പ്രധാന വടക്കന്‍ ഇസ്രായേലി നഗരങ്ങളിൽ മുന്നറിയിപ്പ് സൈറണുകൾ മുഴങ്ങി. ഇറാന്‍റെ ബാലിസ്റ്റിക് മിസൈൽ എത്തിയത് കൊണ്ടാണെന്ന് ഇസ്രായേലി വ്യോമസേന സ്ഥിരീകരിച്ചു.

ജറുസലേം: ഇറാനും ഇസ്രയേലും തമ്മിലുള്ള സംഘർഷം കടുക്കുന്നു. ഇറാൻ തലസ്ഥാനമായ ടെഹ്റാനിൽ കനത്ത നാശം വിതച്ച് ഇസ്രയേലിന്റെ വ്യോമാക്രമണം തുടരുകയാണ്. അതിനിടെ, ഇറാനിൽ നിന്ന് ഇസ്രായേലിലേക്ക് കൂടുതൽ മിസൈലുകൾ എത്തിയെന്നും റിപ്പോര്‍ട്ടുണ്ട്. പ്രധാന വടക്കന്‍ ഇസ്രായേലി നഗരങ്ങളിൽ മുന്നറിയിപ്പ് സൈറണുകൾ മുഴങ്ങി. ടെൽ അവീവിൽ, ഹൈഫ നഗരങ്ങളെ ലക്ഷ്യമിട്ട് ഇറാന്‍റെ ബാലിസ്റ്റിക് മിസൈൽ എത്തിയത് കൊണ്ടാണെന്ന് ഇസ്രായേലി വ്യോമസേന സ്ഥിരീകരിച്ചു. എന്നാല്‍ ഇറാന്‍റെ മിസൈലുകള്‍ക്ക് യാതൊരു നാശനഷ്ടങ്ങളും ഉണ്ടാക്കാന്‍ കഴിഞ്ഞില്ലെന്നാണ് ഇസ്രായേല്‍ അവകാശപ്പെടുന്നത്. വ്യോമ പ്രതിരോധ സംവിധാനം ഉപയോഗിച്ച് ഭൂരിപക്ഷം മിസൈലുകളും അന്തരീക്ഷത്തില്‍ വെച്ച് തന്നെ നശിപ്പിച്ച് കളഞ്ഞു എന്നാണ് ഇസ്രായേല്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. എന്നാല്‍ ജറുസലേമില്‍ അടക്കം സ്ഫോടനങ്ങള്‍ ഉണ്ടായതായും റിപ്പോര്‍ട്ടുണ്ട്.

ഇറാൻ തലസ്ഥാനമായ ടെഹ്റാനിൽ രാത്രി മുഴുവൻ ഇസ്രയേലിന്റെ വ്യോമാക്രമണം ശക്തമായിരുന്നു.ദേശീയ ടെലിവിഷൻ ആസ്ഥാനം ആക്രമിച്ചതിന് പിന്നാലെ നിരവധി തന്ത്രപ്രധാന മേഖലകളിൽ ആക്രമണം നടത്തി. 45 പേർ കൊല്ലപ്പെട്ടെന്നും നൂറിലേറെ പേർക്ക് പരിക്ക് ഉണ്ടെന്നും ഇറാന്റെ ആരോഗ്യ വിഭാഗം അറിയിച്ചു. ഇറാനിലെ പുതിയ സൈനിക മേധാവി അലി ഷാദ്മാനിയെ ഇസ്രയേൽ വധിച്ചെന്നും റിപ്പോര്‍ട്ട്. ഇറാന്റെ മിസൈൽ ശേഖരത്തിന്റെ മൂന്നിലൊന്നും തകർത്തെന്നാണ് ഇസ്രായേൽ സൈന്യം അവകാശപ്പെടുന്നത്. ഇസ്രയേലി നഗരങ്ങളിലേക്ക് ഇറാന്റെ മിസൈൽ ആക്രമണം മുൻ ദിവസങ്ങളെ അപേക്ഷിച്ച് കുറവായിരുന്നുവെന്ന് ഇസ്രായേൽ പറയുന്നു. ഹൈഫയും ടെൽ അവീവും അടക്കം നഗരങ്ങളെ ഉന്നമിട്ട് മിസൈലുകൾ എത്തിയെങ്കിലും തകർത്തു എന്നും ഇസ്രയേൽ സൈന്യം അറിയിച്ചു. അതേസമയം, ഇറാന്റെ പരമോന്നത നേതാവ് അയത്തൊള്ള അലി ഖമനേയിയെ വധിക്കാനുള്ള സാധ്യത തള്ളാനാവില്ലെന്ന് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു പ്രതികരിച്ചു.

ഇസ്രയേലിൽ നിന്നും ഇന്ത്യക്കാരെ ഒഴിപ്പിക്കും

സംഘർഷം രൂക്ഷമായതോടെ ഇസ്രയേലിൽ നിന്നും ഇന്ത്യക്കാരെയും ഒഴിപ്പിക്കും. ടെൽ അവീവിൽ നിന്ന് ജോർദാൻ, ഈജിപ്ത് അതിർത്തി വഴി ഇന്ത്യക്കാരെ ഒഴിപ്പിക്കാനുള്ള ഇന്ത്യൻ എംബസി നീക്കം തുടങ്ങിയിട്ടുണ്ട്. ഇരുപത്തി അയ്യായിരത്തോളം പേരെയെങ്കിലും ഒഴിപ്പിക്കേണ്ടി വരുമെന്നാണ് ഇന്ത്യയുടെ കണക്കുകൂട്ടൽ. ആശങ്കയിൽ കഴിയുന്ന ഇന്ത്യൻ സമൂഹവുമായി എംബസി ഉദ്യോഗസ്ഥർ സംസാരിച്ചു. ഇറാനിലും ഒഴിപ്പിക്കൽ നടപടികൾ തുടരുകയാണ്. ഇറാനിൽ നിന്നും ഇരുന്നൂറോളം വിദ്യാർത്ഥികൾ അർമീനിയ വഴി അതിർത്തി കടന്നു. വിദ്യാർത്ഥികളുടെ ഒഴിപ്പിക്കലിൽ സർവകലാശാലകളുടെ പിന്തുണയും ഇന്ത്യ തേടിയിട്ടുണ്ട്. ഇന്ത്യക്ക് എല്ലാ പിന്തുണയും നൽകുമെന്ന് ഇസ്രയേൽ പ്രതിരോധ മന്ത്രാലയ വക്താവ് ജനറൽ എഫി ഡെഫ്രിൻ പറഞ്ഞു. ഇസ്രായേലിലെ പൗരന്മാരോട് രാജ്യം വിടാൻ ചൈനയും നിർദേശിച്ചിട്ടുണ്ട്.

YouTube video player