Asianet News MalayalamAsianet News Malayalam

ഇസ്രായേല്‍-പലസ്തീന്‍ സംഘര്‍ഷം; മാധ്യമങ്ങളുടെ കെട്ടിടവും തകര്‍ത്തു, ഗാസയില്‍ ഇതുവരെ കൊല്ലപ്പെട്ടത് 137 പേര്‍

വാര്‍ത്താ ഏജന്‍സിയായ അസോസിയേറ്റ് പ്രസ്സും അല്‍ജസറീറ ചാനലും പ്രവര്‍ത്തിക്കുന്ന കെട്ടിടമാണ് തകര്‍ത്തത്. 

israel palestine issue media office also destroyed
Author
Gaza, First Published May 15, 2021, 11:42 PM IST

​ഗാസ: ഇസ്രായേൽ പലസ്തീൻ സംഘർഷം കൂടുതൽ മേഖലകളിലേക്ക് വ്യാപിക്കുന്നു. ഗാസയിൽ പലസ്തീൻ അഭയാർത്ഥി ക്യാമ്പിലെ അന്താരാഷ്ട്ര മാധ്യമങ്ങളുടെ ഓഫീസ് കെട്ടിടം ഇസ്രയേൽ സൈന്യം തകർത്തു. ഒഴിയാന്‍ മുന്നറിയിപ്പ് നല്‍കിയതിന് ശേഷമായിരുന്നു അന്താരാഷ്ട്ര മാധ്യമങ്ങളുടെ ഓഫീസ് പ്രവര്‍ത്തിക്കുന്ന കെട്ടിടത്തിന് നേരെ ഇസ്രായേലിന്‍റെ അക്രമണം. വാര്‍ത്താ ഏജന്‍സിയായ അസോസിയേറ്റ് പ്രസ്സും അല്‍ജസറീറ ചാനലും പ്രവര്‍ത്തിക്കുന്ന കെട്ടിടമാണ് തകര്‍ത്തത്. ഹമാസ് അനുകൂലികള്‍ ഇവിടെ തങ്ങിയിരുന്നെന്നാണ് ഇസ്രായേല്‍ കാരണമായി പറയുന്നത്. 36 കുട്ടികൾ അടക്കം  137 പേരാണ് ഇതുവരെ ഗാസയിൽ കൊല്ലപ്പെട്ടത്.

വീടും അഭയസ്ഥാനവും നഷ്ടപ്പെട്ടവര്‍ക്കായി ഗാസയില്‍ പ്രവര്‍ത്തിക്കുന്ന യു എന്‍ അഭയാര്‍ത്ഥി ക്യാമ്പിനു നേര്‍ക്ക് ഇസ്രായേല്‍ സൈന്യം നടത്തിയ വ്യോമാക്രമണത്തില്‍ എട്ടു കുട്ടികളും രണ്ടു സ്ത്രീകളും കൊല്ലപ്പെട്ടതായി ബിബിസി റിപ്പോര്‍ട്ട് ചെയ്തു. അഞ്ച് മാസം പ്രായമുള്ള കുട്ടി അടക്കം 15 പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. അതിനിടെ, ഹമാസ് മധ്യ ഇസ്രായേലിലേക്ക് നടത്തിയ റോക്കറ്റ് ആക്രമണത്തില്‍ ടെല്‍ അവീവിനടുത്തുള്ള റമത് ഗനിലെ അമ്പതു വയസ്സുകാരന്‍ കൊല്ലപ്പെട്ടതായി ഇസ്രായേലി പത്രം ഹാരെറ്റ്‌സ് റിപ്പോര്‍ട്ട് ചെയ്തു.  

ഗാസയിലെ ശഅതി അഭയാര്‍ത്ഥി ക്യാമ്പിനു നേര്‍ക്കാണ് ഇസ്രായേല്‍ യുദ്ധവിമാനങ്ങള്‍ ആക്രമണം നടത്തിയത്. ഇവിടെയുള്ള ഒരു കുടുംബത്തിലെ അംഗങ്ങളാണ് കൊല്ലപ്പെട്ടവരെല്ലാം.  നാലു നിലയുളള കെട്ടിടം ആക്രമണത്തില്‍ തവിടുപൊടിയായതായി അല്‍ ജസീറ ചാനല്‍ റിപ്പോര്‍ട്ട് ചെയ്തു. ക്യാമ്പിലുള്ള വീട് സന്ദര്‍ശിക്കാനെത്തിയ ബന്ധുക്കളും കൊല്ലപ്പെട്ടവരില്‍ ഉള്‍പ്പെടുന്നു. കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ ഇനിയും മൃതദേഹങ്ങള്‍ കിടക്കുന്നുണ്ടാവുമെന്നാണ് സംശയം. രക്ഷാപ്രവര്‍ത്തകര്‍ ഇവിടെ തിരച്ചില്‍ നടത്തുന്നുണ്ട്. 
 

Follow Us:
Download App:
  • android
  • ios