Asianet News MalayalamAsianet News Malayalam

ഗാസയിലെ ഹമാസ് കമാൻഡോ ആസ്ഥാനങ്ങൾ ബോംബിട്ട് തകർത്ത് ഇസ്രയേൽ; അവസാന വൈദ്യുതി നിലയവും അടച്ചു, ഗാസ ഇരുട്ടിൽ

ബന്ദികളെ മോചിപ്പിക്കണമെന്ന് ഹമാസിനോടും ഗാസയിലെ ജനങ്ങൾക്ക് അവശ്യവസ്തുക്കൾ തടയരുതെന്ന് ഇസ്രയേലിനോടും അഭ്യർത്ഥിച്ചിട്ടുണ്ട്. എന്നാൽ ഇരുപക്ഷവും സമ്മതിച്ചിട്ടില്ല.

Israel Hamas war live updates no electricity in Gaza apn
Author
First Published Oct 12, 2023, 12:29 PM IST

ടെൽ അവീവ് : ഇസ്രയേൽ ഹമാസ് യുദ്ധം അഞ്ചാം ദിവസവും തുടരുന്നു. ഇസ്രയേൽ വ്യോമാക്രമണം തുടരുന്ന ഗാസയിൽ ജനങ്ങൾ പാലായനത്തിലാണ്. ഗാസയിലെ ഹമാസിന്റെ കമാൻഡോ യൂണിറ്റ് ആസ്ഥാനങ്ങൾ ബോംബിട്ട് തകർത്തുവെന്ന് ഇസ്രയേൽ അവകാശപ്പെട്ടു. എന്നാൽ ഇനിയും കരയുദ്ധം ആരംഭിച്ചിട്ടില്ല. അതിർത്തിയിൽ തയാറായി നിൽക്കുന്ന ആയിരക്കണക്കിന് ഇസ്രയേൽ സൈനികർക്ക് ഗാസയിലേക്ക് കടക്കാനുള്ള നിർദേശം ഇനിയും നൽകിയിട്ടില്ല.

ഹമാസ് ബന്ദികളാക്കിയ ഇസ്രയേൽ പൌരന്മാരെ മോചിപ്പിക്കാനും  വ്യോമാക്രമണത്തിൽ തകർന്ന ഗാസയിലേക്ക് ഭക്ഷണവും വെള്ളവും എത്തിക്കാനും മധ്യസ്ഥ ചർച്ചകൾ തുടങ്ങി. തുർക്കി, ഖത്തർ, ഈജിപ്ത് തുടങ്ങിയ രാജ്യങ്ങളുടെ നേതൃത്വത്തിലാണ്  സമവായ ചർച്ചകൾ നടക്കുന്നത്. ബന്ദികളെ മോചിപ്പിക്കണമെന്ന് ഹമാസിനോടും ഗാസയിലെ ജനങ്ങൾക്ക് അവശ്യവസ്തുക്കൾ തടയരുതെന്ന് ഇസ്രയേലിനോടും അഭ്യർത്ഥിച്ചിട്ടുണ്ട്. എങ്കിലും ഇരുപക്ഷവും സമ്മതിച്ചിട്ടില്ല.

ഇന്ധനമില്ലാതെ അവസാന വൈദ്യുതി നിലയവും അടച്ചതോടെ ഗാസ ഇരുട്ടിലാണ്. ഗാസയിലേക്ക് വെള്ളവും ഭക്ഷണവും ഇന്ധനവും തടയരുതെന്ന് ഇസ്രയേലിനോട് ഐക്യരാഷ്ട്രസഭ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടറസും അഭ്യർത്ഥിച്ചിട്ടുണ്ട്. ഗാസയിലെ യുഎൻ അഭയാർത്ഥി കേന്ദ്രങ്ങൾ ആക്രമിക്കരുത്. നിരപരാധികളായ ബന്ദികളെ ഹമാസ് മോചിപ്പിക്കണമെന്നുമാണ് യു എൻ തലവന്റെ അഭ്യർത്ഥന. യു എൻ സന്നദ്ധ പ്രവർത്തകരായ 11 പേരും റെഡ്ക്രോസ് പ്രവർത്തകരായ അഞ്ചു പേരും ഈ സംഘർഷത്തിൽ ഇതുവരെ കൊല്ലപ്പെട്ടിട്ടുണ്ട്.

'അവൻ എന്തുതന്നെ ചെയ്തിട്ടുണ്ടെങ്കിലും അവൻ നിരപരാധിയാണ്...'; പലസ്തീനെ പിന്തുണച്ച് എം സ്വരാജിന്റെ കുറിപ്പ്

അതേ സമയം, യുദ്ധസാഹചര്യം കൈകാര്യം ചെയ്യാൻ ഇസ്രായേലിൽ സംയുക്ത സർക്കാരും മന്ത്രിസഭയും ഇന്നലെ രൂപീകരിച്ചിരുന്നു. പ്രതിപക്ഷ നേതാവ് ബെന്നി ഗാൻസും മന്ത്രിയാകും. യുദ്ധം കഴിയുംവരെ പ്രതിപക്ഷ പാർട്ടികൾ കൂടി ഉൾപ്പെട്ട ഈ സർക്കാർ രാജ്യത്തെ നയിക്കും.

ഹമാസ് സംഘം കൊലപ്പെടുത്തിയവരുടെ സംസ്കാര ചടങ്ങുകൾ ഇസ്രായേലിൽ പലയിടത്തായി തുടരുകയാണ്. ഇപ്പോഴും പലയിടത്തുനിന്നും മൃതദേഹങ്ങൾ കണ്ടെടുക്കുന്നുണ്ട്. ഹമാസിന്റെ പിടിയിലുള്ള ബന്ദികളുടെ ബന്ധുക്കൾ വലിയ ആശങ്കയിലാണ്. ഉറ്റവർ ജീവിച്ചിരിപ്പുണ്ടോയെന്നുപോലും അറിയാത്ത അവസ്ഥ. ഹമാസിന്റെ പിടിയിലുളള ബന്ദികളെ മോചിപ്പിക്കാൻ കമാൻഡോ ഓപ്പറേഷന്റെ സാധ്യത തേടുന്നതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. 
 

Latest Videos
Follow Us:
Download App:
  • android
  • ios