സ്ഫോടക വസ്തുക്കൾ നിറച്ച ടാങ്കുകളും റിമോർട്ട് കൺട്രോളിലുള്ള കവചിത കാറുകളും ഇസ്രയേൽ ​ഗാസയുടെ തെരുവുകളിലേക്ക് അയച്ചു. ഏറെക്കാലമായി ഭീഷണിയായി നിലനിന്നിരുന്ന കരയുദ്ധമാണ് അന്താരാഷ്ട്ര എതിർപ്പുകൾക്ക് ഇടയിലും ഇസ്രയേൽ നടപ്പിലാക്കുന്നത്. 

​ഗാസ പിടിച്ചെടുക്കാൻ രണ്ട് വർഷമായി ​തുടരുന്ന യുദ്ധം കടുപ്പിച്ചിരിക്കുകയാണ് ഇസ്രയേൽ. ​ഗാസയിൽ കരയുദ്ധം ആരംഭിച്ചെന്ന് ഇസ്രയേൽ പ്രതിരോധ സേന അറിയിച്ചു. ചൊവ്വാഴ്ച ആരംഭിച്ച ​ബോംബാക്രമണത്തിൽ കത്തുകയാണ് ​ഗാസ. ആക്രമണത്തിൽ ഇതിനോടകം 65ലേറെപ്പേർ കൊല്ലപ്പെട്ടെന്നാണ് റിപ്പോർട്ടുകൾ. ബോംബാക്രമണത്തിൽ അവശേഷിക്കുന്ന കെട്ടിടങ്ങളും വീടുകളും തകർന്നടിയുന്നതിന്റെ സിസി ടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. ​

സ്ഫോടക വസ്തുക്കൾ നിറച്ച ടാങ്കുകളും റിമോർട്ട് കൺട്രോളിലുള്ള കവചിത കാറുകളും ഇസ്രയേൽ ​ഗാസയുടെ തെരുവുകളിലേക്ക് അയച്ചു. ഏറെക്കാലമായി ഭീഷണിയായി നിലനിന്നിരുന്ന കരയുദ്ധമാണ് അന്താരാഷ്ട്ര എതിർപ്പുകൾക്ക് ഇടയിലും ഇസ്രയേൽ നടപ്പിലാക്കുന്നത്. ​ഗാസ കത്തുന്നു എന്നും ഭീകര കേന്ദ്രങ്ങളെ സൈന്യം ഇരുമ്പുമുഷ്ടി ഉപയോ​ഗിച്ച് തകർക്കും എന്നുമാണ് ചൊവ്യാഴ്ച അതിരാവിലെ നടത്തിയ ആക്രമണത്തെക്കുറിച്ച് ഇസ്രയേൽ പ്രതിരോധ മന്ത്രി എക്സിൽ കുറിച്ചത്. ജനങ്ങളെ ഒഴിപ്പിക്കുകയും ശത്രുക്കളെ പരാജയപ്പെടുത്തുകയും ചെയ്യുമെന്നാണ് ഇസ്രയേൽ‌ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ പ്രതികരണം.

ആക്രമണം കനത്തതോടെ ​ഗാസയിൽനിന്നും കൂട്ടപ്പലായനവും ആരംഭിച്ചു. ​ഗാസയിൽ തന്നെ തുടരുമെന്ന് ഉറപ്പിച്ചവർക്ക് പോലും നിലനിൽക്കാൻ കഴിയാത്ത അവസ്ഥയാണ് നിലവിലുള്ളത്. കഴിഞ്ഞ മാസങ്ങളിൽ ഒന്നര ലക്ഷം പലസ്തീനികൾ ​ഗാസയിൽനിന്നും തെക്കൻ മേഖലകളിലേക്ക് പലായനം ചെയ്തെന്നാണ് യുഎൻ കണക്കുകൾ വ്യക്തമാക്കുന്നത്. പലായനത്തിനായി ആകെ തുറന്ന് നൽകിയിരിക്കുന്ന അൽ റഷീദ് സ്ട്രീറ്റ് മനുഷ്യരെക്കൊണ്ട് തിങ്ങി നിറഞ്ഞിരിക്കുകയാണ്.

​ഗാസയിൽ പലസ്തീനുകാർക്കുനേരെ ഇസ്രയേൽ നടത്തുന്നത് വംശഹത്യയാണെന്ന് യുഎൻ അന്വേഷണ കമ്മിറ്റിയും ആരോപിച്ചു. 2023ൽ ‌ഇസ്രയേൽ ഹമാസുമായുള്ള യുദ്ധം ആരംഭിച്ചതിന് ശേഷം ഏറ്റവും രൂക്ഷമായ ദിവസങ്ങളിലൂടെയാണ് നിലവിൽ ​ഗാസ കടന്നുപോകുന്നത് എന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.

1948ലെ ജെനോസൈഡ് കൺവൻഷൻ പ്രകാരം വംശഹത്യയെന്ന് നിർവചിക്കുന്ന അഞ്ച് കാര്യങ്ങളിൽ നാലെണ്ണവും ​ഗാസയിൽ അരങ്ങേറിയെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. ഒരു വിഭാ​ഗത്തിലെ ഭൂരിപക്ഷം മനുഷ്യരെയും കൊലപ്പെടുത്തുക, അവരെ മാനസികവും ശാരീരികവുമായി ഉപദ്രവിക്കുക, ഒരു വിഭാ​ഗത്തെ നശിപ്പിക്കാൻ ലക്ഷ്യമിട്ട് പദ്ധതികൾ ആസൂത്രണം ചെയ്ത് നടപ്പിലാക്കുക, അവരുടെ ജനനം തടയുക എന്നിവ ഇസ്രയേൽ ​ഗാസയിൽ നടത്തിക്കഴിഞ്ഞെന്ന് റിപ്പോർട്ട് വ്യക്തമാക്കുന്നു. ഇസ്രയേലി സേനയുടെ പ്രവർത്തന രീതിയും നേതാക്കളുടെ പ്രസ്താവനകളും കൃത്യമായി ചൂണ്ടിക്കാട്ടിയാണ് വംശഹത്യയാണ് നടക്കുന്നതെന്ന് റിപ്പോർട്ടിൽ പറയുന്നത്.

​ഗാസയിൽ ഇതിനോടകം 64,964 പേർ കൊല്ലപ്പെട്ടെന്നാണ് ഔദ്യോ​ഗിക കണക്കുകൾ. ശേഷിക്കുന്നവരിൽ ഭൂരിഭാ​ഗം പേരും അഭയമോ ആശ്രയമോ ഇല്ലാത്ത അവസ്ഥയിലുമാണ്. 90 ശതമാനം വീടുകളും തകർക്കപ്പെടുകയോ കനത്ത രീതിയിൽ കേടുപാടുകൾ സംഭവിക്കുകയോ ചെയ്തിട്ടുണ്ട്. മരുന്ന്, വെള്ളം, അവശ്യവസ്തുക്കൾ എന്നിവയുടെ വിതരണം താറുമാറായിക്കഴിഞ്ഞു. യുഎൻ പിന്തുണയോടെ പ്രവർത്തിക്കുന്ന ഭക്ഷസുരക്ഷാ വിഭാ​ഗം ​ഗാസാ സിറ്റി കടുത്ത ക്ഷാമത്തിലാണെന്ന് വ്യക്തമാക്കി. ​ഗാസയിൽനിന്നുള്ള പട്ടിണി ദൃശ്യങ്ങൾ ഇതിനോടകം തന്നെ പുറത്തുവന്നിട്ടുണ്ട്.

കരയുദ്ധംകൂടി ആരംഭിച്ചതോടെ ​ഗാസയിൽ ശേഷിക്കുന്നവരോട് ന​ഗരം വിടാൻ ആവശ്യപ്പെട്ടിരിക്കുകയാണ് ഇസ്രയേൽ. മരണത്തിൽനിന്ന് മരണത്തിലേക്കാണ് എന്ന ബോധ്യത്തോടെയാണ് ഈ പലായനം. എലികൾക്കും ക്ഷുദ്രജീവിൾ‌ക്കും ഇടയിൽ വേനലിന്റെ കൊടുംചൂടിലും ശേഷം മരംകോച്ചുന്ന തണുപ്പിലും ടെന്റുകളിലേക്ക് ചുരുങ്ങുകയാണ് ഈ മനുഷ്യർ. ​മരണം കാത്ത് ​ഗാസയിൽ തുടരുന്നതും മരണത്തിലേക്ക് എന്നപോലെ പലായനം ചെയ്യുന്നതും തമ്മിൽ എന്താണ് വ്യത്യാസമെന്നാണ് ഇവരിൽ പലരും ചോദിക്കുന്നത്.

കരയുദ്ധം ആരംഭിച്ചെന്ന വാർത്തകൾ പുറത്തുന്ന സമയത്ത് നെതന്യാഹു ടെൽ അവീവിൽ തന്റെ മേലുള്ള അഴിമതികേസിന്റെ വാദം കേൾക്കുകയായിരുന്നെന്ന് ദ ​ഗാർഡിയൻ റിപ്പോർട്ട് ചെയ്തു. യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ ഹമാസിനെ ഇല്ലാതാക്കാനുള്ള നീക്കങ്ങളിൽ ഇസ്രയേലിന് പൂർണപിന്തുണ അറിയിച്ചതിന് പിന്നാലെയാണ് കരയുദ്ധം ആരംഭിച്ചത്. ആക്രമണത്തിന് പിന്നാലെ ഹമാസിനെ കുറ്റപ്പെട്ടുത്തി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് രം​ഗത്തെത്തുകയും ചെയ്തിരുന്നു.