എട്ട് സ്ത്രീകൾ വധശിക്ഷാ ഭീഷണി നേരിടുന്നുവെന്ന് മനുഷ്യാവകാശ സംഘടനകൾ റിപ്പോർട്ട് ചെയ്യുന്നു. ജനുവരിയിലെ പ്രക്ഷോഭങ്ങളുമായി ബന്ധപ്പെട്ട കേസുകളിലാണ് നാലുപേർക്ക് ശിക്ഷ വിധിച്ചത്, ഇതിൽ രണ്ടുപേരുടെ വധശിക്ഷ സുപ്രീം കോടതി ശരിവെച്ചു.

ടെഹ്റാൻ: ഇറാനിലെ വിവിധ ജയിലുകളിൽ കഴിയുന്ന എട്ട് സ്ത്രീകളെങ്കിലും വധശിക്ഷാ ഭീഷണി നേരിടുന്നതായി റിപ്പോര്‍ട്ട്. മനുഷ്യാവകാശ സംഘടനയായ എച്ച്ആർഎഎൻഎ ആണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. ഇതിൽ നാലു പേർക്ക് ജനുവരിയിൽ ഇറാനിലുണ്ടായ പ്രക്ഷോഭങ്ങളുമായി ബന്ധപ്പെട്ട കേസുകളിലാണ് ശിക്ഷ. ഇതിൽ രണ്ട് പേരുടെ വധശിക്ഷ ഇറാന്റെ സുപ്രീം കോടതി ശരിവെച്ചതായും പ്രാദേശിക മാധ്യമ റിപ്പോർട്ടിൽ പറയുന്നു.

ടെഹ്‌റാനിലെ ഈവിൻ ജയിലിൽ കഴിയുന്ന ഇവരുടെ വധശിക്ഷ സുപ്രീം കോടതി ശരിവെച്ചു. നിരോധിത സംഘടനകളിൽ പ്രവർത്തിച്ച് സായുധ കലാപത്തിന് ശ്രമിച്ചു എന്നതാണ് ഇവർക്കെതിരെയുള്ള കുറ്റം. മറിയം ഹദവന്ദ്, മഹ്‌നാസ് ചാർദൗലി, ലൈല അബുൽഹസനി, തരാനെ റഹീമി എന്നിവരാണ് പ്രക്ഷോഭവുമായി ബന്ധപ്പെട്ട കേസുകളിൽ വധശിക്ഷ നേരിടുന്ന നാല് പേർ. പള്ളിക്ക് തീയിട്ടു, ബസിജ് സേനാംഗങ്ങളെ വധിക്കാൻ ഗൂഢാലോചന നടത്തി, പൊതുമുതൽ നശിപ്പിച്ചു തുടങ്ങിയ കുറ്റങ്ങളാണ് ഇവർക്ക് മേൽ ചുമത്തിയിരിക്കുന്നത്.

റഷ്തിലെ ലാക്കാൻ ജയിലിൽ സഹ്‌റ ഷഹ്ബാസ് തബാരി (68) എന്ന സ്ത്രീയുടെ ആദ്യ വധശിക്ഷ സുപ്രീം കോടതി റദ്ദാക്കിയിരുന്നുവെങ്കിലും, പുനർവിചാരണയ്ക്ക് ശേഷം വീണ്ടും വധശിക്ഷ വിധിക്കുകയായിരുന്നു. സുരക്ഷാ ലംഘനം, സൈനിക കേന്ദ്രങ്ങളുടെ ചിത്രങ്ങൾ വിദേശ മാധ്യമങ്ങൾക്ക് കൈമാറി, പരമോന്നത നേതാവിനെ അപമാനിച്ചു തുടങ്ങിയ കുറ്റങ്ങൾക്ക് ബന്ദർ അബ്ബാസിൽ വെച്ചാണ് 32കാരിയായ സെവ്ദ (മർസിയ ഇബ്രാഹിം)യ്ക്ക് ശിക്ഷ വിധിച്ചത്.

കേസുകളിൽ അഞ്ചെണ്ണം ഇപ്പോഴും പ്രാഥമിക വിചാരണ ഘട്ടങ്ങളിലാണെന്ന് മനുഷ്യാവകാശ സംഘടന വ്യക്തമാക്കി. കൂടാതെ, ബിത ഹെമ്മതി, വരീഷ മൊറാദി എന്നിവരുടെ വധശിക്ഷ സുപ്രീം കോടതി മുൻപ് റദ്ദാക്കിയിരുന്നെങ്കിലും ഇവരുടെ വിചാരണ നടപടികൾ പൂർത്തിയായിട്ടില്ല. പ്രക്ഷോഭകർക്കും രാഷ്ട്രീയ തടവുകാർക്കുമെതിരെ ഇറാൻ അധികൃതർ വധശിക്ഷ വർധിപ്പിക്കുന്നതിൽ രാജ്യാന്തര മനുഷ്യാവകാശ സംഘടനകൾ കടുത്ത ആശങ്കയിലാണ്.