അപായസൂചന നൽകി ട്രെയിൻ അടുത്തെത്തുമ്പോഴും ഇരുവരും ഭയമില്ലാതെ ട്രാക്കിൽ ഇരിക്കുന്നതിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. ട്രെയിൻ തങ്ങളുടെ അടുത്തെത്തുന്നതിന് തൊട്ടുമുമ്പ്, യുവതി ചിരിച്ചുകൊണ്ട് യുവാവിനെ തന്‍റെ അടുത്തേക്ക് വലിക്കുന്നത് വീഡിയോയിൽ കാണാം.

ന്യൂയോർക്ക്: അമേരിക്കയിലെ ന്യൂയോർക്കിൽ സബ്‌വേ മെട്രോ റെയിൽവേ ട്രാക്കിൽ ഇരിക്കുകയായിരുന്ന ഇന്ത്യൻ വംശജയായ യുവതിയും സുഹൃത്തും ട്രെയിൻ ഇടിച്ച് മരിച്ചു. ന്യൂജേഴ്‌സി സ്വദേശികളായ മലൈക ചിത്രെ (24), നെപ്പാളി വംശജനായ സുഹൃത്ത് നവം കൗൾ (24) എന്നിവരാണ് അപകടത്തിൽ കൊല്ലപ്പെട്ടത്. ലോവർ മാൻഹട്ടനിലെ സ്പ്രിംഗ് സ്ട്രീറ്റ് സബ്‌വേ സ്റ്റേഷനിൽ ഞായറാഴ്ച പുലർച്ചെ 3:15-ഓടെയായിരുന്നു സംഭവം. സൗത്ത്‌ബൗണ്ട് റൂട്ടിൽ സർവ്വീസ് നടത്തുകയായിരുന്ന 'നമ്പർ 4' സബ്‌വേ ട്രെയിനാണ് ട്രാക്കിലിരുന്ന ഇവരെ ഇടിച്ചുതെറിപ്പിച്ചത്.

ഇവരിലൊരാൾ ട്രാക്കിലേക്ക് വീണതിനെത്തുടർന്ന് രക്ഷിക്കാനായി മറ്റൊരാൾ പ്ലാറ്റ്‌ഫോമിൽ നിന്ന് താഴേക്ക് ഇറങ്ങിയപ്പോഴാണ് അപകടം സംഭവിച്ചതെന്ന് അമേരിക്കൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. അതേസമയം അപായസൂചന നൽകി ട്രെയിൻ അടുത്തെത്തുമ്പോഴും ഇരുവരും ഭയമില്ലാതെ ട്രാക്കിൽ ഇരിക്കുന്നതിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. ട്രെയിൻ തങ്ങളുടെ അടുത്തെത്തുന്നതിന് തൊട്ടുമുമ്പ്, യുവതി ചിരിച്ചുകൊണ്ട് യുവാവിനെ തന്‍റെ അടുത്തേക്ക് വലിക്കുന്നത് വീഡിയോയിൽ കാണാം. ട്രെയിൻ പാഞ്ഞടുക്കുമ്പോഴും ഇരുവരും ഒട്ടും ഭയമില്ലാതെ ട്രാക്കിൽ ശാന്തരായി ഇരിക്കുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിട്ടുണ്ട്.

യുവതി ചിരിച്ചുകൊണ്ട് യുവാവിനെ അടുത്തേക്ക് ചേർത്തുപിടിക്കുന്നത് കണ്ടതായും പെട്ടെന്ന് ട്രെയിൻ ഇവരെ ഇടിച്ചതിനാൽ ബ്രേക്ക് പ്രയോഗിക്കാൻ പോലും തനിക്ക് സാവകാശം ലഭിച്ചില്ലെന്നും ലോക്കോ പൈലറ്റ് ഉദ്യോഗസ്ഥരെ അറിയിച്ചു. കൗളും ചിത്രയും സംഭവസ്ഥലത്തുവെച്ചുതന്നെ മരിച്ചു. ട്രെയിനിന്റെ മൂന്നാമത്തെയും നാലാമത്തെയും കോച്ചുകൾക്ക് അടിയിൽനിന്നാണ് ഇവരുടെ മൃതദേഹങ്ങൾ കണ്ടെടുത്തതെന്ന് 'ന്യൂയോർക്ക് ഡെയ്‌ലി ന്യൂസ്' റിപ്പോർട്ട് ചെയ്തു. ആത്മഹത്യാക്കുറിപ്പുകളൊന്നും സ്ഥലത്തുനിന്ന് കണ്ടെത്തിയിട്ടില്ലെങ്കിലും ആ സാധ്യതയും പൊലീസ് പൂർണ്ണമായി തള്ളിക്കളഞ്ഞിട്ടില്ല. റട്‌ജേഴ്‌സ് സർവകലാശാലയിലെ പൂർവ വിദ്യാർത്ഥികളാണ് മരിച്ച മലൈകയും നവമും.