Asianet News MalayalamAsianet News Malayalam

സൗമ്യയ്ക്ക് ഇസ്രയേലിന്‍റെ ആദരമായി പൗരത്വം, കുടുംബത്തിന് നഷ്ടപരിഹാരം

സൗമ്യ ഓണററി പൗരത്വത്തിന് അർഹയാണെന്നാണ് ഇസ്രയേലിലെ ജനങ്ങൾ വിശ്വസിക്കുന്നതെന്ന്  ഇസ്രയേൽ എംബസിയിലെ ഉപമേധാവി റോണി യദീദി.

Israel confers honorary citizenship on Soumya Santhosh
Author
Delhi, First Published May 23, 2021, 2:45 PM IST

ദില്ലി: ഇസ്രായേലിൽ റോക്കറ്റാക്രമണത്തിൽ കൊല്ലപ്പെട്ട മലയാളി നഴ്സ് സൗമ്യ സന്തോഷിന് ആദരവുമായി ഇസ്രായേല്‍. സൗമ്യ സന്തോഷിന് ഓണററി പൗരത്വവും കുടുംബത്തിനു നഷ്ടപരിഹാരവും നൽകുമെന്ന്  ഇസ്രയേൽ എംബസിയിലെ ഉപമേധാവി റോണി യദീദി അറിയിച്ചു. സൗമ്യ ഓണററി പൗരത്വത്തിന് അർഹയാണെന്നാണ് ഇസ്രയേലിലെ ജനങ്ങൾ വിശ്വസിക്കുന്നതെന്ന് റോണി പറഞ്ഞു.

ഇസ്രയേൽ ജനത തങ്ങളിൽ ഒരാളായാണ് സൗമ്യയെ കാണുന്നത്. ദേശീയ ഇൻഷുറൻസ് ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് കുടുംബത്തിന് നഷ്ടപരിഹാരം ലഭ്യമാക്കും. സൗമ്യയുടെ കുഞ്ഞിനെ ഇസ്രയേൽ സംരക്ഷിക്കുമെന്നും ഇസ്രയേൽ എംബസി  ഉപമേധാവി റോണി യദീദി അറിയിച്ചു. 

ഇസ്രായേലിൽ റോക്കറ്റാക്രമണത്തിൽ കൊല്ലപ്പെട്ട സൗമ്യയെ മാലാഖ ആയാണ് ഇസ്രായേൽ ജനത കാണുന്നതെന്ന് ഇസ്രായേൽ കോൺസൽ ജനറൽ പറഞ്ഞിരുന്നു. സൗമ്യയുടെ സംസ്കാര ചടങ്ങിനെത്തിയ കോൺസൽ ജനറൽ മകൻ അഡോണിന് ഇന്ത്യയുടെയും ഇസ്രായേലിന്റെയും പതാക അടങ്ങിയ ബാഡ്ജ് നൽകിയാണ് മടങ്ങിയത്.

ഇസ്രായേലിലെ അഷ്ക ലോണിൽ കഴിഞ്ഞ പത്തുവർഷമായി കെയർ ടേക്കറായി ജോലി ചെയ്യുകയായിരുന്നു   ഇടുക്കി കീരിത്തോട് സ്വദേശി സൗമ്യ.  അഷ്ക ലോണിൽ  താമസിച്ചിരുന്ന അപ്പാർട്ട്മെന്റിലേക്ക് ഹമാസിന്‍റെ റോക്കറ്റ് പതിച്ചാണ് സൗമ്യ  കൊല്ലപ്പെടുന്നത്.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona
 

Follow Us:
Download App:
  • android
  • ios