അൽഅഖ്സ പള്ളിയിലേക്ക് റമദാൻ കഴിയുന്നതുവരെ അമുസ്ലിംകൾക്ക് വിലക്കേര്‍പ്പെടുത്തി. പള്ളി പരിസരത്ത് സംഘര്‍ഷം ഉണ്ടാകുന്ന സാഹചര്യത്തിലാണ് ഇസ്രായേൽ നടപടി.
ജറുസലേം: അൽഅഖ്സ പള്ളിയിലേക്ക് റമദാൻ കഴിയുന്നതുവരെ അമുസ്ലിംകൾക്ക് വിലക്കേര്‍പ്പെടുത്തി. പള്ളി പരിസരത്ത് സംഘര്‍ഷം ഉണ്ടാകുന്ന സാഹചര്യത്തിലാണ് ഇസ്രായേൽ നടപടി. ജൂതന്മാര്‍ക്കും വിനോദ സഞ്ചാരികൾക്കും അടക്കമാണ് പള്ളി പരിസരത്ത് നിരോധനം ഏര്‍പ്പെടുത്തിയിരിക്കുന്നത്. മുതിര്‍ന്ന സുരക്ഷാ ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തിയ ശേഷമാണ് തീരുമാനമെന്നും വിനോദ സഞ്ചാരികളടക്കം അമുസ്ലിംകളെ ആരെയും പ്രവേശിക്കാൻ അനുവദിക്കില്ലെന്ന് പ്രസിഡന്റ് ബെഞ്ചമിൻ നെതന്യാഹുവിന്റെ ഓഫീസ് പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു.
അൽ അഖ്സ പള്ളിയിൽ കഴിഞ്ഞാഴ്ച ഇസ്രായേൽ പൊലീസ് നിരന്തരം റെയ്ഡുകൾ നടത്തിയിരുന്നു. 12 പാലസ്തീനികൾ അടക്കം 400 -ഓളം പേര്‍ അറസ്റ്റിലായിരുന്നു. ഇതിന് പിന്നാലെ തെക്കൻ ലെബനൻ, സിറിയ എന്നിവിടങ്ങളിൽ നിന്ന് റോക്കറ്റ് ആക്രമണമുണ്ടായി. ഇതിന് പ്രതിരോധിക്കാൻ ഇസ്രായലും ആക്രമണം നടത്തി.
ഇതിന് പിന്നാലെ പ്രതിരോധ മന്ത്രി യോവ് ഗാലന്റ്, ഇസ്രായേൽ പൊലീസ് ചീഫ് ഓഫ് സ്റ്റാഫ് ഹെർസി ഹലേവി, ഷിൻ ബെറ്റ് മേധാവി റോണൻ ബാർ, പൊലീസ് കമ്മീഷണർ കോബി ഷബ്തായ് എന്നിവർ ഏകകണ്ഠമായി നിരോധനം ശുപാർശ ചെയ്തതായി പ്രസ്താവന ഉദ്ധരിച്ച് അൽ ജസീറ റിപ്പോര്‍ട്ട് ചെയ്യുന്നു.അതേസമയം, കോമ്പൗണ്ടിന് പുറത്ത് ജൂത ആരാധന തുടരുന്നതിന് ആവശ്യമായ സുരക്ഷയൊരുക്കാൻ സുരക്ഷാ ഏജൻസികളോട് നെതന്യാഹൂ നിർദ്ദേശിച്ചതായി ഇസ്രായേലി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
മക്കയിലെ മസ്ജിദുൽ ഹറമിനും മദീനയിലെ പ്രവാചകന്റെ പള്ളിക്കുമൊപ്പം മുസ്‌ലിംകളുടെ മൂന്നാമത്തെ വിശുദ്ധ ഗേഹമായാണ് മസ്ജിദുൽ അഖ്‌സ അറിയുന്നത്.
