സാമ്പത്തിക തകർച്ചയും അമേരിക്കൻ ഉപരോധവും നേരിട്ടിട്ടും, പ്രതിപക്ഷത്തെ അടിച്ചമർത്തിയും വിശ്വസ്തർക്ക് പ്രത്യേക അധികാരങ്ങൾ നൽകിയും നിക്കോളാസ് മദൂറോ വെനിസ്വേലയിൽ അധികാരം നിലനിർത്തുന്നു. മയക്കുമരുന്ന് കടത്താണ് അമേരിക്ക എതിർപ്പിന് കാരണമായി പറയുന്നത്.
അനധികൃത കുടിയേറ്റക്കാരും മയക്കുമരുന്നു കടത്തുമാണ് അമേരിക്കൻ പ്രസിഡന്‍റിന്‍റെ മദൂറോ വിരോധത്തിന് കാരണം. മദൂറോയുടെ വെനിസ്വേലയിൽ ജനാധിപത്യം വെറും വാക്കിൽ മാത്രം എന്നാണ് പൊതുപക്ഷം. ഹ്യൂഗോ ഷാവേസിന്‍റെ അനന്തരാവകാശിയായി ഭരണമേൽക്കുമ്പോൾ ഏകാധിപതിയായിരുന്നില്ല മദൂറോ. പക്ഷേ, എണ്ണവില ഇടിഞ്ഞ് ഭരണപ്രതിസന്ധി തുടങ്ങിയതോടെ മദൂറോയുടെ ഭരണരീതിയും മാറി. രാജ്യം വൻ സാമ്പത്തിക പ്രതിസന്ധിയിലായി. ലക്ഷക്കണക്കിന് വെനിസ്വേലക്കാർ രാജ്യംവിട്ട് പലായനം ചെയ്തു. പക്ഷേ, മദൂറോയെ താഴെയിറക്കാനുള്ള പ്രതിപക്ഷ നീക്കങ്ങളൊന്നും വിജയിച്ചില്ല. ജനപ്രീതിയില്ല, തകർന്ന സമ്പദരംഗം, സാമ്പത്തിക ഉപരോധം... എന്നിട്ടും മദൂറോ കൂടുതൽ കൂടുതൽ പിടിമുറുക്കി. അതിന് കാരണം, തന്ത്രപരമായ നീക്കങ്ങൾ തന്നെയാണെന്ന് വിദഗ്ധർ പറയുന്നു. പ്രതിപക്ഷ നേതാക്കളെ വേട്ടയാടി. നേതാക്കളെ തെരഞ്ഞെടുപ്പുകളിൽ നിന്ന് വിലക്കി, അല്ലെങ്കിൽ തടവിലാക്കി. സാധാരണക്കാരെ ചങ്ങലക്കിട്ട പോലെ നിയന്ത്രിച്ചു നിർത്തി. അതേസമയം ഒരു വിഭാഗത്തിന് സർവസ്വാതന്ത്ര്യവും നൽകി. സർക്കാർ ഉദ്യോഗസ്ഥരും ഉന്നത സൈനികോദ്യോഗസ്ഥരുമാണ് ഇന്ന് രാജ്യത്തെ വ്യവസായങ്ങൾ നിയന്ത്രിക്കുന്നത്, അനധികൃത എണ്ണക്കച്ചവടവും ധാതുക്കളുടെ വിൽപ്പനയും മയക്കുമരുന്നുമുൾപ്പടെ നടത്തി അവർ സമ്പന്നരാകുന്നു. അതിന്‍റെ വിലയാണ് മദുറോയോടുള്ള വിശ്വസ്തത.
പടിഞ്ഞാറിന്‍റെ ആരോപണം
സാധാരണ പൗരൻമാരുടെ സായുധ സംഘടനകളുണ്ട് രാജ്യത്ത്. 'Collectivos' എന്നറിയപ്പെടുന്ന ശൃംഖലകൾ. സർക്കാർ വിരുദ്ധരെ അടിച്ചമർത്തുകയാണ് അവരുടെ ജോലി. പകരം കിട്ടുന്നത് ജനങ്ങളെ കൊള്ളയടുക്കാനുള്ള സ്വാതന്ത്ര്യമാണ്. പോരാത്തതിന് കൊളംബിയൻ ഫാർക് ഗറില്ലകളുമുണ്ട്. അനധികൃത ഖനനവും മയക്കുമരുന്ന് കടത്തും ഇവരുടെ സ്വാതന്ത്ര്യമാണ്. ഇതൊക്കെയാണ് മദൂറോയുടെ വെനിസ്വേല എന്നാണ് പടിഞ്ഞാറിന്‍റെ ആരോപണം.
മദൂറോയുടെ വിശ്വസ്തരാണ്. എല്ലാ സ്ഥാപനങ്ങളിലും അവർക്കുള്ളത് പരിധികളില്ലാത്ത സ്വാതന്ത്ര്യവും. കരീബിയൻ കടലിൽ യുദ്ധകപ്പലുകൾ നിരന്നപ്പോൾ ട്രംപിനെ അനുനയിപ്പിക്കാനെന്ന മട്ടിൽ 'നോ വാർ നോ വാർ, ഒൺലി പീസ്' എന്നൊക്കെ മദൂറോ ഇംഗ്ലീഷിലും സ്പാനിഷിലുമായി പറയുന്ന വീഡിയോ പുറത്തുവന്നിരുന്നു. ചർച്ചകൾക്ക് തയ്യാറെന്ന് മദൂറോ വ്യക്തമായി തന്നെ അറിയിച്ചിരുന്നു അടുത്ത കാലത്ത്. പക്ഷേ, അമേരിക്കൻ പ്രസിഡന്‍റ് അത് കണക്കിലെടുത്തില്ല.

പക്ഷേ. കണക്കുകൾ
വെനിസ്വേലൻ അഭയാർത്ഥികളും മയക്കുമരുന്ന് കടത്തുകാരും അമേരിക്കൻ പ്രസിഡന്‍റിന് ചതുർത്ഥിയാണ്. പക്ഷേ, കണക്കുകളനുസരിച്ച് വെനിസ്വേലയിൽ നിന്ന് അമേരിക്കയിലെത്തുന്നത് വളരെക്കുറിച്ച് മയക്കുമരുന്നാണ്. കൊളംബിയയാണ് കൊക്കെയ്ന്‍റെ ഏറ്റവും വലിയ ഉത്പാദകർ. അത് അമേരിക്കയിലെത്തുന്നത് പസഫിക് വഴിയാണ്. കൊക്കെയ്നും ഹെറോയിനും മാത്രമല്ല, അതിന്‍റെയൊക്കെ 50 ഇരട്ടി ശക്തമായ ഫെന്‍റനൈൽ കൂടി വരുന്നുണ്ട് വെനിസ്വേലയിൽ നിന്ന് എന്നാണ് ട്രംപിന്‍റെ ആരോപണം. പക്ഷേ, ഫെന്‍റനൈലിന്‍റെ നിർമ്മാണാസ്ഥാനം മെക്സിക്കോയാണ്. അത് വരുന്നത് തെക്കൻ അതിർത്തി വഴിയും. ഇതൊക്കെ അമേരിക്കൻ ഡ്രഗ് എൻഫോഴ്സ്മെന്‍റ് അഡ്മിനിസ്ട്രേഷൻ വകുപ്പിന്‍റെ തന്നെ കണക്കുകളാണ്.
ലക്ഷ്യം എണ്ണ
വെനിസ്വേലയുടെ എണ്ണയാണ് അമേരിക്കയുടെ ലക്ഷ്യം എന്നാരോപിക്കുന്നു കൊളംബിയ. മദൂറോ സർക്കാരിന്‍റെ പ്രധാന വരുമാന മാർഗം എണ്ണയാണ്. 9 ലക്ഷം ബാരലാണ് ദിവസേനയുള്ള കയറ്റുമതി. ചൈനയാണ് കൂടുതലും വാങ്ങുന്നത്. പക്ഷേ, അമേരിക്കയുടെ കണക്കുകൂട്ടൽ അനുസരിച്ച് 9 ലക്ഷമെന്നത് വെനിസ്വേലയുടെ എണ്ണ സമ്പത്തിന്‍റെ കാൽഭാഗം പോലുമാവുന്നില്ല. ആഗോള ഉത്പാദനത്തിന്‍റെ 8 ശതമാനം മാത്രമാണ് വെനിസ്വേലയുടെ സംഭാവന. എന്നാൽ, ലോകത്തെത്തന്നെ ഏറ്റവും വലിയ എണ്ണസമ്പത്തുള്ളത് വെനിസ്വേലയ്ക്കാണെന്നാണ് അമേരിക്കയുടെ തന്നെ കണക്ക്. 303 ബില്യൻ ബാരലോളം വരുന്ന ശേഖരം. വെനിസ്വേലയുടെ എണ്ണയാണ് ട്രംപിന്‍റെ ലക്ഷ്യം.
ഉപരോധം
ഉത്പാദനം 2000 -ത്തോടെ ഇടിഞ്ഞിരുന്നു, ഹ്യൂഗോ ഷാവേസും മദൂറോയും ദേശീയ എണ്ണ കമ്പനിയിൽ പിടിമുറുക്കിയതാണ് കാരണമെന്നാണ് റിപ്പോർട്ട്. അമേരിക്ക എണ്ണക്കമ്പനിയായ ഷെവറോണ്‍ വെനിസ്വേലയിലുണ്ടെങ്കിലും പ്രവർത്തനം പരിമിതമാണ്. അമേരിക്കൻ ഉപരോധങ്ങൾ തന്നെ കാരണം. ഇനി ഉത്പാദനം കൂട്ടണമെന്ന് വിചാരിച്ചാലും എളുപ്പമല്ല. അടിസ്ഥാന സൗകര്യങ്ങൾ പരിമിതം. നിക്ഷേപമില്ല, മെഷീനുകൾക്ക് സ്പെയർപാർട്ട് പോലും കിട്ടില്ല. കാരണം അമേരിക്കയുടെ ഉപരോധം. അതേർപ്പെടുത്തിയത് ഒബാമ സർക്കാരാണ്. വെനിസ്വേലയുടെ മനുഷ്യാവകാശ ലംഘനങ്ങളുടെ പേരിൽ.
യുഎസിന് ചാകര
വെനിസ്വേല കിട്ടിയാൽ അമേരിക്കയ്ക്ക് ചാകരയാവുമെന്ന് റിപബ്ലിക്കൻ പാർട്ടി അംഗങ്ങൾ തന്നെ പറഞ്ഞിട്ടുണ്ട്. റിഗ്ഗുകളും പൈപ്പുകളും ഒക്കെ നന്നാക്കിയെടുത്ത് കഴിഞ്ഞാൽ എണ്ണയുത്പാദനം ഇരട്ടിയിലുമധികമാക്കാം. അമേരിക്കൻ എണ്ണക്കമ്പനിയായ ചെവറോണിന്, വെനിസ്വേലയിൽ ഖനനാനുമതി കിട്ടിയത് ജോ ബൈഡന്‍റെ കാലത്താണ്. ഉപരോധങ്ങൾ നിലവിലുള്ളപ്പോൾ തന്നെ. ഗൾഫ് രാജ്യങ്ങൾക്ക് വെനിസ്വേലൻ ക്രൂഡിനോട് അധികമായി താൽപര്യമുണ്ട്. വിലക്കുറവ്, പ്രോസസ് ചെയ്യാൻ എളുപ്പം, അങ്ങനെ രണ്ടാണ് കാരണങ്ങൾ. അതോടെ അമേരിക്കയിലും എണ്ണവില കുറയും.

മൺറോ സിദ്ധാന്തം
മൺറോ സിദ്ധാന്തം (Monroe Doctrine) ആണ് അമേരിക്ക നടപ്പാക്കുന്നതെന്ന് നിരീക്ഷകർ ചൂണ്ടിക്കാണിക്കുന്നു. 1823 -ൽ പ്രസിഡന്‍റ് ജെയിംസ് മൺറോയാണ് ഈ നയം രൂപീകരിച്ചത്. യൂറോപ്പിനെ തള്ളുക, പുതിയ സ്വാധീന മേഖലകൾ രൂപീകരിക്കുക. ലാറ്റിൻ അമേരിക്ക അതിലൊന്ന്. അതായത് സ്വന്തം ഗോളാർദ്ധത്തിലെ സ്വാധീനം. ദൂരെയുള്ള വിദേശ ശക്തികളെ, അതായത് യൂറോപ്പിനെ വേണ്ടെന്നുവയ്ക്കുക. അന്ന് പക്ഷേ, ബ്രിട്ടന്‍റെ സൈനിക ശക്തി ആവശ്യമായിരുന്നു അമേരിക്കയ്ക്ക്. അതുകൊണ്ട് ഈ നയരേഖ യൂറോപ്പ് വകവച്ചില്ല. അമേരിക്ക അത് നടപ്പാക്കിയുമില്ല. പക്ഷേ, ബ്രിട്ടന്‍റെ ഫോക്ലൻഡ് അധിനിവേശമോ ലാറ്റിൻ അമേരിക്കൻ കടന്നുകയറ്റങ്ങളോ എതിർക്കാതെ വിട്ട അമേരിക്ക, സ്വന്തം താൽപര്യങ്ങൾക്കും കടന്നുകയറ്റങ്ങൾക്കും എതിരെ യൂറോപ്പും മൗനം പാലിക്കണമെന്ന് ആവശ്യപ്പെട്ടു. മാത്രമല്ല. ആഭ്യന്തരയുദ്ധത്തിന് ശേഷം ഫ്രാൻസിനെതിരെ അമേരിക്ക തിരിഞ്ഞു. മെക്സിക്കോയിൽ നിന്ന് പിൻമാറണം എന്നാവശ്യപ്പെട്ടു. ഫ്രാൻസ് അതനുസരിച്ചു. മദൂറോയുടെ കാര്യത്തിലും ഈ നയമാണ് അമേരിക്ക ഇപ്പോൾ നടപ്പാക്കുന്നത്. തീയോഡോർ റൂസ് വെൽറ്റിന്‍റെ ഭേദഗതികൾ അടക്കം,
മാനുവൽ നൊറിയേഗ
ഇതുപോലെ മറ്റൊരു ലാറ്റിൻ അമേരിക്കൻ നേതാവിനെയും അമേരിക്ക പിടികൂടിയിട്ടുണ്ട്. പാനമ പ്രസിഡന്‍റ് മാനുവൽ നൊറിയേഗ. 1989 -ലായിരുന്നു അത്. നൊറിയേഗ അഭയം തേടിയ വത്തിക്കൻ എംബസിയിൽ നിന്ന് പുകച്ചു പുറത്ത് ചാടിച്ചാണ് അന്ന് അമേരക്ക് അദ്ദേഹത്തെ പിടികൂടിയത്. തുടർച്ചയായി പാട്ടുകൾ ഉറക്കെ വച്ചു സ്വസ്ഥത കെടുത്തി ചാടിച്ചു.
നൊറിയേഗ പക്ഷെ, ഒരുകാലത്ത് അമേരിക്കയുടെ വിശ്വസ്ഥൻ ആയിരുന്നു. ക്യൂബയുമായി ചർച്ച നടത്താൻ വരെ നൊറിയേഗയെ അമേരിക്ക നീയോഗിച്ചിട്ടുണ്ട്. രാജ്യത്തെ മയക്കുമരുന്ന് സംഘങ്ങളെ അമർച്ച ചെയ്യാൻ അമേരിക്കയിൽ നിന്ന് പണം പറ്റിയിരുന്നു നൊറിയേഗ, പക്ഷേ, രഹസ്യമായി അവരുമായി സഖ്യമുണ്ടാക്കി. ബിസിനസ്സിൽ പങ്കുകാരനായി. പോരാത്തതിന് അമേരിക്കയുടെ സൈനിക രഹസ്യങ്ങൾ വേറെ രാജ്യങ്ങൾക്ക് വിറ്റു. അതോടെ അമേരിക്ക സഹായങ്ങൾ നിർത്തി. പാനമയിലെ തെരെഞ്ഞടുപ്പിലും ഇടപ്പെട്ടതോടെ നൊറിയേഗയെ ഒഴിവാക്കാൻ അമേരിക്ക തീരുമാനിച്ചു. അങ്ങനെയാണ് നൊറിയേഗയും ഭാര്യയും വത്തിക്കാൻ എംബസിയിൽ അഭയം തേടിയത്. നൊറിയേഗയെ പിടികൂടി അമേരിക്കയിൽ എത്തിച്ചു, ഫ്രാൻസിലും പാനമയിലുമായി വിചാരണ നടന്നു. നൊറിയേഗ മരിക്കുന്നതും ശിക്ഷാ കാലത്ത് തന്നെയാണ്, 2017 -ൽ. മദൂറോയുടെ വിധി എന്താകുമെന്ന് ഉറപ്പില്ല.


