Asianet News MalayalamAsianet News Malayalam

ഇസ്രയേൽ - പലസ്തീൻ സംഘർഷം വീണ്ടും ശക്തമാകുന്നു; ഇരുപക്ഷത്തുമായി 16 മരണം, നിരവധി പേർക്ക് പരിക്ക്

ജെറുസലേമിലെ ജൂത ആരാധനാലയത്തിന് നേരെ ആക്രമണം നടത്തിയാണ് പലസ്തീൻ തീവ്രവാദ ഗ്രൂപ്പുകൾ തിരിച്ചടിച്ചത്. സിനഗോഗിൽ സന്ധ്യ പ്രാർത്ഥന കഴിഞ്ഞിറങ്ങിയ ഏഴു നിരപരാധികൾ ആണ് പിടഞ്ഞുമരിച്ചത്

Israel Palestine clash 16 killed many injured
Author
First Published Jan 29, 2023, 9:37 AM IST

തിരുവനന്തപുരം: ഒരു ഇടവേളയ്ക്കുശേഷം പശ്ചിമേഷ്യ വീണ്ടും സംഘർഷഭരിതമായി. വെസ്റ്റ് ബാങ്കിൽ ഇസ്രായേൽ സേന നടത്തിയ ആക്രമണമാണ് സ്ഥിതിഗതികൾ വീണ്ടും ഏറ്റുമുട്ടലിൽ എത്തിച്ചത്. വെസ്റ്റ് ബാങ്കിലെ ജെനിൻ അഭയാർത്ഥി ക്യാമ്പിലായിരുന്നു ഇസ്രയേൽ സേനയുടെ ആക്രമണം. 60 വയസുകാരിയടക്കം 9 പേരാണ് കൊല്ലപ്പെട്ടത്. പരിക്കേറ്റവരുടെ കണക്ക് അതിലുമേറെ. ഭീകരാക്രണത്തിന് പദ്ധതിയിട്ട സംഘത്തെയാണ് കൊലപ്പെടുത്തിയതെന്ന് ഇസ്രായേൽ വാദിക്കുന്നു. എന്നാൽ നിരപരിധികളെയടക്കം വെടിവെച്ചു കൊല്ലുകയായിരുന്നുവെന്ന് പലസ്തീൻ സംഘടനകൾ പറയുന്നു.

ജെറുസലേമിലെ ജൂത ആരാധനാലയത്തിന് നേരെ ആക്രമണം നടത്തിയാണ് പലസ്തീൻ തീവ്രവാദ ഗ്രൂപ്പുകൾ തിരിച്ചടിച്ചത്. സിനഗോഗിൽ സന്ധ്യ പ്രാർത്ഥന കഴിഞ്ഞിറങ്ങിയ ഏഴു നിരപരാധികൾ ആണ് പിടഞ്ഞുമരിച്ചത്. പത്ത് പേര്‍ക്ക് പരിക്കേറ്റു. അക്രമിയെ ഇസ്രായേൽ പൊലീസ് വെടിവെച്ചുകൊന്നു. തിരിച്ചടിയായി ഗാസയിൽ ഹമാസ് കേന്ദ്രങ്ങളിൽ ഇസ്രായേൽ വ്യോമാക്രമണം തുടങ്ങിക്കഴിഞ്ഞു. 

കാലങ്ങളായി തുടരുന്ന ഇസ്രായേൽ പലസ്തീൻ സംഘർഷത്തിന് ഒരു പരിഹാരം കണ്ടെത്താനുള്ള ശ്രമം മുൻപ് പലപ്പോഴും നടന്നെങ്കിലും ഒന്നും വിജയിച്ചിട്ടില്ല. കൂടുതൽ പലസ്തീൻ മേഖലകളിലേക്ക് അധിനിവേശം വ്യാപിപ്പിക്കുന്ന ഇസ്രായേൽ, സമാധാന ശ്രമങ്ങളോട് മുഖംതിരിച്ചു നിൽക്കുന്ന പലസ്തീൻ തീവ്രവാദ ഗ്രൂപ്പുകൾ, കാര്യമായ സ്വാധീനം ഒന്നും ഇല്ലാത്ത ഔദ്യോഗിക പലസ്തീൻ ഭരണകൂടം, അങ്ങനെ പ്രതിസന്ധികൾ പലതാണ്. 

കഴിഞ്ഞ വർഷം മാത്രം ഇസ്രായേൽ ആക്രമണങ്ങളിൽ 200 പലസ്തീനികൾ കൊല്ലപ്പെട്ടു. ഇപ്പോൾ ബെഞ്ചമിൻ നെതന്യാഹു സർക്കാർ ഇസ്രായേലിൽ വലിയ വിമർശനങ്ങൾ നേരിടുമ്പോഴാണ് വീണ്ടും രക്തച്ചൊരിച്ചിൽ ഉണ്ടായിരിക്കുന്നത് എന്നതും ശ്രദ്ധേയം. ഐക്യരാഷ്ട്രസഭ അടക്കം ലോകസംഘടനകൾ എല്ലാം പരാജയപ്പെട്ട പശ്ചിമേഷ്യയിൽ ഇനി ആരാണ് സമാധാനം കൊണ്ടുവരിക എന്ന ചോദ്യമാണ് ഉയരുന്നത്.

Follow Us:
Download App:
  • android
  • ios