Asianet News MalayalamAsianet News Malayalam

ഗാസ: ആക്രമണം തുടരുന്നു; യു എന്‍ പ്രമേയത്തെ വെട്ടിയതിനു പിന്നാലെ വെടിനിര്‍ത്തല്‍ പ്രസ്താവനയുമായി അമേരിക്ക

ഇസ്രായേല്‍ അക്രമം അവസാനിപ്പിച്ച് നയതന്ത്ര പരിഹാരം തേടണമെന്ന് ആവശ്യപ്പെടുന്ന ഐക്യരാഷ്ട്ര സഭയുടെ  സുരക്ഷാ സമിതിയുടെ പ്രമേയത്തിന് വീണ്ടും തടയിട്ട അമേരിക്ക അതേസമയത്തുതന്നെയാണ് സമാധാന ശ്രമങ്ങള്‍ ഉയര്‍ത്തിക്കാട്ടി രംഗത്തുവന്നതെന്ന് ബിബിസി റിപ്പോര്‍ട്ട് ചെയ്തു.

Israel raids gaza again as US support ceasefire
Author
Gaza, First Published May 18, 2021, 1:49 PM IST

ഗാസ/ജറൂസലം/ ന്യൂയോര്‍ക്ക്: എട്ടു ദിവസത്തെ വ്യോമാക്രമണങ്ങള്‍ കനത്ത നാശം വിതച്ച ഗാസയില്‍ ഇസ്രായേലി ആക്രമണങ്ങള്‍ തുടരുന്നതിനിടെ സമാധാന ശ്രമങ്ങള്‍ക്ക് പിന്തുണ പ്രഖ്യാപിച്ച് അമേരിക്കന്‍ രംഗപ്രവേശം. ഇസ്രായേല്‍ അക്രമം അവസാനിപ്പിച്ച് നയതന്ത്ര പരിഹാരം തേടണമെന്ന് ആവശ്യപ്പെടുന്ന ഐക്യരാഷ്ട്ര സഭയുടെ  സുരക്ഷാ സമിതിയുടെ പ്രമേയത്തിന് വീണ്ടും തടയിട്ട അമേരിക്ക അതേസമയത്തുതന്നെയാണ് സമാധാന ശ്രമങ്ങള്‍ ഉയര്‍ത്തിക്കാട്ടി രംഗത്തുവന്നതെന്ന് ബിബിസി റിപ്പോര്‍ട്ട് ചെയ്തു. ഇസ്രായേല്‍ പ്രധാനമന്ത്രി നെതന്യാഹുവിനെ ഫോണില്‍ വിളിച്ച്, തങ്ങള്‍ ഈജിപ്ത് അടക്കമുള്ള രാഷ്ട്രങ്ങളുമായി ചേര്‍ന്ന് വെടിനിര്‍ത്തല്‍ ശ്രമങ്ങള്‍ നടത്തിവരികയാണെന്ന് യു എസ് പ്രസിഡന്റ് ജോ ബൈഡന്‍ അറിയിക്കുകയായിരുന്നു. 

അതിനിടെ, ഗാസയ്ക്കു പുറമേ ഇസ്രായേല്‍ പുതിയ യുദ്ധമുഖം കൂടി തുറന്നതായി അല്‍ ജസീറ ചാനല്‍ റിപ്പോര്‍ട്ട് ചെയ്തു. അയല്‍രാജ്യമായ ലബനോനു നേരെ ഇസ്രായേല്‍ ഷെല്‍ ആക്രമണം നടത്തിയതായാണ് റിപ്പോര്‍ട്ട്. തെക്കന്‍ ലബനോനില്‍നിന്ന് ആറു റോക്കറ്റ് ആക്രമണങ്ങള്‍ തങ്ങള്‍ക്കു നേര്‍ക്കുണ്ടായെന്നും അവ പരാജയപ്പെടുത്തിയെന്നും ഇസ്രായേല്‍ അറിയിച്ചു. ഇതിനു തിരിച്ചടിയായാണ് ലബനോനു നേര്‍ക്ക് ഷെല്‍ ആക്രമണം നടത്തിയതെന്നും ഇസ്രായേല്‍ സൈന്യം പറഞ്ഞു. എന്നാല്‍, ഇസ്രായേല്‍ അനാവശ്യമായി പ്രകോപനം സൃഷ്ടിക്കുകയാണ് എന്ന് യു എന്‍ സെക്രട്ടറി ജനറലുമായി നടത്തിയ സംഭാഷണത്തില്‍ ലബനോനിലെ അബ്ദുല്ലാ രണ്ടാമന്‍ രാജാവ് അറിയിച്ചു. അതിനിടെ, തെക്കന്‍ ലബനോനില്‍ ലബനീസ് സൈന്യം നടത്തിയ തെരച്ചിലില്‍ റോക്കറ്റ് ആക്രമണ ശ്രമം പരാജയപ്പെടുത്തിയതായി റിപ്പോര്‍ട്ടുണ്ട്. 

എട്ടു ദിവസം നീണ്ട ഇസ്രായേലി ആക്രമണങ്ങളില്‍ 62 കുട്ടികളും 38 സ്ത്രീകളും അടക്കം 212 ഫലസ്തീനികളാണ് ഇതുവരെ കൊല്ലപ്പെട്ടത്. 1500 പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റതായി ഗാസയിലെ ആരോഗ്യ വിഭാഗം അറിയിച്ചു. ഇസ്രായേലില്‍ ഹമാസ് നടത്തിയ ആക്രമണങ്ങളില്‍ രണ്ട് കുട്ടികള്‍ അടക്കം 10 പേര്‍ കൊല്ലപ്പെട്ടതായി സൈനിക വൃത്തങ്ങള്‍ അറിയിച്ചു. 300 പേര്‍ക്ക് പരിക്കേറ്റതായും ഐ ഡി എഫ് വൃത്തങ്ങള്‍ അറിയിച്ചു. ഗാസയില്‍ നൂറു കണക്കിന് വീടുകളും കെട്ടിടങ്ങളും അഭയാര്‍ത്ഥി ക്യാമ്പു പോലും ആക്രമിക്കപ്പെട്ടതായും തകര്‍ക്കപ്പെട്ടതായും ഹമാസ് വൃത്തങ്ങള്‍ പറയുന്നു. എല്ലാ ശക്തിയും ഉപയോഗിച്ച് ആക്രമണം തുടരുമെന്ന് പ്രഖ്യാപിച്ച ഇസ്രായേല്‍ ഇന്നും ഗാസയില്‍ നിരവധി റോക്കറ്റ് ആക്രമണങ്ങള്‍ നടത്തി. ഗാസയില്‍നിന്ന് ഇസ്രായേലിലേക്ക് റോക്കറ്റ് ആക്രമണങ്ങള്‍ നടന്നതായി ഇസ്രായേല്‍ സൈന്യം അറിയിച്ചു. 

അക്രമം അടിയന്തിരമായി അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെടുന്ന യു എന്‍ പ്രമേയത്തിന് അമേരിക്ക തടയിട്ടിരുന്നു. യു എസ് പ്രസിഡന്റ് ജോ ബൈഡന്റെ കഴിഞ്ഞ ദിവസത്തെ ഇസ്രായേല്‍ അനുകൂല പ്രസ്താവനക്ക് പിന്നാലെയാണ്, യു എന്‍ ശ്രമം അമേരിക്ക തടസ്സപ്പെടുത്തിയത്. അതേ സമയത്തു തന്നെയാണ് വൈറ്റ് ഹൗസ് ജോ ബൈഡന്റെ പുതിയ പ്രസ്താവന പുറത്തുവിട്ടത്. ഇസ്രായേല്‍ പ്രധാനമന്ത്രിയെ ബൈഡന്‍ ഫോണില്‍ വിളിച്ച് സംസാരിച്ച കാര്യമാണ് പ്രസ്താവനയില്‍ പറയുന്നത്.

''ഗാസയിലെ ഹമാസിനും മറ്റ് ഭീകരവാദ സംഘങ്ങള്‍ക്കുമെതിരെ ഇസ്രായേല്‍ നടത്തുന്ന സൈനികനടപടിയുടെ പുരോഗതി ഇരു നേതാക്കളും ചര്‍ച്ച ചെയ്തു. നിരപരാധികളായ സിവിലിയന്‍മാരുടെ സുരക്ഷ ഉറപ്പാക്കുന്നതിന് എല്ലാ ശ്രമങ്ങളും നടത്താന്‍ ബൈഡന്‍ ഇസ്രായേലിനെ പ്രേരിപ്പിച്ചു. ഈജിപ്ത് അടക്കമുള്ള പങ്കാളികളുമായി ചേര്‍ന്ന് പ്രശ്നങ്ങള്‍ക്ക് വിരാമം കാണാനുള്ള യു എസ് ശ്രമങ്ങളെക്കുറിച്ച്  ചര്‍ച്ച ചെയ്ത ബൈഡന്‍ വെടിനിര്‍ത്തല്‍ ശ്രമങ്ങള്‍ക്ക് പിന്തുണ അറിയിച്ചു.'' -ഇതാണ് വൈറ്റ് ഹൗസ് പുറപ്പെടുവിച്ച പ്രസ്താവന.

അമേരിക്ക ഇസ്രായേലിനെ പിന്തുണയ്ക്കുമ്പോഴും, ലോകമാകെ ഗാസയില്‍ നടത്തുന്ന സിവിലിയന്‍ കൂട്ടക്കുരുതിക്കെതിരെ പ്രതിഷേധം ഉയരുന്നുണ്ട്. സിവിലിയന്‍മാരുടെ കൊലപാതകങ്ങളും കെട്ടിടങ്ങളും മറ്റും തകര്‍ക്കുന്ന നടപടിയും അവസാനിപ്പിക്കണമെന്ന് അമേരിക്ക ഒഴികെയുള്ള ലോകനേതാക്കളും മനുഷ്യാവകാശ സംഘടനകളും ആവശ്യപ്പെട്ടിട്ടുണ്ട്. പത്തു ലക്ഷം പേര്‍ അധിവസിക്കുന്ന ഗാസാ ചീന്ത് ഇതിനകം തന്നെ തകര്‍ന്ന അവസ്ഥയിലാണെന്നും ഇവിടെ ബാക്കിയുള്ള കെട്ടിടങ്ങള്‍ കൂടി തകര്‍ക്കുന്നതില്‍ ഉല്‍ക്കണ്ഠ ഉണ്ടെന്നും ഐക്യരാഷ്ട്ര സഭ പ്രസ്താവനയില്‍ അറിയിച്ചു. കഴിഞ്ഞ ദിവസങ്ങളില്‍ 10 സ്‌കൂളുകളും നാലു ആശുപത്രികളും ഭാഗികമായോ പൂര്‍ണ്ണമായോ തകര്‍ത്തതായി യു എന്‍ പ്രസ്താവനയില്‍ പറയുന്നു. ഇന്ധന ക്ഷാമം കാരണം ഗാസയിലെ അവശ്യ സേവനങ്ങള്‍ മുടങ്ങുന്ന അവസ്ഥയാണെന്നും പ്രസ്താവനയില്‍ പറയുന്നു.

ആരോഗ്യ സംവിധാനങ്ങള്‍ക്കു നേരെയുള്ള ആക്രമണങ്ങള്‍ അടിയന്തിരമായി അവസാനിപ്പിക്കണമെന്ന് ലോകാരോഗ്യ സംഘടനയുടെ എമര്‍ജന്‍സീസ് അധ്യക്ഷന്‍ ഡോ. മൈക്ക് റ്യാന്‍ ആവശ്യപ്പെട്ടു. 

അതിനിടെ, പ്രശ്‌നം ചര്‍ച്ച ചെയ്യുന്നതിന് യു എന്‍ സുരക്ഷാ സമിതി ഇന്ന് അടിയന്തിര യോഗം ചേരാനിരിക്കുകയാണ്. ഗാസയില്‍ സിവിലിയന്‍മാര്‍ക്ക് എതിരെ നടത്തുന്ന ആക്രമണങ്ങള്‍ അവസാനിപ്പിച്ച് ഇസ്രായേല്‍ നയതന്ത്ര പരിഹാരം തേടണമെന്ന് ആവശ്യപ്പെട്ട് ഐക്യരാഷ്ട്ര സുരക്ഷാ സമിതി പ്രമേയം അവതരിപ്പിക്കാന്‍ ശ്രമം നടത്തിയിരുന്നു. എന്നാല്‍, ഇസ്രായേലിന്റെ സഖ്യകക്ഷി എന്ന നിലയില്‍ അമേരിക്ക ഇടപെടുകയും പ്രമേയം അവതരിപ്പിക്കുന്നതിന് തടയിടുകയും ചെയ്തു.  

Follow Us:
Download App:
  • android
  • ios